Home Internationalഇന്ദിരാഗാന്ധിയുടെ കൊലയാളി ബിയാന്ത് സിംഗിന്റെ അനന്തരവൻ ന്യൂസിലൻഡിൽ മയക്കുമരുന്ന് കേസിൽ പിടിയിൽ; ലഭിച്ചത് 22 വർഷം തടവ്

ഇന്ദിരാഗാന്ധിയുടെ കൊലയാളി ബിയാന്ത് സിംഗിന്റെ അനന്തരവൻ ന്യൂസിലൻഡിൽ മയക്കുമരുന്ന് കേസിൽ പിടിയിൽ; ലഭിച്ചത് 22 വർഷം തടവ്

by news_desk
0 comments

ഓക്ലാൻഡ്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ച അംഗരക്ഷകരിലൊരാളായ ബിയാന്ത് സിംഗിന്റെ സഹോദരപുത്രൻ ബൽതേജ് സിംഗ് ന്യൂസിലൻഡിൽ വൻ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായി. ന്യൂസിലൻഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് റാക്കറ്റിന്റെ തലവനായാണ് ഇയാൾ അറിയപ്പെടുന്നത്. ഏകദേശം 2000 കോടിയിലധികം രൂപ (245 ദശലക്ഷം ഡോളർ) വിലമതിക്കുന്ന 615 കിലോഗ്രാം മെത്താംഫെറ്റമിൻ കടത്തിയ കേസിൽ ന്യൂസിലൻഡ് കോടതി ഇയാൾക്ക് 22 വർഷം കഠിനതടവ് വിധിച്ചു.

പഞ്ചാബിലെ രൂപ്‌നഗർ സ്വദേശിയായ ബൽതേജ് സിംഗ് വർഷങ്ങൾക്ക് മുമ്പ് സ്റ്റുഡന്റ് വിസയിലാണ് ന്യൂസിലൻഡിലേക്ക് കുടിയേറിയത്. ‘ഓപ്പറേഷൻ വൈറ്റ് നൈറ്റ്’ എന്ന പേരിൽ പോലീസ് നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് ബൽതേജും സംഘവും വലയിലായത്. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകൾക്കുള്ളിലും പ്രഷർ കുക്കറുകൾക്കുള്ളിലും ദ്രാവക രൂപത്തിൽ ഒളിപ്പിച്ചാണ് ഇവർ മയക്കുമരുന്ന് കടത്തിയിരുന്നത്. ഓക്ലാൻഡ് വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

തന്റെ പേരുവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നത് തടയണമെന്ന് ബൽതേജ് സിംഗ് കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും മയക്കുമരുന്ന് ഇറക്കുമതിയിലും വിതരണത്തിലും ഇയാൾക്കുള്ള പങ്ക് കണക്കിലെടുത്ത് കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ബിയാന്ത് സിംഗിന്റെ മകനും പഞ്ചാബിലെ ഫരീദ്‌കോട്ട് മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സരബ്ജിത് സിംഗ് ഖൽസയുടെ അടുത്ത ബന്ധുകൂടിയാണ് പിടിയിലായ ബൽതേജ് സിംഗ്. അന്താരാഷ്ട്ര ലഹരി മാഫിയയുമായുള്ള ഇയാളുടെ ബന്ധവും കുടുംബ പശ്ചാത്തലവും ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

You may also like