Home National‘കോൺഗ്രസ് എംപിമാർ പലതും പദ്ധതിയിട്ടു, മോദിയോട് സഭയിലേക്ക് വരേണ്ടെന്ന് പറഞ്ഞത് താൻ’; സ്പീക്കർ ഓം ബിർള.

‘കോൺഗ്രസ് എംപിമാർ പലതും പദ്ധതിയിട്ടു, മോദിയോട് സഭയിലേക്ക് വരേണ്ടെന്ന് പറഞ്ഞത് താൻ’; സ്പീക്കർ ഓം ബിർള.

by news_desk
0 comments

ന്യൂ ഡൽഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകാത്തത് തന്റെ നിർദേശം മൂലമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. കോൺഗ്രസ് എംപിമാർ പ്രതിഷേധിക്കാൻ സാധ്യതയുണ്ട് എന്ന വിവരം ലഭിച്ചതിനാൽ പ്രധാനമന്ത്രിയോട് താൻ വരേണ്ടെന്ന് പറഞ്ഞതായും അതിനാലാണ് മറുപടി പ്രസംഗം ഇല്ലാതെ പോയത് എന്നും ഓം ബിർള പറഞ്ഞു. പിന്നാലെ സഭ പിരിയുകയായിരുന്നു.

ലോക്സഭയിൽ കഴിഞ്ഞ ദിവസം അഞ്ച് മണിക്കായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം നിശ്ചയിച്ചിരുന്നത്. എന്നാൽ നരവനെയുടെ പുസ്തകം ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധം മൂലം നന്ദിപ്രമേയം പാസാക്കി സഭ പിരിയുകയായിരുന്നു. കോൺഗ്രസ് വനിതാ എംപിമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുൻപിൽ പ്രതിഷേധിച്ചിരുന്നു. ‘ശരിയെന്ന് തോന്നുന്നത് ചെയ്യുക’ എന്ന ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഇത് താൻ നേരത്തെ അറിഞ്ഞുവെന്നും അതിനാലാണ് മോദിയോട് താൻ വരേണ്ടെന്ന് പറഞ്ഞതെന്നുമായിരുന്നു ഓം ബിർളയുടെ വിശദീകരണം. പ്രധാനമന്ത്രിയുടെ പ്രസംഗം തടഞ്ഞിരുന്നുവെങ്കിൽ അത് ജനാധിപത്യത്തിന് നിരക്കാത്ത കാര്യമായേനെ എന്നും അതിനാലാണ് താൻ അത്തരത്തിൽ നിർദേശിച്ചത് എന്നും ഓം ബിർള കൂട്ടിച്ചേർത്തു.

അതേസമയം, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്ത വിഷയം രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിച്ചു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ ബഹളം വെച്ചു. എന്നാൽ ഇവരോട് സഭയ്ക്കുള്ളിൽ മര്യാദയോടെ പെരുമാറണമെന്നും അത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും സ്പീക്കർ സി പി രാധാകൃഷ്ണൻ പറഞ്ഞു.

ഇതിനിടെ ലോക്‌സഭയിലെ വിഷയങ്ങൾ രാജ്യസഭയിൽ ഉയർത്താനാകില്ലെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. ലോക്‌സഭയിലെ വിഷയങ്ങൾ രാജ്യസഭയിൽ ഉന്നയിക്കാമെന്നും ലോക്‌സഭയും രാജ്യസഭയും ചേർന്നതാണ് പാർലമെന്‍റെന്നാണ് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മല്ലികാർജുൻ ഖർഗെ എംപി മറുപടി നൽകിയത്. പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ സംസാരിക്കാൻ അനുവദിക്കാത്ത വിഷയം ഖർഗെ രാജ്യസഭയിൽ അവതരിപ്പിച്ചു. കോൺഗ്രസിനെ കുറ്റം പറയുന്ന ബിജെപിയിലെ അവസ്ഥ എന്താണെന്നും അവിടെ എന്ത് അഭിപ്രായ സ്വാതന്ത്ര്യമാണ് ഉള്ളതെന്നും ചോദിച്ച ഖർഗെ, നെഹ്‌റു ഏറ്റവും വലിയ ജനാധിപത്യവാദിയാണെന്നും ബിജെപി നേതാക്കളെ പോലെ അല്ലെന്നും പറഞ്ഞു.

ഇതിനിടെ, മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കം വായിക്കാൻ ശ്രമിച്ച ഖർഗയെ സ്പീക്കർ ഇടപെട്ട് തടഞ്ഞു. ഇത് പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണ് എന്നായിരുന്നു ഇതിനോടുള്ള നദ്ദയുടെ പ്രതികരണം. കോൺഗ്രസിനെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും രൂക്ഷ പ്രതികരണം നടത്തി. കേരളത്തിൽ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയപ്പോൾ കേരളത്തിലെ കോൺഗ്രസ് സർക്കാർ എന്ത് ചെയ്‌തെന്ന് നിർമല സീതാരാമൻ ചോദിച്ചു. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷത്തിന്റെ ആൾക്കൂട്ട അതിക്രമമെന്ന് ഖർഗെ തിരിച്ചടിച്ചു. പിന്നാലെ ഖർഗെയുടെ പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് നിർമല സീതാരാമൻ ആവശ്യപ്പെട്ടു.

ഇന്ത്യ- ചൈന സംഘർഷം സഭയിൽ ഉന്നയിച്ച രാഹുൽ ഗാന്ധി മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകത്തെ കുറച്ചും ലോക്‌സഭയിൽ സംസാരിച്ചിരുന്നു. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് രാഹുൽ നടത്തിയ ഈ പ്രസംഗത്തിന് പിന്നാലെയാണ് ലോക്‌സഭയിൽ സംസാരിക്കാൻ രാഹുലിന് സ്പീക്കർ അവസരം നൽകാതിരുന്നത്. ഇതിനെതിരെ ലോക്‌സഭയിലും വലിയ പ്രതിപക്ഷ ബഹളം ഉയരുകയാണ്.

You may also like