കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തനിക്കും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കും എതിരെ അൻവർ തുടർച്ചയായി വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് മണ്ഡലത്തിൽ നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു.
ബേപ്പൂരിലെ തന്റെ പോരാട്ടം ‘പിണറായിസത്തിനും മരുമോനിസത്തിനും’ എതിരെയാണെന്ന് പി.വി. അൻവർ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രയോഗങ്ങളിലൂടെ തന്നെയോ മുഖ്യമന്ത്രിയുടെ കുടുംബത്തെയോ അധിക്ഷേപിക്കുന്നത് രാഷ്ട്രീയപരമായ വിയോജിപ്പല്ലെന്നും മറിച്ച് വ്യക്തിപരമായ അധിക്ഷേപമാണെന്നുമാണ് റിയാസിന്റെ പക്ഷം. കുടുംബാംഗങ്ങളെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ജനാധിപത്യപരമായ മത്സരത്തിന് ചേർന്നതല്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഇന്ന് തന്നെ പരാതി ഔദ്യോഗികമായി സമർപ്പിക്കാനാണ് എൽഡിഎഫ് ക്യാമ്പിന്റെ തീരുമാനം. സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ കാര്യങ്ങളെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് റിയാസ് ആവശ്യപ്പെട്ടു. പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങവെ ബേപ്പൂരിൽ ഇരുമുന്നണികളും തമ്മിലുള്ള വാക്പോര് ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

