Home Top Stories‘ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഒന്നിക്കണം എന്ന് ആര് പറഞ്ഞാലും നമ്മുടെ നാട് സ്വാഗതം ചെയ്യും, അതാണ് കേരളം

‘ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഒന്നിക്കണം എന്ന് ആര് പറഞ്ഞാലും നമ്മുടെ നാട് സ്വാഗതം ചെയ്യും, അതാണ് കേരളം

by news_desk
0 comments

കൊച്ചി. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരു കോണില്‍ നിന്നും ഉണ്ടാകുമ്പോള്‍ ഒന്നിക്കണം എന്ന ആശയം ആര് പറഞ്ഞാലും നമ്മുടെ നാട് ഒരുമിച്ച് സ്വാഗതം ചെയ്യുമെന്നും അതാണ് നമ്മുടെ നാടെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. വ്യത്യസ്തമായ ആത്മീയ പ്രസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഒന്നിക്കാനാണ് ഇതെല്ലാം കാതലായി പറയുന്നത്. എല്ലാവരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ് എന്ന ചിന്തയാണ് നമ്മുടേതെന്നും പാളയം ഇമാം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേരളം ധ്രുവീകരിക്കണം എന്ന് ലക്ഷ്യമിടുന്നവര്‍ കൊണ്ടുവരുന്ന അജണ്ടകളാണ് കേരള സ്റ്റോറി. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഒന്നായി തന്നെ മുന്നോട്ട് പോകും എന്ന ആശയം ഏത് കേന്ദ്രത്തില്‍ നിന്ന് വന്നാലും കേരളം അതിനെ സ്വാഗതം ചെയ്യുമെന്നും പാളയം ഇമാം പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ വീടുകളും മസ്ജികളും തുറന്നുനല്‍കണമെന്നും പാളയം ഇമാം ആഹ്വാനം ചെയ്തത് വലിയ ആവേശത്തോടെയാണ് കേരളം സ്വാഗതം ചെയ്തത്. ഈ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഇന്നലെ അങ്ങനെ ആഹ്വാനം ചെയ്തില്ലെങ്കിലും മസ്ജിദുകളിലും വീടുകളിലും ആളുകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കും. എന്നാല്‍ റമദാന്‍ മാസം ആയതിലാനാണ് അത്തരമൊരു ആഹ്വാനം ചെയ്തതെന്നും പാളയം ഇമാം പറഞ്ഞു.

‘റമദാന്‍ മാസം ആയതിനാല്‍ പുതിയ സമയക്രമത്തിലാണ് ആളുകള്‍ പോയിക്കൊണ്ടിരിക്കുന്നത്. ഇസ്ലാം മത വിശ്വാസികള്‍ക്ക് ചെറിയ ക്ഷീണമൊക്കെയുണ്ടാകും. സ്ത്രീകള്‍ പൊങ്കാലയിടുന്ന സ്ഥലത്തിനോട് ചേര്‍ന്നുള്ള വീടുകളില്‍ നിന്നാവും അവര്‍ക്ക് വെള്ളം ഉള്‍പ്പെടെ ലഭിക്കുന്നത്. റമദാന്‍ ആയതുകൊണ്ട് കുടിവെള്ളമോ സൗകര്യമോ ലഭിക്കാത്ത അവസ്ഥയുണ്ടാകരുത്. പൊങ്കാല സമയത്ത് എല്ലാ മസ്ജിദുകളും തുറന്നുകൊടുത്ത സൗഹചര്യമുണ്ടായിരുന്നു. എന്നാല്‍ പലയിടത്ത് നിന്നും ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകുമെന്നാണ് ഇത്തരം ആഹ്വാനങ്ങളും അവയെ സ്വാഗതം ചെയ്യുന്ന മാധ്യമ സമീപനങ്ങളും പറയുന്നത്’, പാളയം ഇമാം പറഞ്ഞു.

വൈകുന്നേര സമയത്താണ് പൊങ്കാലയ്ക്കായി ആളുകള്‍ എത്തുന്നത്. റമദാന്‍ സമയമായതിനാല്‍ വീടുകളില്‍ നോമ്പുകഞ്ഞി വിതരണം ചെയ്യുന്ന സമയമാണ്. സസ്യാഹാരം തന്നെയാണ് കഞ്ഞി. പൊങ്കാലയ്ക്ക് വരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ അതേനിലയില്‍ അത് വിതരണം ചെയ്യേണ്ടതുണ്ട്. ശീതളപാനീയങ്ങളും കഞ്ഞിയും ജ്യൂസും അവര്‍ക്ക് കൊടുക്കേണ്ടതുണ്ടെന്നും പാളയം ഇമാം പറഞ്ഞു.

You may also like