Home Keralaസിപിഎം വിട്ട് അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലീം ലീഗിൽ; എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സത്യസന്ധമായ രാഷ്ട്രീയമെന്ന് വിശദീകരണം

സിപിഎം വിട്ട് അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലീം ലീഗിൽ; എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സത്യസന്ധമായ രാഷ്ട്രീയമെന്ന് വിശദീകരണം

by news_desk
0 comments

പത്തനംതിട്ട: ജില്ലയിലെ പ്രമുഖ സിപിഎം നേതാവും വിവിധ ജനപ്രതിനിധി സഭകളിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്ത അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലീം ലീഗിൽ ചേർന്നു. ഒരു മാസം മുൻപ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും ദീർഘകാലം വഹിച്ചിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, സിപിഎം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പാർട്ടിയിൽ സജീവമായിരുന്നു. എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുകയും സത്യസന്ധമായ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാർട്ടിയായതിനാലാണ് മുസ്ലീം ലീഗിൽ ചേരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ തൊട്ടാവള്ളിൽ കുടുംബാംഗമായ കൃഷ്ണകുമാർ, എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം, ആറന്മുള പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സജീവമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലറായും ഇലന്തൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമി കോളേജ് ഉടമ ഡോ. നാരായണൻ നായരുടെ അടുത്ത ബന്ധുവായ കൃഷ്ണകുമാറിനെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പത്തനംതിട്ടയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുന്നതാണ് ഈ ചുവടുമാറ്റം.

You may also like