Home Kerala‘വയനാട് ടൗൺഷിപ്പിന് പണം ഇപ്പോൾ കയ്യിലില്ല; ഇതാണോ യു‍ഡിഎഫ് ഗ്യാരണ്ടി?’ — മുഖ്യമന്ത്രിയുടെ വിമർശനം

‘വയനാട് ടൗൺഷിപ്പിന് പണം ഇപ്പോൾ കയ്യിലില്ല; ഇതാണോ യു‍ഡിഎഫ് ഗ്യാരണ്ടി?’ — മുഖ്യമന്ത്രിയുടെ വിമർശനം

by news_desk
0 comments

തിരുവനന്തപുരം: ഏത് പ്രതിസന്ധിയെയും അതിജീവിച്ച് സംസ്ഥാനം മുന്നോട്ട് പോകുന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിന് വ്യക്തമായ ദിശാബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തിന്റെ ശോചനീയാവസ്ഥ മാറ്റിമറിച്ചുവെന്നും ഇന്നത്തെ പുരോഗതി അതിന്റെ തുടർച്ചയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് ഭരണകാലത്ത് ശരാശരി മൂലധന ചെലവ് 68,000 കോടി രൂപയായിരുന്നുെങ്കിൽ, കഴിഞ്ഞ വർഷം അത് 1.24 ലക്ഷം കോടി രൂപയായി ഉയർന്നതായും ഇപ്പോൾ 1.29 ലക്ഷം കോടിയെ കടന്നതായും അദ്ദേഹം പറഞ്ഞു.

കേരളം കടപ്പാടിന്റെ പ്രതിസന്ധിയിലാണെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സംസ്ഥാനത്തിന് ഉറച്ച സാമ്പത്തിക അടിത്തറയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രിതമായ കടമാണ് സംസ്ഥാനത്തിനുള്ളതെന്നും ആരോപണങ്ങൾക്ക് വസ്തുതാപരമായ അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടതായും കശുവണ്ടി, കൈത്തറി, കയർ മേഖലകൾക്ക് പുതുജീവൻ നൽകാൻ കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കിയതും ബാംബൂ കോർപറേഷൻ ശക്തിപ്പെടുത്തിയതും സർക്കാർ നേട്ടങ്ങളായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിയമസഭയാണ് പ്രധാന സംവാദ വേദിയെന്നും പ്രതിപക്ഷം അവിടെ സർക്കാർക്കെതിരെ കാര്യമായ ചർച്ചകൾ ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. അവിശ്വാസ പ്രമേയം പോലും അവതരിപ്പിക്കാതെ തെരഞ്ഞെടുപ്പ് സമയത്ത് ആരോപണങ്ങൾ ഉന്നയിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ രീതിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വയനാട് ടൗൺഷിപ്പ് പദ്ധതിയെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്നും വീടുകൾ നിർമിക്കുന്നതിനുള്ള ധാരണ ഉണ്ടായിരുന്നുവെങ്കിലും സാമ്പത്തിക ഉറപ്പിൽ സംശയം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “വാഗ്ദാനം പറയുന്നത് എളുപ്പമാണ്, നടപ്പാക്കുക പ്രയാസമാണ്” എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് പിന്നീട് സ്വന്തം നിലയിൽ വീടുകൾ നിർമ്മിച്ചുവെന്നും യു‍ഡിഎഫ് വാഗ്ദാനം ചെയ്ത ധനസഹായം ഇപ്പോഴും ലഭ്യമല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. “പണം ഇപ്പോൾ കയ്യിലില്ല; ഇതാണോ യു‍ഡിഎഫ് ഗ്യാരണ്ടി?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ഉറച്ചുനിൽക്കുമെന്നും പ്രതിപക്ഷം ആരോപണങ്ങൾ മാത്രമാണ് ഉയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില മാധ്യമങ്ങളുടെ ചോദ്യങ്ങൾ പ്രത്യേക ലക്ഷ്യത്തോടെ ഉയരുന്നതാണെന്നും അതിന് മറുപടി നൽകാനല്ല താൻ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like