Home Top Storiesജി. സുധാകരന്റേത് മനുഷ്യന് ചേരാത്ത വഞ്ചന; മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് മുഖ്യമന്ത്രി

ജി. സുധാകരന്റേത് മനുഷ്യന് ചേരാത്ത വഞ്ചന; മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് മുഖ്യമന്ത്രി

by news_desk
0 comments

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സഖാവ് എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യന് പോലും ചേരാത്ത വഞ്ചനയാണ് ജി. സുധാകരൻ കാണിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരിക്കൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവായിരുന്ന അദ്ദേഹം മറ്റൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് കരുതാനാകാത്ത കാര്യമായിരുന്നുവെന്നും വിവിധ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

സുധാകരന്റെ നിലപാടിൽ മാറ്റമുണ്ടാകുന്നുവെന്ന് തോന്നിയതിനെ തുടർന്ന് താൻ മൂന്ന് തവണ ഫോൺ വിളിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യ തവണ ഫോൺ എൻഗേജ്ഡ് ആയിരുന്നു. രണ്ടാം തവണ ബെൽ മുഴങ്ങിയെങ്കിലും ഫോൺ എടുത്തില്ല. മൂന്നാം തവണയും പ്രതികരണം ലഭിക്കാത്തതോടെ മനപ്പൂർവം ഫോൺ എടുക്കാത്തതാണെന്ന് മനസ്സിലായിയെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ഉൾപ്പെടെയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ സുധാകരനെ സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി വിളിച്ച കാര്യം ഓർമ്മിപ്പിച്ചെങ്കിലും, വിളി ലഭിച്ചിട്ടില്ലെന്നാണ് സുധാകരൻ പറഞ്ഞതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പിന്നീട് ഇപ്പോൾ തന്നെ വിളിക്കാമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞപ്പോൾ വേണ്ടെന്നും താൻ പിന്നീട് വിളിക്കാമെന്നും സുധാകരൻ പ്രതികരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സംസാരിച്ചാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന ധാരണയിലായിരുന്നു സുധാകരൻ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻകൂട്ടി എടുത്ത തീരുമാനപ്രകാരമാണ് സുധാകരൻ പ്രവർത്തിച്ചതെന്നും സ്ഥാനാർത്ഥിയാകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഇത് വർഗവഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഭരണകാല സ്വപ്നം യാഥാർത്ഥ്യമാകില്ലെന്നായിരുന്നു ജി. സുധാകരന്റെ പ്രതികരണം. സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം മുന്നേറ്റം നടത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച തനിക്ക് സ്വതന്ത്രവും സത്യസന്ധവുമായ രാഷ്ട്രീയ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യം നിലനിന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കും ക്രിമിനൽ-മാഫിയ രാഷ്ട്രീയത്തിനുമെതിരായ നിലപാടിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തീരുമാനിച്ചതെന്നും, തനിക്കെതിരെ എൽഡിഎഫ് നേതൃത്വം അസത്യ പ്രചാരണങ്ങൾ നടത്തുകയാണെന്നും ജി. സുധാകരൻ ആരോപിച്ചു. ജനങ്ങളെ നേരിൽ കണ്ടപ്പോൾ ഇത്തരം പ്രചാരണങ്ങൾ അവരെ ബാധിച്ചിട്ടില്ലെന്ന പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like