തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വോട്ടർമാരെ ആവേശത്തിലാക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിവിധ മണ്ഡലങ്ങളിൽ ഇന്ന് വോട്ടഭ്യർത്ഥിക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്ത് പ്രചാരണത്തിന് നേതൃത്വം നൽകും.
ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് നാല് മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അദ്ദേഹം നഗരത്തിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിലും പങ്കുചേരും. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ക്യാമ്പുകളിൽ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആവേശം പകർന്നിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. തുടർന്ന് ഇടുക്കിയിലെ കട്ടപ്പനയിലും കൊച്ചിയിലും അദ്ദേഹം വോട്ടർമാരെ അഭിസംബോധന ചെയ്യും. ശബരിമല സ്വർണക്കൊള്ള ആരോപണം ഉയർത്തി എൽഡിഎഫിനെയും ഇന്ധനവില വർദ്ധനവ് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെയും കടന്നാക്രമിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസംഗങ്ങൾക്കായി യുഡിഎഫ് പ്രവർത്തകർ കാത്തിരിക്കുകയാണ്.
അതേസമയം, എൽഡിഎഫ് പ്രചാരണത്തിന്റെ മുൻനിരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സജീവമാണ്. കണ്ണൂർ ധർമടത്തെ വിവിധ യോഗങ്ങളിൽ അദ്ദേഹം ഇന്ന് സംസാരിക്കും. സർക്കാരിന്റെ വികസന നേട്ടങ്ങളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും മുൻനിർത്തിയാണ് മുഖ്യമന്ത്രി വോട്ടുതേടുന്നത്. മുതിർന്ന നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞതോടെ വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ വാശിയേറിയതാകും.

