ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നടത്തിയ 25 മിനിറ്റ് നീണ്ട പ്രത്യേക പ്രസ്താവനയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ ആശങ്ക അറിയിച്ചത്. മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകമെമ്പാടുമുള്ള ജനങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ചിരിക്കുകയാണ്. മേഖലയിൽ ജോലി ചെയ്യുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഇതിനോടകം 3,75,000 പേർ സുരക്ഷിതമായി മടങ്ങിയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസ്സപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര തലത്തിൽ താൻ വിവിധ രാഷ്ട്രത്തലവന്മാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇന്ധന പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സജ്ജമാണെന്ന് പ്രധാനമന്ത്രി സഭയ്ക്ക് ഉറപ്പുനൽകി. മുൻപ് 27 രാജ്യങ്ങളിൽ നിന്നായിരുന്ന ഊർജ്ജ ഇറക്കുമതി ഇപ്പോൾ 41 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. എഥനോൾ ഉത്പാദനം വർദ്ധിപ്പിച്ചതിലൂടെ നാലരക്കോടി ബാരൽ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം എൽപിജി നീക്കത്തിൽ തടസ്സമുണ്ടെങ്കിലും ഗാർഹിക ആവശ്യങ്ങൾക്കായി മുൻഗണന നൽകും. പെട്രോൾ, ഡീസൽ വിതരണത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്തിന്റെ പെട്രോളിയം സംഭരണശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ വൈദ്യുതീകരണം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ഈ പ്രതിസന്ധി ഘട്ടത്തിൽ തുണയാകുന്നുണ്ട്.
യുദ്ധം ദീർഘകാലം നീണ്ടുനിന്നേക്കാമെന്നും അതിനാൽ രാജ്യം ഒറ്റക്കെട്ടായി തയ്യാറെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കാർഷിക രംഗത്തെ പ്രത്യാഘാതങ്ങൾ വിലയിരുത്താൻ അന്തർമന്ത്രാലയ സമിതി രൂപീകരിച്ചിട്ടുണ്ട്. വളം ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കഴിഞ്ഞ പത്തു വർഷത്തിനിടെ ആറ് യൂറിയ പ്ലാന്റുകൾ തുറന്നത് കർഷകർക്ക് ഗുണകരമാകും. വേനൽക്കാലത്തെ വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് കൽക്കരി ലഭ്യത ഉറപ്പാക്കുമെന്നും ആണവോർജ്ജ ഉത്പാദനത്തിന് പുതിയ ‘ശാന്തി’ നിയമം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ മറവിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെറ്റായ പ്രചാരണങ്ങളിൽ വീഴാതെ കൊവിഡ് കാലത്തെന്നപോലെ സംയമനത്തോടെ പ്രതിസന്ധിയെ നേരിടണമെന്നും മോദി അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നാളെ രാജ്യസഭയിലും പ്രസ്താവന നടത്തും.

