Home Keralaപ്രധാനമന്ത്രി ഞായറാഴ്ച തൃശ്ശൂരിൽ; സ്വരാജ് റൗണ്ടിൽ റോഡ് ഷോ, നഗരത്തിൽ കർശന സുരക്ഷ

പ്രധാനമന്ത്രി ഞായറാഴ്ച തൃശ്ശൂരിൽ; സ്വരാജ് റൗണ്ടിൽ റോഡ് ഷോ, നഗരത്തിൽ കർശന സുരക്ഷ

by news_desk
0 comments

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന് അന്തിമ രൂപമായി. മാർച്ച് 29 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹം തൃശ്ശൂരിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരമധ്യത്തിൽ വിപുലമായ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന പ്രധാനമന്ത്രി, അവിടെ നിന്ന് റോഡ് മാർഗ്ഗം നഗരത്തിലേക്ക് തിരിക്കും.

വൈകിട്ട് 4.15-ഓടെ ജില്ലാ ആശുപത്രിക്ക് മുന്നിൽ നിന്ന് ആരംഭിക്കുന്ന വാഹന റാലിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്കൊപ്പം അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്യും. സ്വരാജ് റൗണ്ട് വഴി ബിനി ടൂറിസ്റ്റ് ഹോം വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ വരവേൽക്കാൻ സ്വരാജ് റൗണ്ടിൽ അഞ്ച് കേന്ദ്രങ്ങളിലായി പ്രവർത്തകർക്ക് സൗകര്യമൊരുക്കും. റോഡ് ഷോയ്ക്ക് ശേഷം വൈകിട്ട് 5.30-ഓടെ അദ്ദേഹം പാലക്കാട്ടേക്ക് തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റാലി കാണാൻ എത്തുന്നവർ കുട, ബാഗ്, കുടിവെള്ള കുപ്പികൾ, നാണയങ്ങൾ എന്നിവ കരുതാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ടാകും.

You may also like