പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത് തടയാൻ ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിൽ അഞ്ച് പേർ പിടിയിലായി. മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളിൽ നിന്നായി 66,000 രൂപയിലധികം രൂപയാണ് അധികൃതർ പിടിച്ചെടുത്തത്. ഡ്രോൺ വഴി ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ഫ്ലയിംഗ് സ്ക്വാഡാണ് നടപടിയെടുത്തത്. പ്രതികളെയും പിടിച്ചെടുത്ത തുകയും തുടർനടപടികൾക്കായി പോലീസിന് കൈമാറിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പി. ജവഹർ അറിയിച്ചു.
രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശത്തെ മുഴുവൻ മണ്ഡലങ്ങളിലും ഡ്രോൺ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്. വോട്ടർമാരെ പണമോ മറ്റ് സൗജന്യങ്ങളോ നൽകി സ്വാധീനിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തുന്ന പശ്ചാത്തലത്തിൽ മാഹി ഉൾപ്പെടെയുള്ള മേഖലകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളുള്ള ഇടങ്ങളിൽ ഒന്നായി മാഹി മാറിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ തത്സമയം കണ്ടെത്തുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് പി. ജവഹർ വ്യക്തമാക്കി. വോട്ടർമാർക്ക് പണം നൽകുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കൈക്കൂലിയായി കണക്കാക്കപ്പെടുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഗമവും പ്രലോഭനരഹിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരും.

