Home Top Storiesശബരിമല സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; മുഖ്യമന്ത്രിയെ സഹായിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി

ശബരിമല സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; മുഖ്യമന്ത്രിയെ സഹായിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി

by news_desk
0 comments

ആലപ്പുഴ: ഈ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാകുമെന്നും വർഗീയതയുടെ അദൃശ്യ കരങ്ങളാണ് എൽഡിഎഫിനെ നയിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സിപിഐഎം-ബിജെപി ബന്ധം വ്യക്തമാണെന്നും ആർഎസ്എസിനെ എതിർക്കുന്ന തന്റെ പേരിൽ 38 ഓളം കേസുകൾ എടുത്ത് വേട്ടയാടുന്ന നരേന്ദ്ര മോദി, എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കാത്തതെന്ന് രാഹുൽ ചോദിച്ചു.

ശബരിമലയിലെ അയ്യപ്പന്റെ സ്വർണമാണ് ഇവിടെ കവർന്നത്. എന്നിട്ടും കേരളത്തിൽ വന്ന പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. നരേന്ദ്ര മോദി ദൈവത്തെ പോലും മറന്നിരിക്കുകയാണ്. ഇടത് പക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം. രാജ്യത്ത് ഇടത് പക്ഷം ബിജെപിക്ക് ഒരിക്കലും വെല്ലുവിളിയാവില്ലെന്ന് മോദിക്ക് നന്നായി അറിയാം. എൽഡിഎഫ് സർക്കാരിന് ജനങ്ങളുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല. കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറിയെന്നും കർഷകരും തൊഴിലാളികളും കടുത്ത ദുരിതത്തിലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണ്. കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾ പോലും അക്രമത്തിന് ഇരയായി. ഇത്തരം അക്രമികളുമായാണ് മുഖ്യമന്ത്രിക്ക് ബന്ധമുള്ളത്. ട്രംപ് പറയുന്നത് അനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പല പ്രമുഖരും എപ്സ്റ്റീൻ ഫയലുകളിലുണ്ട്. കേരളത്തിന്റെ നട്ടെല്ലായ സ്ത്രീകൾക്ക് യുഡിഎഫ് പ്രകടനപത്രികയിൽ വലിയ മുൻഗണനയാണ് നൽകിയിരിക്കുന്നത്. നെല്ലിന്റെ താങ്ങുവില 35 രൂപയായി ഉയർത്തുമെന്നും റബ്ബർ, കശുവണ്ടി മേഖലകൾക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു. വഴിപിഴച്ച പോക്കിലൂടെ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ഇന്ന് ചതിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like