Home Top Stories‘രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലുമില്ല; കോൺഗ്രസ് ബിജെപിയുടെ ബി ടീം’: ആഞ്ഞടിച്ച് മുഖ്യമന്ത്രി

‘രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലുമില്ല; കോൺഗ്രസ് ബിജെപിയുടെ ബി ടീം’: ആഞ്ഞടിച്ച് മുഖ്യമന്ത്രി

by news_desk
0 comments

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യാ നേതാവാണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും അദ്ദേഹത്തിനില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സിപിഎമ്മിനെതിരായ രാഹുലിന്റെ ‘ഡീൽ’ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത അവസ്ഥയിലാണ് രാഹുൽ ഗാന്ധിയെന്നും രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ നേരെചൊവ്വെ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ കെജ്‌രിവാൾ കുറ്റവിമുക്തനായതോടെ കോൺഗ്രസിന്റെ നിലപാട് തിരിച്ചടിയായി. ഡൽഹിയിലും ഹരിയാനയിലും ബിജെപിയെ സഹായിക്കുന്ന ‘ബി ടീം’ ആയി കോൺഗ്രസ് അധഃപതിച്ചു. ബിജെപി ഇതര കൂട്ടായ്മകൾ ഉണ്ടാകേണ്ട സമയത്ത് അതിന് തടസ്സം നിൽക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. എന്നാൽ ബിജെപിക്കെതിരെ എന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്നത് സിപിഎമ്മും എൽഡിഎഫുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, മറിച്ച് നടപ്പിലാക്കിയ പദ്ധതികളാണ് ജനങ്ങളുടെ മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 വരെ മാറി മാറി വന്ന മുന്നണികൾ കേരളത്തിന്റെ വികസനത്തിന്റെ താളം തെറ്റിച്ചു. ഭാവി തലമുറയുടെ സന്തോഷകരമായ ജീവിതം ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. നഗരവികസനത്തിനായി പ്രത്യേക നയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിച്ചത് ഇതിന്റെ ഭാഗമാണ്. കൊച്ചി മെട്രോയുടെ കാക്കനാട് പാത ഉൾപ്പെടെയുള്ള പദ്ധതികൾ നഗരത്തിന്റെ ഗതാഗത മേഖലയ്ക്ക് പുതിയ ദിശ നൽകുമെന്നും കൊച്ചി കൈവരിച്ച നേട്ടങ്ങൾ കൃത്യമായ ആസൂത്രണത്തിന്റെ ഫലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You may also like