Home Keralaദിനേശ് ബീഡി സംഘത്തിന് സോഫ്റ്റ്‌വെയർ കരാർ; 700 കോടിയുടെ അഴിമതിക്ക് സർക്കാർ നീക്കമെന്ന് രമേശ് ചെന്നിത്തല

ദിനേശ് ബീഡി സംഘത്തിന് സോഫ്റ്റ്‌വെയർ കരാർ; 700 കോടിയുടെ അഴിമതിക്ക് സർക്കാർ നീക്കമെന്ന് രമേശ് ചെന്നിത്തല

by news_desk
0 comments

ആലപ്പുഴ: സഹകരണ വകുപ്പിലെ സോഫ്റ്റ്‌വെയർ നിർമ്മാണ കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ 700 കോടി രൂപയുടെ ഗുരുതര അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ തയ്യാറാക്കുന്ന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക വെട്ടിപ്പിനാണ് നീക്കം നടക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഐടി മേഖലയിൽ മുൻപരിചയമില്ലാത്ത സ്ഥാപനങ്ങൾക്ക് കരാർ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഐടി രംഗത്തെ പ്രമുഖരായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) 206 കോടി രൂപയ്ക്ക് നൽകാൻ നിശ്ചയിച്ചിരുന്ന കരാറാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. നാലിരട്ടി തുകയായ 700 കോടി രൂപയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് ഈ കരാർ കൈമാറാനാണ് പുതിയ നീക്കം. ഐടി മേഖലയിൽ യാതൊരു പരിചയവുമില്ലാത്ത ദിനേശ് ബീഡിക്ക് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ വിചിത്രമായ നിബന്ധനകൾ ഉൾപ്പെടുത്തിയാണ് ടെണ്ടർ വിളിച്ചതെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടി താൽപ്പര്യമുള്ളവർക്ക് വഴിവിട്ട് കരാർ നൽകാനുള്ള ഈ നീക്കം സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻതുകയുടെ ഈ അഴിമതി നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like