Home Internationalഫുജൈറയിൽ ടെലികോം കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; യുഎഇയിൽ മിസൈൽ ഭീഷണി തുടരുന്നു

ഫുജൈറയിൽ ടെലികോം കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; യുഎഇയിൽ മിസൈൽ ഭീഷണി തുടരുന്നു

by news_desk
0 comments

ഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. ഫുജൈറയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ‘ഡു’വിന്റെ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ കെട്ടിടത്തിന് മുകളിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

അതേസമയം, അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള ‘റിൻ സിസ്റ്റംസ്’ കമ്പനിക്ക് മുകളിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് മിസൈൽ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന് മുകളിൽ വീണത്. ഈ സംഭവത്തിൽ പരിക്കേറ്റ ഒരു ഘാന സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഇതുസംബന്ധിച്ച് ചർച്ച നടത്തി. അയൽരാജ്യങ്ങൾക്ക് നേരെ ആക്രമണം തുടരുന്ന ഇറാന്റെ നടപടിക്കെതിരെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് രൂക്ഷവിമർശനവുമായി രംഗത്തെത്തി. മേഖലയിൽ ഇറാൻ നടത്തുന്ന നീക്കങ്ങൾ കരുത്തല്ലെന്നും മറിച്ച് അഹങ്കാരവും തന്ത്രപരമായ വീഴ്ചയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ പശ്ചിമേഷ്യയിൽ നിന്നുണ്ടാകുന്ന ഈ യുദ്ധവാർത്തകൾ പ്രവാസി കുടുംബങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മേഖലയിലെ സമാധാനത്തിനായി അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാകുകയാണ്.

You may also like