Home Nationalവിമാനയാത്രക്കാർക്ക് വൻ ആശ്വാസം: 60 ശതമാനം സീറ്റുകൾ ഇനി സൗജന്യം; കുടുംബങ്ങൾക്ക് ഒരുമിച്ചിരിക്കാം

വിമാനയാത്രക്കാർക്ക് വൻ ആശ്വാസം: 60 ശതമാനം സീറ്റുകൾ ഇനി സൗജന്യം; കുടുംബങ്ങൾക്ക് ഒരുമിച്ചിരിക്കാം

by news_desk
0 comments

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ഇരട്ടി മധുരമേകി സീറ്റ് ബുക്കിംഗ് നിരക്കുകളിൽ ഇളവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ ആകെ സീറ്റുകളുടെ 60 ശതമാനവും ഇനി മുതൽ യാത്രക്കാർക്ക് അധിക ചാർജ് നൽകണ്ടതില്ലാതെ സൗജന്യമായി തിരഞ്ഞെടുക്കാം. നിലവിൽ 20 ശതമാനം സീറ്റുകൾക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. വിമാനക്കമ്പനികൾ സീറ്റ് തിരഞ്ഞെടുക്കുന്നതിന് വൻതുക ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ. പുതിയ പരിഷ്കാരം അനുസരിച്ച് ഒരേ പി.എൻ.ആർ (PNR) നമ്പറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അധിക നിരക്ക് നൽകാതെ തന്നെ അടുത്തടുത്ത് സീറ്റുകൾ നൽകണമെന്ന് വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി.

യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നയങ്ങളിൽ കൂടുതൽ സുതാര്യതയും മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യമായി പാലിക്കണം. വളർത്തുമൃഗങ്ങൾ, കായിക-സംഗീത ഉപകരണങ്ങൾ എന്നിവ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ വെബ്‌സൈറ്റുകളിലും ആപ്പുകളിലും വ്യക്തമാക്കണം. വിവരങ്ങൾ പ്രാദേശിക ഭാഷകളിൽ കൂടി ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്. പ്രതിദിനം അഞ്ച് ലക്ഷത്തിലധികം ആളുകൾ വിമാനയാത്ര നടത്തുന്ന ഇന്ത്യ, ലോകത്തെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി മാറിയ സാഹചര്യത്തിലാണ് യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയുള്ള ഈ നീക്കം. ‘ഉഡാൻ യാത്രി കഫേ’, ‘ഫ്ലൈബ്രറി’ തുടങ്ങിയ പദ്ധതികൾക്ക് പിന്നാലെ എത്തുന്ന ഈ പരിഷ്കാരം സാധാരണക്കാരായ യാത്രക്കാർക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും. പുതിയ നിയമങ്ങൾ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യം മന്ത്രാലയം വരും ദിവസങ്ങളിൽ വ്യക്തമാക്കും.

You may also like