തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഒരു അമേരിക്കൻ യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് എ-10 (A-10) വിമാനമാണ് തകർത്തതെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. കഴിഞ്ഞ ദിവസം അമേരിക്കയുടെ എഫ്-15 വിമാനവും ഇറാൻ തകർത്തിരുന്നു. തകർന്ന എഫ്-15 വിമാനത്തിലെ ഒരു സൈനികനെ അമേരിക്കൻ സേന രക്ഷപ്പെടുത്തിയതായാണ് വിവരം.
അതേസമയം, വെടിവെച്ചിട്ട വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ ഇറാനിൽ വെച്ച് വിമാനം തകർത്തപ്പോൾ പൈലറ്റ് പാരഷൂട്ട് വഴി ഇറാൻ അതിർത്തിക്കുള്ളിൽ തന്നെ ലാൻഡ് ചെയ്യുകയായിരുന്നു. പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ ഇദ്ദേഹത്തെ അതിർത്തി കടത്തി രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ യുഎസ് സേന നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്.
ഇതിനിടെ, സംഘർഷം ലഘൂകരിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതായും റിപ്പോർട്ടുകളുണ്ട്. മറ്റൊരു രാജ്യം മുഖേനയാണ് അമേരിക്ക ഈ നിർദ്ദേശം സമർപ്പിച്ചതെന്നാണ് വിവരം. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ വാഷിംഗ്ടൺ ഇതുവരെ തയ്യാറായിട്ടില്ല. ഇറാന്റെ മിസൈൽ ശേഷി പൂർണ്ണമായും തകർക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രത്യാക്രമണം. ഇതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

