Home Nationalഭക്ഷണബില്ലിൽ എൽപിജി സർചാർജ് ഈടാക്കരുത്; റെസ്റ്റോറന്റുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വിലക്ക്

ഭക്ഷണബില്ലിൽ എൽപിജി സർചാർജ് ഈടാക്കരുത്; റെസ്റ്റോറന്റുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വിലക്ക്

by news_desk
0 comments

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമത്തിന്റെ പേരിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷണബില്ലിനൊപ്പം അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) കർശന നിർദ്ദേശം നൽകി. എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ചില റെസ്റ്റോറന്റുകൾ ബില്ലിൽ ഇത്തരത്തിൽ അധിക തുക ചുമത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപകമായ പരാതികൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ഇടപെടൽ.

മുമ്പ് കേന്ദ്ര സർക്കാർ നിരോധിച്ച സർവീസ് ചാർജിന് തുല്യമാണ് ഇത്തരം നിയമവിരുദ്ധമായ അധിക നിരക്കുകളെന്ന് സിസിപിഎ വിലയിരുത്തി. ഏതെങ്കിലും റെസ്റ്റോറന്റുകൾ ഇത്തരത്തിൽ ചാർജ് ഈടാക്കിയാൽ അത് ബില്ലിൽ നിന്ന് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാൻ ഉപഭോക്താക്കൾക്ക് 1951 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

You may also like