കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി. എന്നാൽ ഏത് മുന്നണിയെയാണ് പിന്തുണയ്ക്കുക എന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് എസ്ഡിപിഐ സംസ്ഥാന ഘടകം വിവിധ തലങ്ങളിൽ കൂടിയാലോചനകൾ നടത്തിവരികയാണെന്നും വിഷയത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇടതുപക്ഷം വോട്ട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത് അവരുടെ രാഷ്ട്രീയ നിലപാടാണെന്നും എം.കെ. ഫൈസി പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഏത് മുന്നണിക്കാണ് വോട്ട് നൽകേണ്ടതെന്ന് പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും കൃത്യമായ നിർദ്ദേശം നൽകും. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ എസ്ഡിപിഐയുടെ ഈ നിലപാട് വിവിധ മണ്ഡലങ്ങളിൽ നിർണ്ണായകമാകും. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം ഔദ്യോഗികമായി തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

