ഡോ. സാബു. കേരളം
മൈൻ്റ് ട്രൈനർ.കോട്ടയം
ജീവിത ശൈലി കൊണ്ടും ജനിതകമായും ന്യൂറോഡെവലപ്മെന്റൽ ഡിസോർഡർ കൂടുതൽ ഉള്ള ഈ കാലത്തു ചെറിയ കുട്ടികളുടെ മസ്തിഷ്ക വികസനത്തിന് സെൻസറി പ്ലൈ ഫലപ്രദമായി ഉപയോഗിക്കാം.. പ്രത്യേകിച്ച് കുഞ്ഞു കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തന മികവിന് സെൻസറി പ്ലേ (സ്പർശനാനുഭവ കളി) അത്യന്താപേക്ഷിതമാണ്. ഇത് വെറും കളിയല്ല, മസ്തിഷ്കത്തിന്റെയും ശരീരത്തിന്റെയും വളർച്ചയുടെ അടിത്തറയാണ്.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ – ASD, ADHD, സെൻസറി പ്രോസസ്സിംഗ് ഡിസോർഡർ, വികസന വൈകല്യങ്ങൾ എന്നിവ ഉള്ള കുട്ടികൾക്ക് സെൻസറി പ്ലേ ബ്രെയിൻ വികസനത്തിന്റെ ഒരു ശക്തിയുള്ള ഉപകരണമാണ്. ഇവിടെ, ഇത് കേവലം കളിയല്ല, മറിച്ച് ചികിത്സാപരമായ (തെറാപ്പൂട്ടിക്) സംവേദനത്തിന്റെ ഒരു രൂപമാണ്.
ന്യൂറോഡൈവേഴ്സ് കുട്ടികൾക്ക് സെൻസറി പ്ലേ എങ്ങനെ സമഗ്ര വികസനത്തിന് സഹായിക്കും:
- പ്രാഥമിക തലം: സെൻസറി ഇന്റഗ്രേഷൻ & റെഗുലേഷൻ
ന്യൂറോഡെവലപ്മെന്റൽ ഡിസോർഡർ ഉള്ള പല കുട്ടികൾക്കും സെൻസറി പ്രോസസ്സിംഗിൽ വെല്ലുവിളികളുണ്ട്. അവർക്ക്
അമിത സെൻസറി സെൻസിറ്റിവിറ്റി (Hyper sensitivity ): പ്രകാശം, ശബ്ദം, ചില സ്പർശനങ്ങൾ എന്നിവ അസഹനീയമായി തോന്നാം.
അപര്യാപ്ത സെൻസറി സെൻസിറ്റിവിറ്റി (Hypo sensitivity ): വേദനയോ ഉയർന്ന ശബ്ദമോ അവർ ശ്രദ്ധിക്കാതിരിക്കാം, സ്ഥിരമായി “സെൻസറി തിരയലിൽ” ആയിരിക്കാം.
സെൻസറി ഏകീകരണത്തിലുള്ള പ്രയാസം: തങ്ങളുടെ ശരീരം എവിടെയാണെന്ന് തിരിച്ചറിയലിൽ (Proprioception) കഷ്ടപ്പാടുണ്ടാകാം.
- വികാസ മേഖലകളിൽ സ്വാധീനം:
ആശയവിനിമയം & സാമൂഹിക കഴിവുകൾ: സെൻസറി പ്ലേ സാധാരണയായി സംഭാഷണത്തിന് ഒരു പശ്ചാത്തലം ഒരുക്കുന്നു. ഒരു സെൻസറി ബിനിൽ (Sensory bin) ഒരുമിച്ച് കളിക്കുമ്പോൾ, കാത്തിരിക്കൽ, പങ്കിടൽ, ടേൺ എടുക്കൽ എന്നിവ അനുഭവ തലത്തിൽ വരുന്നു. വാക്കുകൾക്ക് പകരം സ്പർശനത്തിലൂടെയും കണ്ണുകൾ കൊണ്ടും ആശയവിനിമയം നടത്താൻ കഴിയുന്ന കുട്ടികൾക്ക് ഇത് പ്രയോഗനകരമാണ്.
വൈകാരിക റെഗുലേഷൻ: സെൻസറി പ്ലേ വൈകാരിക അസ്വസ്ഥതയ്ക്കുള്ള ഒരു ആശ്വസമാണ്. ഒരു ഫിഡ്ജറ്റ് കളിപ്പാട്ടം (Fidget Toys) ഉപയോഗിച്ച് കുട്ടിക്ക് ഉത്കണ്ഠയും പിരിമുറുക്കവും ഒഴിവാക്കാൻ സഹായിക്കുന്ന ആസ്വാദ്യകരമായ ഒരു അനുഭവം ലഭിക്കാം, ഇത് വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ശാരീരിക വികാസം: സെൻസറി പ്ലേ പലപ്പോഴും മോട്ടോർ പ്ലേയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരമുള്ള പ്രവർത്തനങ്ങൾ (Heavy works ) പേശികളെ ശക്തിപ്പെടുത്തുകയും ശരീരബോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് എഴുത്ത്, വരികളിൽ കൂടിയുള്ള നടക്കൽ തുടങ്ങിയവയ്ക്ക് അടിത്തറയാക്കുന്നു.
കുട്ടിയെ ശ്രദ്ധിക്കുക: കുട്ടി എന്തിൽ താൽപ്പര്യം കാണിക്കുന്നുവോ അത് നിരീക്ഷിക്കുക. അവരുടെ സെൻസറി മുൻഗണനകൾ (പ്രിയപ്പെട്ടത്/ഇഷ്ടമല്ലാത്തത്) തിരിച്ചറിയുക.
അമിത സെൻസിറ്റീവ് ആയ കുട്ടിക്ക്: ശക്തമായ ശബ്ദങ്ങളോ ശക്തമായ ഗന്ധങ്ങളോ ഒഴിവാക്കുക. മൃദുവായ, പ്രവചനാത്മകമായ സെൻസറി അനുഭവങ്ങൾ നൽകുക (ഉദാ: മൃദുവായ ഫാബ്രിക്കുകൾ, ജലപ്പൊങ്ങുകൾ, റൈസ് ബിൻ).
സെൻസറി തിരയുന്ന കുട്ടികൾക്ക് (ഒരു കുട്ടി അവരുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന അനുഭവങ്ങൾക്കായി സജീവമായി തിരയുന്നതാണ് സെൻസറി തിരയൽ (Sensory Seeking). ഇത് വൃത്താകൃതിയിൽ കറങ്ങുന്നതുപോലെയോ അവർ കാണുന്നതെല്ലാം സ്പർശിക്കുന്നതുപോലെയോ ശബ്‌ദം കേൾക്കാൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതുപോലെയോ തോന്നാം) ശക്തവും ആഴമുള്ളതുമായ സെൻസറി ഇൻപുട്ട് നൽകുക (ഉദാ: ഭാരമുള്ള ചികിത്സാ പുതപ്പ്, ട്രാമ്പോലിൻ, സ്വിംഗ്, ച്യൂയി ഉപകരണങ്ങൾ, സ്റ്റ്രെച്ചി സ്പാഗെറ്റി പ്ലേ (Spaghetti play).
ഒരു സെൻസറി അനുഭവത്തിൽ നിന്ന് ക്രമേണ അടുത്തതിലേക്ക് നീങ്ങുക. എന്നെന്നും ഒരേ കാര്യം ചെയ്യരുത്. സെൻസറി പ്ലേയെ ദൈനംദിന പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുക. ഉദാ:
ഭക്ഷണം തയ്യാറാക്കുമ്പോൾ പലതരം പയറുകളും ധാന്യങ്ങളും സ്പർശിക്കാൻ അനുവദിക്കുക.
കുളിക്കുമ്പോൾ വിവിധ തരം സ്പോഞ്ചുകളും ബ്രഷുകളും ഉപയോഗിക്കുക.
വസ്ത്രം ധരിക്കുമ്പോൾ വ്യത്യസ്ത ഫാബ്രിക്കുകളുടെ തുണിത്തരങ്ങൾ സ്പർശിക്കുക.
- പ്രത്യേകിച്ച് ഉപയോഗപ്രദമായ ചില സെൻസറി പ്ലേ ആശയങ്ങൾ:
ഡീപ് പ്രഷർ / ഹെവി വർക്ക്: ഭാരമുള്ള പുതപ്പ്, ബാഗുകൾ വലിക്കുക, ഭിത്തിയെ തള്ളുക, കട്ടിയുള്ള വസ്തുക്കൾ അനുഭവിക്കുക .
വെസ്റ്റിബുലാർ ആക്ടിവിറ്റികൾ: സ്വിംഗിംഗ്, സ്പിന്നിംഗ്, റോക്കിംഗ്, ട്രാമ്പോലിനിംഗ്.
ഓറൽ സെൻസറി പ്ലേ: ച്യൂയിംഗ് അനുഭവങ്ങൾ, വിബ്രേറ്റിംഗ് ടൂത്ത്ബ്രഷ്, വ്യത്യസ്ത ഘടനയുള്ള ഭക്ഷണങ്ങൾ.
വിഷ്വൽ സെൻസറി പ്ലേ: ലാവ ലാമ്പുകൾ, പ്രകാശ പെട്ടികൾ, ബബിൾ ട്യൂബുകൾ, കളർ മിക്സിംഗ്.
ന്യൂറോഡൈവേഴ്സ് കുട്ടികൾക്ക്, സെൻസറി പ്ലേ ഒരു ബ്രിഡ്ജ് പോലെയാണ്. ഇത് അവരുടെ സെൻസറി ലോകവും പുറം ലോകവും തമ്മിലുള്ള ദൂരം കുറയ്ക്കുന്നു, അവരുടെ ശരീരവും മസ്തിഷ്കവും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുവാൻ സഹായിക്കുന്നു. ഇത് അവരുടെ മസ്തിഷ്ക വികാസപാതയിലെ ഒരു അടിസ്ഥാന പടിയാണ്.
സെൻസറി പ്ലേ സാധാരണ നിലയിൽ ഉള്ള കുട്ടികൾക്കും സമഗ്ര വികസനത്തെ പല തലങ്ങളിൽ പിന്തുണയ്ക്കുന്നു:
- ശാരീരിക വികാസം (Physical Development)
സൂക്ഷ്മ ചലന നൈപുണ്യം (Fine Motor Skills): കുമിളകൾ പൊട്ടിക്കുക, പാസ്ത ഉണ്ടാക്കുക, ഫിങ്ഗർ പെയിന്റ് ചെയ്യുക, സ്ലൈം (പശ/ചെളി ) ഞെക്കുക. എന്നിവ വിരലുകളുടെയും കൈപ്പടത്തിന്റെയും ശക്തി വർദ്ധിപ്പിക്കുന്നു. ഇത് പിന്നീട് പേന പിടിക്കാനും ബട്ടൺ ഇടാനും എളുപ്പം സഹായകമാകും.
വലിയ പേശി ചലന നൈപുണ്യം (Gross Motor Skills): നടക്കുക, ഓടുക, ചാടുക, പന്ത് എറിയുക, നീന്തൽ, സൈക്ലിംഗ്,മണൽകുഴി ഉണ്ടാക്കുക., ബാലൻസ് ബീമിൽ നടക്കുക എന്നിവ പേശികളെ ശക്തിപ്പെടുത്തുകയും ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സെൻസറി ഇന്റഗ്രേഷൻ: ശരീരം വിവിധ സ്പർശനങ്ങൾ, ശബ്ദങ്ങൾ, ദൃശ്യങ്ങൾ എന്നിവ പ്രോസസ്സ് ചെയ്യുകയും അവയ്ക്ക് അനുയോജ്യമായ പ്രതികരണം നൽകുകയും ചെയ്യുന്നു. ഇത് ദൈനംദിന ജീവിതത്തിന് അടിസ്ഥാനമാണ്.
- വൈജ്ഞാനിക വികാസം (Cognitive Development)
പരിഹാര കഴിവുകൾ: “ഈ ചെടിയെ എങ്ങനെ ഈ ചെറിയ കുപ്പിയിൽ ഇടാം?” “എന്തുകൊണ്ട് ഈ ജെൽ തണുത്തതാണ്?” എന്നീ ചോദ്യങ്ങൾ പരീക്ഷണം വഴി ഉത്തരം കണ്ടെത്തുന്നു.
ശാസ്ത്രീയ ചിന്ത: കാരണവും പ്രഭാവവും (Cause & Effect), ഗുരുത്വാകർഷണം, അളവുകൾ, പദാർത്ഥങ്ങളുടെ സ്വഭാവം (കട്ടിയുള്ള/ദ്രാവകം) എന്നിവ മനസ്സിലാക്കാൻ തുടക്കമിടുന്നു.
ശ്രദ്ധയും സാന്ദ്രതയും: ഒരു സെൻസറി പ്രവർത്തനത്തിൽ മുഴുകിയിരിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വികസിക്കുന്നു.
- ഭാഷാ വികാസം (Language Development)
നിഘണ്ടു അറിവുകൾ : പുതിയ അനുഭവങ്ങൾക്ക് പുതിയ വാക്കുകൾ ആവശ്യമാണ് – മിനുസമാർന്ന, പരുക്കനായ, ഒട്ടുന്ന, ഭാരമുള്ള, തിളങ്ങുന്ന, ചൂടുള്ള, തണുത്ത തുടങ്ങിയവ.
ആശയവിനിമയം: അവരുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ, ചോദ്യങ്ങൾ ചോദിക്കാൻ, അവരുടെ വികാരങ്ങൾ വാക്കാലെടുപ്പിക്കാൻ സെൻസറി പ്ലേ പ്രേരിപ്പിക്കുന്നു.
- വൈകാരിക വികാസം (Emotional Development)
സ്വയം ശാന്തമാക്കൽ: മൃദുവായ പ്ലേ ഡോ, ജലപ്പൊങ്ങുകൾ, ഊഞ്ഞാൽ ആടൽ തുടങ്ങിയ സെൻസറി അനുഭവങ്ങൾ വൈകാരിക സമ്മർദ്ദം നിയന്ത്രിക്കാനും സ്വയം ശാന്തമാകാനും സഹായിക്കുന്നു.
ആത്മവിശ്വാസവും സ്വയംബോധ്യവും: ഒരു പുതിയ കാര്യം നേടിയെടുക്കുമ്പോൾ (“ഞാൻ ഈ മലയുടെ മുകളിൽ എത്തി!”) ആത്മവിശ്വാസം വർദ്ധിക്കുന്നു. തങ്ങളുടെ ശരീരവും കഴിവുകളും പറ്റിയുള്ള ബോധം (സെൽഫ്-അവെയർനെസ്) വികസിക്കുന്നു.
വികാരങ്ങൾ പ്രകടിപ്പിക്കൽ: സെൻസറി പ്ലേ വികാരങ്ങൾക്ക് ഒരു സുരക്ഷിതമായ ഔട്ട്ലെറ്റാകും.
- സാമൂഹിക വികാസം (Social Development)
പങ്കിടൽ കഴിവ്: ഒരു സെൻസറി ബിൻ മറ്റൊരു കുട്ടിയുമായി പങ്കിടുമ്പോൾ, കാത്തിരിക്കാനും ഒപ്പം കളിക്കാനും പഠിക്കുന്നു. ഒരു വലിയ സെൻസറി ആർട്ട് പ്രോജക്റ്റ് (ഉദാ: മുഴുവൻ മേശയും പ്ലേ ഡോകൊണ്ട് മൂടുക) ഒരുമിച്ച് പൂർത്തിയാക്കുന്നു. മറ്റൊരു കുട്ടി ഒരു നിർദ്ദിഷ്ട സ്പർശനം ഇഷ്ടപ്പെടുന്നില്ലെന്ന് മനസ്സിലാക്കുക.
- സൃഷ്ടിപരതയും ഭാവനയും (Creativity & Imagination)
ചിന്തയുടെ വികാസം: ഒരു സെൻസറി ബിൻ ഒരു മാന്ത്രിക ദ്വീപോ, ഭൂമിശാസ്ത്രപരമായ ഭൂപടമോ ആയി മാറുന്നു. പരിമിതമായ വസ്തുക്കൾ കൊണ്ട് പുതിയ കാര്യങ്ങൾ സൃഷ്ടിക്കുക.
വീട്ടിൽ എങ്ങനെ സെൻസറി പ്ലേ സംയോജിപ്പിക്കാം?
അടുക്കള: കുക്കിംഗ് (മാവു കുഴക്കൽ, പിഴിഞ്ഞെടുക്കൽ, ഇളക്കൽ), വിവിധ പയറുകളും അരിയും വേർതിരിക്കൽ.
കുളിമുറി: ഫോം, സ്പോഞ്ച്, ജലം കൊണ്ടുള്ള കളി, ഒരു ടബ്ബിൽ വിവിധ പാത്രങ്ങൾ.
വീടിനു പുറത്ത്: മണൽ, ജലം, ഇലകൾ, ശിലകൾ, കുറ്റിക്കാടുകൾ കൊണ്ടുള്ള കളി.
സ്ഥലം പരിമിതമാണെങ്കിൽ: ഒരു ട്രേയിൽ കുറച്ച് അരി കൊടുക്കുക. തരം തിരിച്ചു പല ബാഗുകൾ എന്ന നിലയിൽ “സെൻസറി ബാഗ്” തയ്യാറാക്കുക.
ഇവയെല്ലാം കുട്ടിയുടെ താൽപര്യത്തിൽ നടക്കേണ്ട കളിയാണ്. കുട്ടി അവരുടെ വേഗതയിൽ അവ ഉപയോഗിക്കാൻ അനുവദിക്കുക. സുരക്ഷിതമായ, വിഷരഹിതമായ പദാർത്ഥങ്ങൾ മാത്രം ഉപയോഗിക്കുക.
ഒരു കുട്ടിക്ക് താൻ എപ്പോൾ അമിതഭാരം അനുഭവിക്കുന്നുവെന്നും ശാന്തമാകാൻ ഏതു സെൻസറി ഇൻപുട്ട് (ഭാരമുള്ള പുതപ്പ്, മൃദുവായ സ്പർശനം, ആഴമുള്ള മർദ്ദം) സഹായിക്കുമെന്നും കണ്ടെത്താൻ സഹായിക്കുന്നു.
ചെറിയ അളവിൽ തുടങ്ങി പടിപടിയായി, ഒരു പ്രത്യേക സെൻസറി അനുഭവത്തെ (ഉദാ: മണൽ കയ്യിൽ പറ്റിയത്) സഹിഷ്ണുതയോടെ അംഗീകരിക്കാൻ പഠിപ്പിക്കുന്നു.
സെൻസറി പ്ലേ വിദ്യാഭ്യാസം, വിനോദം, ചികിത്സ എന്നിവയുടെ മിശ്രണമാണ്. ഇത് കുഞ്ഞുകുട്ടിയെ ഒരു വ്യക്തിയായി സമഗ്രമായി വളർത്തുന്നു. നിയന്ത്രിത സാഹചര്യത്തിൽ, സ്വന്തം വേഗതയിൽ, സെൻസറി സംവേഗങ്ങളെ അഭിമുഖീകരിക്കാനും പ്രോസസ്സ് ചെയ്യാനും കുട്ടിയെ അനുവദിക്കുക.
