Home Keralaസഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ കരാറിന് ഹൈക്കോടതി സ്റ്റേ; സർക്കാരിന് കനത്ത തിരിച്ചടി

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ കരാറിന് ഹൈക്കോടതി സ്റ്റേ; സർക്കാരിന് കനത്ത തിരിച്ചടി

by news_desk
0 comments

കൊച്ചി: സംസ്ഥാനത്തെ സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ നവീകരണത്തിനായുള്ള വിവാദ ടെണ്ടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മെയ് 19 വരെ കരാറുമായി ബന്ധപ്പെട്ട തുടർനടപടികൾ പാടില്ലെന്നാണ് കോടതി ഉത്തരവ്. ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകിയതിനെതിരെ ഏഴ് ഐടി കമ്പനികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഈ ഉത്തരവ്.

സഹകരണ മേഖലയിലെ സോഫ്റ്റ്‌വെയർ കരാറിൽ 700 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. മുൻപ് ടാറ്റ കൺസൾട്ടൻസിക്ക് 206 കോടി രൂപയ്ക്ക് നൽകാൻ നിശ്ചയിച്ചിരുന്ന കരാർ, നാലിരട്ടിയിലധികം തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാനായിരുന്നു സർക്കാരിന്റെ നീക്കം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നടന്ന ഈ ഇടപാടിൽ സുതാര്യതയില്ലെന്നും ദിനേശ് ബീഡി സംഘത്തിന് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ ടെണ്ടർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സഹകരണ മേഖലയെ പൂർണ്ണമായും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ആരും അറിയാതെ കരാർ നടപ്പിലാക്കാനായിരുന്നു സർക്കാരിന്റെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രി വി.എൻ. വാസവന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും എത്ര ശാഖകൾക്കാണ് സോഫ്റ്റ്‌വെയർ നൽകുന്നതെന്ന് പോലും വ്യക്തമാക്കാതെയാണ് ടെണ്ടർ വിളിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ അഴിമതിക്ക് കൂട്ടുനിന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോടതിയുടെ സ്റ്റേ ഉത്തരവ് വന്നതോടെ വരും ദിവസങ്ങളിൽ ഈ വിഷയം രാഷ്ട്രീയമായി കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പായി.

You may also like