Home International‘നീതീകരിക്കാനാകാത്ത ആക്രമണം, സ്വയം പ്രതിരോധത്തിന് ഞങ്ങൾക്കും അവകാശമുണ്ട്’; GCC രാജ്യങ്ങളുടെ സംയുക്തപ്രസ്താവന

‘നീതീകരിക്കാനാകാത്ത ആക്രമണം, സ്വയം പ്രതിരോധത്തിന് ഞങ്ങൾക്കും അവകാശമുണ്ട്’; GCC രാജ്യങ്ങളുടെ സംയുക്തപ്രസ്താവന

by news_desk
0 comments

അബുദാബി: അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ മുന്നറിയിപ്പുമായി ജിസിസിയിലേത് അടക്കമുള്ള ഏഴ് രാജ്യങ്ങൾ. വിവേചനരഹിതവും ക്രൂരവുമായ മിസൈൽ ആക്രമണങ്ങളാണ് നടന്നതെന്നും തങ്ങൾക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നുമാണ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയത്. ഏഴ് രാജ്യങ്ങൾ ഒരുമിച്ച് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്.


യുഎസ്, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇറാന്റേത് നീതീകരിക്കാനാകാത്ത ആക്രമണമാണ് എന്നും തങ്ങളുടെ പരമാധികാരത്തെയും ജനങ്ങളെയും കെട്ടിടങ്ങളെയുമെല്ലാം ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത് എന്നുമാണ് രാജ്യങ്ങൾ സംയുക്തപ്രസ്താവനയിൽ പറയുന്നത്. മേഖലയിലെ സ്ഥിരതയെ ഇറാന്റെ ആക്രമണം ഭീഷണിയിലാക്കുന്നുവെന്നും തങ്ങൾക്കും പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ഇറാൻ ഓർമിക്കണമെന്നും ഏഴ് രാജ്യങ്ങൾ സംയുക്തപ്രസ്താവനയിൽ പറയുന്നു.

അതേസമയം, പശ്ചിമേഷ്യയിൽ സംഘര്‍ഷാവസ്ഥ തുടരുക തന്നെയാണ്. ഇറാനില്‍‌ ഇസ്രയേല്‍‌
ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ചേർന്നാണ് ആക്രമണം നടത്തുന്നത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ ഇറാന്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഖമനയിയുടെ തന്നെ പാത പിന്തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തിയിരുന്നു.

ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ സായുധസേന ആക്രമണം ശക്തമാക്കുമെന്ന് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും. ഖമനയിയുടെ രക്തം വെറുതെയാകില്ലെന്നും പകരം വീട്ടുമെന്നും മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. അതിനിടെ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന വാദവുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. എന്നാല്‍ അമേരിക്ക ഇത് തള്ളി. ഇറാന്റെ മിസൈലുകള്‍ക്ക് പടക്കപ്പലിന്റെ അടുത്ത് പോലും എത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം, ഇറാനെതിരായ ആക്രമണത്തിനിടെ മൂന്ന് സെെനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.

You may also like