ലക്‌നൗ: ഉത്തർപ്രദേശിൽ 2021ന് ശേഷം ഉദ്‌ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിൽ ആറെണ്ണവും ഏറെക്കുറെ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത എയർപോർട്ടുകളാണ് ആളും വിമാനവുമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്. ‘ഇന്ത്യ ടുഡേ’ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
കുശിനഗർ, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് വിമാനത്താവളങ്ങളാണ് ‘പ്രേത’ വിമാനത്താവളങ്ങളായി മാറിയിരിക്കുന്നത്. 2021 ഒക്ടോബർ 20നാണ് കുശിനഗർ വിമാനത്താവളം ഉദ്‌ഘാടനം ചെയ്തത്. അടുത്ത മാസം വിമാന സർവീസുകൾ ആരംഭിച്ചു. എന്നാൽ 2023 നവംബറിൽ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു.
മറ്റ് എയർപോർട്ടുകളെല്ലാം 2024 മാർച്ചിലാണ് ഉദ്‌ഘാടനം ചെയ്‌തത്. അസംഗഢ്, ചിത്രകൂട് വിമാനത്താവളങ്ങൾ ഒമ്പത് മാസം മാത്രമാണ് പ്രവർത്തിച്ചത്. മൊറാദാബാദ് വിമാനത്താവളമാകട്ടെ വെറും മൂന്ന് മാസമായപ്പോഴേക്കും അടച്ചു. അലിഗഢ് വിമാനത്താവളത്തിന്റേതും സമാന അവസ്ഥയാണ്. ഡിസംബർ 30ന് ഉദ്‌ഘാടനം ചെയ്ത അയോധ്യ വിമാനത്താവളം മാത്രമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
കുശിനഗർ വിമാനത്താവളത്തിൽ ആദ്യഘട്ടങ്ങളിൽ നിരവധി വിമാനങ്ങൾ വരുന്ന അവസ്ഥയുണ്ടായിരുന്നു. പ്രവർത്തനം ആരംഭിച്ച ആദ്യ ഒരു മാസം 54 വിമാനങ്ങൾ വരെ കുശിനഗർ എയർപോർട്ടിൽ എത്തിയിരുന്നു, എന്നാൽ ഒന്നര വർഷത്തിന് ശേഷം അത് വെറും ആറ് വിമാനങ്ങളായി. അടുത്ത മാസമായപ്പോഴേക്കും, അടുത്ത വർഷങ്ങളിലും അത് പൂജ്യമായി. കോടികളാണ് വിമാനത്താവളത്തിന്റെ നിർമാണത്തിനും നടത്തിപ്പിനായി അധികൃതർ പൊടിച്ചത്. എന്നിട്ടും വിമാനത്താവളം അടച്ചിടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
