തിരുവനന്തപുരം: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രമുഖർ. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷവും സിനിമാ രംഗത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണെന്ന് നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സുധീർ കരമന പറഞ്ഞു. സർക്കാർ എക്കാലത്തും സ്ത്രീകൾക്കൊപ്പമാണെന്നും നിലവിലെ കേസിൽ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ എന്നും അദ്ദേഹം കൂട്ടിിച്ചേർത്തു. ചില കാര്യങ്ങൾ വ്യക്തിപരമായി അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാനമായ നിലപാടാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പങ്കുവെച്ചത്. പരാതിയിൽ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതും കോടതി റിമാൻഡ് ചെയ്തതുമെന്ന് മന്ത്രി പറഞ്ഞു. സിനിമ സെറ്റിൽ വെച്ച് നടന്ന സംഭവത്തെക്കുറിച്ചുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി വ്യാജമാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നുമാണ് രഞ്ജിത്തിന്റെ നിലപാട്. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിക്കാതെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ പോലീസ് നടപടിയിൽ അസ്വാഭാവികമായ തിടുക്കമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്ത് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, സംഭവസമയത്ത് ലൊക്കേഷനിൽ ഉണ്ടായിരുന്നവരേയും ആഭ്യന്തര പരാതി പരിഹാര സെല്ലിലെ (ICC) അംഗങ്ങളെയും ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

