2026 ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‌വെ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ 23 റണ്‍സിനാണ് കങ്കാരുപ്പടയെ സിംബാബ്‌വെ വീഴ്ത്തിയത്. ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റിന് 169 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയ 146 റണ്‍സിന് ഓള്‍ഔട്ടായി.സിംബാബ്‌വെയ്ക്ക് വേണ്ടി ബ്ലെസിങ് മുസറബാനി നാലും ബ്രാഡ് ഇവാന്‍സ് മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ ബ്രയാന്‍ ബെണ്ണറ്റിന്റെ അര്‍ധ സെഞ്ച്വറിയാണ് സിംബാബ്‌വെയ്ക്ക് കരുത്തായത്.
56 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത ബെണ്ണറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 35 റണ്‍സെടുത്ത് തടിവന്‍ഷെ മറുമാണിയും 30 പന്തില്‍ 35 റണ്‍സെടുത്ത റയാന്‍ ബേളും പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
താരതമ്യേന കുഞ്ഞൻ സ്കോർ ആയിരുന്നിട്ടും മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷയുണർത്താൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല. ഓപ്പണർമാരായ ജോഷ് ഇംഗ്ലിസിനും (8) ക്യാപ്റ്റൻ ട്രാവിസ് ഹെഡിനും (17) പിന്നാലെ കാമറൂൺ ഗ്രീനും (0) ടിം ഡേവിഡും (0) കൂടാരം കയറുമ്പോൾ ഓസീസ് സ്കോർ ബോർഡിൽ വെറും 29 റൺസായിരുന്നു ഉണ്ടായിരുന്നത്.
തുടർന്ന് ഗ്ലെൻ മാക്സ്‌വെല്ലും (32 പന്തിൽ 31) മാറ്റ് റെൻഷോയും (44 പന്തിൽ 65) ഓസീസിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാക്സ്‌വെല്ലിനെ റയാൻ ബേൾ ക്ലീൻ ബൗൾഡ് ചെയ്തതോടെ ഓസ്ട്രേലിയ വീണ്ടും തകർന്നു. ഓൾറൗണ്ടർമാരായ മാർകസ് സ്റ്റോയ്നിസിനും (6) ബെൻ ഡ്വാർഷ്യൂസിനും (6) പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ ഓസ്ട്രേലിയ പരാജയം ഉറപ്പിക്കുകയായിരുന്നു.
