ടി20 ലോകകപ്പ് ആവേശ സെമിയില്‍ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. വിക്കറ്റിന് പിന്നിലും നിർണായക താരമായി.
ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേല്‍ സെഞ്ച്വറി നേടിയെങ്കിലും മത്സരം ജയിപ്പിച്ച ഇന്നിംഗ്സ് സഞ്ജുവിന്റേതായതിനാലാണ് സഞ്ജുിവനെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു ഇന്ത്യക്കായി കളിയിലെ താരമാകുന്നത് വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നായിരുന്നു സഞ്ജു കളിയിലെ താരമായത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്. വളരെ സന്തോഷം തോന്നുന്നു. കഴിഞ്ഞ മത്സരത്തിൽ തന്നെ ഞാൻ ഫോമിലായിരുന്നു. ആ ഫോം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉറപ്പിച്ചിരുന്നു, അഭിഷേക് തുടക്കത്തില്‍ പുറത്തായതോടെ ക്രീസിൽ കൂടുതല്‍ നേരം ചെലവഴിക്കണമെന്ന് തീരുമാനിച്ചിരുന്നു, സഞ്ജു പറഞ്ഞു.
മത്സരത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുകളായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ജസ്പ്രീത് ബുംറയ്ക്കുള്ളതാണ്. അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം. ഈ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ അദ്ദേഹത്തിനാണ് ലഭിക്കേണ്ടത്. ഡെത്ത് ഓവറുകളിൽ അദ്ദേഹം അത്രയും മികച്ച രീതിയിൽ പന്തെറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഈ അവാർഡ് വേദിയിൽ നിൽക്കില്ലായിരുന്നു-സഞ്ജു പ്രതികരിച്ചു.
മത്സരത്തിലെ തന്റെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിനെ പുറത്താക്കി ബുംറ ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 500-ാം വിക്കറ്റാണ് ബുംറ വാംഖഡെയിൽ ആഘോഷിച്ചത്. ശേഷം എല്ലാവരും അടികൊണ്ടപ്പോൾ ബുംറ മാത്രമാണ് റൺസ് വിട്ടുകൊടുക്കാതിരുന്നത്. നാലോവറിൽ 33 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. പോരാത്തതിന് താരത്തിന്റെ പതിനെട്ടാം ഓവറും ക്രൂഷ്യലായി.

