ടി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ സൂപ്പർ എട്ട് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. നെതർലാൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഈ മത്സരത്തിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ഇന്ത്യ പകരക്കാരെ പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സൂപ്പർ-8 പോരാട്ടങ്ങൾക്ക് മുൻപായി പകരക്കാരുടെ മികവ് പരീക്ഷിക്കാനും പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാനുമാണ് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം. ലോകകപ്പില്‍ ഇതുവരെ കാര്യമായി അവസരം കിട്ടാത്ത താരങ്ങളെ നെതര്ലന്‍ഡ‍്സിനെതിരെ ഇന്ത്യ കളത്തിലിറക്കുമെന്നാണ് കരുതുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ നിരയിൽ മൂന്ന് പ്രധാന മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ബൗളിംഗ് നിരയിലാണ് കൂടുതല്‍ മാറ്റങ്ങളുണ്ടാകുക എന്നാണ് വിലയിരുത്തല്‍.
നിര്‍ണായക സൂപ്പർ-8 മത്സരങ്ങൾക്ക് മുമ്പായി പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം നൽകിയേക്കും. ബുമ്രയ്ക്ക് പകരം പാകിസ്ഥാനെതിരെ പുറത്തിരുന്ന അർഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്താനാണ് സാധ്യത.
പാകിസ്ഥാനെതിരായ മത്സരത്തിൽ കളിച്ച കുൽദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമെന്നാണ് കരുതുന്നത്. ബാറ്റിംഗ് മികവ് കൂടി പരീക്ഷിക്കാനായി വാഷിംഗ്ടൺ സുന്ദറെ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ അവസരം നല്‍കും.
പാകിസ്ഥാനെതിരെ ഒരേയൊരു സ്പെഷ്യലിസ്റ്റ് പേസറെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിട്ടത് ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്സിനെതിരെ ബുമ്രക്ക് വിശ്രമം അനുവദിക്കുമ്പോള്‍ അര്‍ഷ്ദീപിനൊപ്പം മുഹമ്മദ് സിറാജിനും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് കരുതുന്നത്.
നിര്‍ണായക സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് വിശ്രമം അനവുദിച്ചാല്‍ അഭിഷേക് ശര്‍മക്കൊപ്പം ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തും. പാകിസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇഷാന്‍ കിഷന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ കിഷന് വിശ്രമം അനുവദിച്ച് സഞ്ജുവിനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.
മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ബാറ്റിംഗ് നിരയില്‍ റിങ്കു സിംഗ് പുറത്താകും. ആദ്യ രണ്ട് കളികളിലും റിങ്കുവിന് വലിയ സ്കോര്‍ നേടാനായിരുന്നില്ല. പാകിസ്ഥാനെതിരെ അവസാന ഓവറില്‍ തകര്‍പ്പന്‍ സിക്സും ഫോറും നേടി റിങ്കു തിളങ്ങിയിരുന്നു.
ഇന്ത്യയുടെ സാധ്യതാ ഇലവൻ
അഭിഷേക് ശർമ, സഞ്ജു സാംസണ്‍, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി.
