മനസ് മരവിച്ചിട്ടില്ലാത്ത മനുഷ്യർക്കെല്ലാം ഉറങ്ങാൻ കഴിയാത്ത ഒരു രാത്രിയാണ് കഴിഞ്ഞുപോയത്. അറിവിന്റെ ആലയങ്ങളായിരിക്കേണ്ട ക്യാമ്പസുകൾ വീണ്ടും ഒരു വിദ്യാർത്ഥിയുടെ ജീവൻ കവർന്നെടുത്തു എന്ന വാർത്ത, സമൂഹമനസ്സിനെ തളർത്തുന്നതാണ്. ‘മാതാപിതാ ഗുരു ദൈവം’ എന്ന മഹത്തായ വാക്കുകൾ കേട്ട് വളർന്ന ഒരു സമൂഹത്തിൽ, ഗുരുവിന്റെ വാക്ക് തന്നെ ഒരു വിദ്യാർഥിയുടെ അവസാന ശ്വാസത്തിലേക്ക് നയിച്ചെന്ന ആരോപണം അതീവ ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. കണ്ണൂർ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ ബി.ഡി.എസ് വിദ്യാർത്ഥിയായ നിധിൻ രാജ് മരിച്ചുവീണ സംഭവം, സാധാരണ ആത്മഹത്യയായി ഒതുക്കാനാവാത്തതാണെന്ന് കുടുംബത്തിന്റെ വേദന വ്യക്തമാക്കുന്നു. ജാതിയും നിറവും അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങൾ മാനസികമായി തളർത്തി എന്ന ആരോപണം, ഒരു വ്യക്തിയുടേതോ ഒരു സ്ഥാപനത്തിന്റേതോ മാത്രമല്ല-സമൂഹത്തിന്റെ അടിയുറച്ച രോഗത്തിന്റെ തെളിവാണ്. ഈ കാലഘട്ടത്തിലും ക്യാമ്പസുകളിൽ ജാതിവിവേചനം തുടരുന്നു എന്നത് അതീവ ഭീതിജനകമാണ്. നിയമങ്ങളും ചട്ടങ്ങളും ഉണ്ടെങ്കിലും, അവയുടെ ആത്മാവ് പ്രയോഗത്തിൽ കാണാതാകുമ്പോൾ അവയുടെ ശക്തി നഷ്ടപ്പെടുന്നു. 1989ലെ എസ്.സി/എസ്.ടി അതിക്രമനിരോധന നിയമം പോലുള്ള ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും, അതിന്റെ പ്രതിരോധശേഷി ക്ഷയിച്ചുപോയതായി ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനത്തെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയ രോഹിത് വെമുലയുടെ ആത്മത്യാഗത്തിന് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും, അവിടെ നിന്ന് പഠിക്കേണ്ട പാഠങ്ങൾ സമൂഹം മുഴുവൻ ഉൾക്കൊണ്ടിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്. നിധിൻ രാജിന്റെ മരണം, അതേ വേദനയുടെ പുതിയ അധ്യായമാകരുത്. ഇത് ഒരു ‘ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ’ എന്ന നിലയിൽ കാണേണ്ട സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ, അതിന്റെ ഉത്തരവാദിത്വം വ്യക്തികളിൽ മാത്രം ഒതുങ്ങുന്നില്ല-സംവിധാനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ക്യാമ്പസുകൾ അറിവിന്റെ കേന്ദ്രങ്ങളാകേണ്ടതിന്ന് പകരം, അധികാരവൽക്കരണത്തിന്റെയും വിവേചനത്തിന്റെയും വേദികളായി മാറുന്നത് ഗുരുതരമായ സാമൂഹിക തകർച്ചയുടെ സൂചനയാണ്. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും സുരക്ഷയും നൽകേണ്ട അധ്യാപകർ തന്നെ അവരെ തകർക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ, അത് വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്നു. ‘ജാതി ചോദിക്കരുത്, പറയരുത്’ എന്നത് പാഠപുസ്തകത്തിലെ ഒരു പാരഗ്രാഫായി മാത്രം ഒതുങ്ങിയതിനാലാണ് യാഥാർത്ഥ്യജീവിതത്തിൽ അതിന്റെ പ്രയോഗം ഇല്ലാതാകുന്നത്. മനുഷ്യ മനസ്സുകളിൽ ഇന്നും നിലനിൽക്കുന്ന ജാതിയും വർഗ്ഗവും നിറവ്യത്യാസവും എന്ന വേരുകൾ പിഴുതെറിയാൻ വിദ്യാഭ്യാസവും നിയമവും ഒരുപോലെ പ്രവർത്തിക്കേണ്ടതുണ്ട്. ക്യാമ്പസുകളിൽ ജാതിവിവേചനം തടയാൻ പ്രത്യേകമായ ശക്തമായ നിയമവും സംവിധാനവും ആവശ്യമാണ് എന്ന ആവശ്യം പുതിയത് അല്ല. എന്നാൽ അതിന്റെ പ്രാവർത്തികതയിലുണ്ടാകുന്ന വൈകല്യങ്ങളാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. നീതി നിഷേധിക്കപ്പെടുന്നവർക്കായി നിലകൊള്ളേണ്ട അധികാര സംവിധാനങ്ങൾ മിണ്ടാതിരുന്നാൽ, അത് അനീതിക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. ഒരു വിദ്യാർത്ഥിയുടെ മരണം ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുടെ തകർച്ച മാത്രമല്ല-സമൂഹത്തിന്റെ മനുഷ്യത്വത്തിന് കിട്ടുന്ന ഒരു വലിയ അടിയുമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയവും അധികാര പോരാട്ടങ്ങളും നിറഞ്ഞ സമയത്ത് ഇത്തരം സംഭവങ്ങൾ മറഞ്ഞുപോകാൻ പാടില്ല. നിധിൻ രാജിന്റെ മരണം മറ്റൊരു കണക്കായി മാറരുത്. ജീവിച്ചിരിക്കുമ്പോൾ നീതി ലഭിക്കാതെ പോയവർക്ക് മരിച്ചാലെങ്കിലും നീതി ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, മനുഷ്യസമൂഹം എന്ന ആശയത്തോടുള്ള വിശ്വാസം തന്നെ തകർന്നുപോകും.

