Home Nirakkoottuകേട്ടു മറന്നതുപോലെ…

കേട്ടു മറന്നതുപോലെ…

by news_desk
0 comments

റീ ൽസിലും, കവറുകളിലും, റീമിക്സുകളിലും എന്തിന് റിംഗ്ടോൺ സ്പെയ്സ് വരെ കവർന്നെടുത്തൊരു പാട്ടുണ്ട്.
ഒരു ക്ലിക്ക് മതി , ഒരു കേൾവി മതി ഹൃദയം പിടിക്കാൻ എന്ന് കരുതുന്ന കാലത്ത് ഇത്രയും അധികാരം നേടിയ ശബ്ദം റിംഗ്ടോണായി മുഴങ്ങുമ്പോഴും, അത് വിളിക്കുന്നത് ഫോൺ അല്ല ഓർമകളെയാണ്.
കാലം മറക്കാൻ ശ്രമിച്ചാലും ഓർമകൾ വിട്ടൊഴിയാൻ വിസമ്മതിക്കുന്ന പോലെ ആദ്യ കേൾവിയിൽ തന്നെ ചെവിയിലും മനസ്സിലും പൂട്ടിയിടുന്ന ശബ്ദം.
ഒരു പാട്ട് എങ്ങനെ തലമുറകളുടെ വികാരഭാഷയായി മാറുന്നു എന്ന് തെളിയിക്കുന്ന അടയാള വാക്യം പോലെ ഇന്നും ഇന്നലെയും നാളെയും ഇത് നമ്മെ തേടി തന്നെ വരുന്നു.
സ്ക്രീനുകളിലൂടെ മാത്രമല്ല ജീവിതങ്ങളുടെ ഉള്ളിലേക്കാണ് ഇതിൻ്റെ യാത്ര.
റെട്രോയുടെ മധുരവും ആധുനികതയുടെ കൃത്യതയും ഒരേ ശ്വാസത്തിൽ ചേർത്തു നിർത്തി, ശബ്ദത്തിൻ്റെ ശുദ്ധിയും ആലാപനത്തിലെ നിയന്ത്രണവും ചേർത്ത് ‘കളങ്കാവ്’ സിനിമയിലെ ഓരോ പാട്ടിനെയും അനുഭവമാക്കി, അനശ്വരമാക്കി മാറ്റിയത് മറ്റാരുമല്ല; എറണാകുളം, ഹരിപ്പാട് സ്വദേശിയും വീട്ടമ്മയുമായ സിന്ധു ഡെൽ സനാണ്. അവർ തൻ്റെ പാട്ടനുഭവങ്ങളും, ക്രിസ്തുമസ് വിശേഷങ്ങളുമായ് തനിനിറത്തിനൊപ്പം…..

സ്വപ്നം പോലെ…

മമ്മുട്ടി നായകനാകുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിലെ ‘നിലാ കായും വെളിച്ചം…’ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ കേട്ടവരെല്ലാം പറഞ്ഞു ‘ ശബ്ദം വല്ലാത്തൊരു ഫീൽ…എവിടെയോ എന്തോ കേട്ടു മറന്നതു പോലെ…’
വലിയ റിയാലിറ്റി ഷോകളിലോ എന്തിന് ചെറിയ സ്റ്റേജ് പ്രോഗ്രാമുകളിൽപ്പോലും പാടിയിട്ടില്ലാത്ത സിന്ധു ഡെൽസൺ ആദ്യ സിനിമാ ഗാനം പുറത്തിറങ്ങിയപ്പോൾ, പാട്ട് എല്ലാവരും ഏറ്റെടുത്തപ്പോൾ , ഇങ്ങനെ വൈറലാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു. വീട്ടിലും അടുക്കളയിലുമൊക്കെ പണിയെടുത്തും ,പാട്ടുപാടിയുമൊക്കെ നടക്കുന്നതിനിടക്ക് ഇങ്ങനെയൊരു ബിഗ് സ്ക്രീനിൽ പാട്ട് പാടാൻ പറ്റിയതും, പടം റിലീസ് ആകുന്നതിനു മുൻപു തന്നെ ചിത്രത്തിലെ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ മമ്മുക്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതും നിമിഷങ്ങൾക്കകം പ്രേക്ഷകർ അതേറ്റെടുക്കുന്നതുമൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു..

‘കളങ്കാവലി’ലേക്ക്

അതോർക്കുമ്പോൾ ഇപ്പോഴും സിന്ധുവിന് വിശ്വസിക്കുവാൻ കഴിയുന്നില്ല. മകനായ നെവിൻ സി. ഡെൻസൺ അമ്മയോട് പതിവു പോലെ ഒരു പാട്ട് പാടാൻ ആവശ്യപ്പെടുന്നു. ‘അതിനെന്താ പാടിത്തരാലോ…’എന്ന് അമ്മയും.അതെ, ഇവിടെ നിന്നുമാണ് മലയാള സിനിമാ ലോകം ഏറ്റെടുത്ത ഒരു വീട്ടമ്മയുടെ സ്വരം കേരളമാകെ നിറയുന്നത്.

സംഗീത സംവിധായകൻ മുജീബ് മജീദിൻ്റെ അഡീഷനൽ പ്രോഗ്രാമറായി ജോലി ചെയ്യുന്ന നെവിൻ സി. ഡെൽസൺ കളങ്കാവൽ സിനിമയുടെ ജോലികൾ പുരോഗമിക്കുന്നതിനിടയിലായിരുന്നു അത്. നെവിൻ പാട്ടിൻ്റെ വരികൾ അമ്മക്ക് പാടിക്കൊടുത്തു. പഴയ പാട്ടുകളെ ഇഷ്ടപ്പെട്ടിരുന്ന എപ്പോഴും പാടി നടക്കുന്ന അമ്മയുടെ സ്വരം ആ പാട്ടിന് യോജിക്കുമോ എന്നറിയാനായിരുന്നു നെവിൻ ശ്രമിച്ചത്.വീട്ടിൽ തന്നെ ഒരുക്കിയിരുന്ന സ്റ്റുഡിയോയിലാണ് സിന്ധു അന്നത് പാടിയത്. നെവിൻ സംവിധായകൻ ജിതിൻ കെ. ജോസിനേയും, മുജീബിനെയും നടൻ മമ്മുക്കയേയും കേൾപ്പിച്ചു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു മമ്മുക്കയടക്കമുള്ളവർ ഡബിൾ ഓകെ പറയുന്നതും, വിനായക് ശശികുമാർ വരികളെഴുതി,മുജീബ് മജീദ് സംവിധാനം ചെയ്ത ഗാനം എറണാകുളത്തെ സ്റ്റുഡിയോവിൽ റെക്കോർഡ് ചെയ്യുന്നതും. മകൻ തന്നെയാണ് പാട്ട് റെക്കോർഡ് ചെയ്തതെന്നുമാണ് മറ്റൊരു വലിയ സന്തോഷം.

ആദ്യ പാട്ടനുഭവം

നാലാളുടെ മുന്നിൽ നിന്നു പാടുന്നതു തന്നെ ഇതാദ്യമായാണ്. സ്മ്യൂൾ പോലുള്ള ആപ്പുകളിലും, വാട്സ്സാപ്പ് പാട്ട് ഗ്രൂപ്പുകളിലുമൊക്കെ പാടാറുണ്ട്.
ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്. സിന്ധു ഡെൽസൺ പറയുന്നു. മകൻ നെവിന് വീട്ടിലൊരു ഹോം സ്റ്റുഡിയോ ഉണ്ട്. സാധാരണ അവിടെയിരുന്ന് പാട്ട് പാടാ റുണ്ടായിരുന്നതിനാൽ റെക്കോർഡിംഗ് എന്നൊരു ടെൻഷൻ കുറവായിരുന്നു. എങ്കിലും മമ്മുക്കയുടെ മുന്നിൽ സാമാന്യം വിറയലൊക്കെ ഉണ്ടായിരുന്നുവെങ്കിലും എല്ലാം ഭംഗിയായി.

ആത്മാവിലലിഞ്ഞ്…

സ്കൂളിൽ പഠിക്കുന്ന കാലത്ത് രണ്ട് വർഷത്തോളം സംഗീതം ശാസ്ത്രീയമായി അഭ്യസിച്ച സിന്ധുവിന് അതൊരു ലഹരിയായിരുന്നു. പാട്ട് പാടുക പാടിക്കൊണ്ടേയിരിക്കുക..എസ്. ജാനകിയമ്മ, മിൻമിനി,വാണിയമ്മയുടെയുമൊക്കെ പാട്ടുകൾ കേൾക്കുകയും പാടുന്നതും പതിവായിരുന്നു. ശ്രേയാ ഘോഷിൻ്റെ പാട്ടുകൾ സിന്ധുവിന് ഒരു പാട് ഇഷ്ടമാണ്. അവരുടെ എല്ലാ പാട്ടുകളും പാടാറുണ്ട്. മറ്റു ഭാഷാ ഗാനങ്ങളും പാടാൻ ശ്രമിക്കും. എന്നാൽ പഴയ സിനിമ പാട്ടുകളോട് വല്ലാത്തൊരു ആകർഷണമാണെന്നാണ് സിന്ധു ഡെൽസൺ പറയുന്നത്.

ശബ്ദത്തിൻ്റെ മാന്ത്രികത

ശബ്ദം നന്നാവാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിരുന്നില്ല. സംസാരിക്കുമ്പോൾ ഉള്ള സ്വരമല്ല എനിക്ക് പാടുമ്പോൾ ഉള്ളത്. അതൊരു വലിയ ചെയ്ഞ്ചാണ്. ജാനകിയമ്മയുടെയും ഇളയരാജയുടെയും പാട്ടുകൾ ഈ സമയം ധാരളമായി കേട്ടിരുന്നു.
‘കളങ്കാവ’ലിലെ മൂന്ന് പാട്ടുകൾ ഉണ്ടായിരുന്നു. നൊസ്റ്റാൾജിയ ഫീൽ എൻ്റെ ശബ്ദത്തിൽ നന്നായി ചെയ്യാൻ പറ്റി.

ക്രിസ്തുമസ് പാട്ടുകാലം

സിന്ധു ഡെൽസന് ക്രിസ്തുമസ് പാട്ടുകാലമാണ്. കൂടുതലായി വാട്സപ്പ് സോംഗ് ഗ്രൂപ്പിൽ സചീവമായ നിൽക്കുന്നതുകൊണ്ട് ക്രിസ്തീയ ഗാനങ്ങളെടുത്ത് പാടിയിടുന്ന പതിവുണ്ട്. ഭർത്താവ് ഡെൽസൺ ക്രിസ്ത്യാനിയും സിന്ധു ഹിന്ദുവുമാണ് രണ്ടു പേരുടെയും ആഘോഷങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. ലെയ്റ്റിൻ്റെ ഷോപ്പ് ഉള്ളതുകൊണ്ട് തന്നെ ക്രിസ്തുമസ് ട്രീയും നക്ഷത്രവുമെല്ലാം വലിയ ആർഭാടമായി തന്നെ ഒരുക്കുന്ന പതിവുണ്ട്.

സംഗീതം ജീവിതം

പാട്ട് ജീവനാണെങ്കിലും കാര്യമായ പരിചരണം കൊടുക്കാറില്ലായിരുന്നു ഇപ്പോൾ സംഗീതം പഠിക്കുന്നുണ്ട്. കുടുംബം കൂടെ തന്നെയുണ്ട് അതാണ് ഭാഗ്യം. ഭർത്താവ് ഡെൽസൺ ബിസിനസുകാരനാണ്. മൂത്ത മകൻ നെവിന് സംഗീതത്തോട് താൽപര്യമുണ്ടായിരുന്നു. റിയാലിറ്റി ഷോകളിലടക്കം എല്ലാ സംഗീത പരിപാടിയിലും അവനെ പങ്കെടുപ്പിക്കും. അതിനു വേണ്ടിയുള്ള യാത്രകൾ സിന്ധു ഡെൽസൻ്റെയും സംഗീത യാത്രയായി. നെവിൻ ഓഡിയോഗ്രഫിയിൽ ബിരുദം എടുത്തു. ഗോപി സുന്ദറിൻ്റെ കൂടെ സൗണ്ട് എഞ്ചിനീയറായി ജോലി ചെയ്തു. രണ്ടാമത്തെ മകൻ മെബിൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

You may also like