Home Nirakkoottuചാഴൂരിലുണ്ട് പത്മഗീതം.

ചാഴൂരിലുണ്ട് പത്മഗീതം.

by news_desk
0 comments

നമ്മൾ കൈയിലെടുക്കുന്ന ഓരോ താമരപ്പൂവും വെറുമൊരു പൂവല്ല. അത് ചെളിയിൽ കാലിറക്കി നിൽക്കുന്ന ഒരാളുടെ ജീവിതമാണ്. രാവിലെ വിരിയുന്ന പൂക്കൾ കാണുമ്പോൾ, അതിന് പിന്നിൽ ഉറക്കമൊഴിഞ്ഞ രാവുകളും മഴയും കാറ്റും മിന്നലും സഹിച്ച അധ്വാനവും പലർക്കും ഓർമ്മയാകാറില്ല.വിപണിയിൽ പൂക്കൾക്ക് വില ഉയരുമ്പോഴും, ആ വിലയുടെ മൂല്യം കർഷകന്റെ കൈകളിലെത്തുന്നില്ല. മനോഹരമായി വിരിയുന്ന താമരകൾ, പലപ്പോഴും കഷ്ടപ്പാടുകളുടെ നിശ്ശബ്ദ സാക്ഷ്യങ്ങളാണ്. ചാഴൂർ കോൾ പാടത്തെ മൂന്നേക്കർ താമരക്കുളത്തിൻ്റെ അമരത്തിരുന്ന് ഗീത പങ്കായം നീട്ടിത്തുഴഞ്ഞു.


പടർന്ന് നിറഞ്ഞ് താമരപ്പാടം
ആദ്യകാലത്ത് രണ്ടേക്കർ വരുന്ന പാടത്ത് നെൽകൃഷിയായിരുന്നു ചെയ്തിരുന്നത്. പുളിനിലമായിരുന്നതു കൊണ്ട് കാലക്രമേണ കൃഷിയെല്ലാം നശിച്ചുപോവുകയായിരുന്നു. വെള്ളവും, മണ്ണും ചേർന്ന ഭൂമിയായതുകൊണ്ട് ഒരു പരീക്ഷണമായാണ് ഗീതയുടെ ഭർത്താവ് വലിയ പറമ്പിൽ സുരേഷ് താമര കൃഷി തുടങ്ങിയത്. നല്ല വരുമാനം ലഭിക്കുമെന്നറിയാമായിരുന്നു, പക്ഷേ ഇത്രയും വിജയകരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നട്ട താമരകൾ പതിയെ വേരോടി, പടർന്ന് പന്തലിച്ച് ജലപരപ്പാകെ നിറഞ്ഞു. അതിശയിപ്പിക്കുന്ന വിധത്തിലാണത് മുന്നേറിയത്.
അതിരാവിലെ എഴുന്നേറ്റ് വഞ്ചി തുഴഞ്ഞ് മഴയും കാറ്റും മിന്നലും വകവെയ്ക്കാതെ സുരേഷ് താമര പൊട്ടിക്കാൻ പോകും. അന്നൊക്കെ ആരെങ്കിലുമൊക്കെ സഹായത്തിന് കൂടുമായിരുന്നു.
കച്ചവടം വർധിച്ചത്തോടെ ഗീതയും ഒപ്പം പോകാൻ തുടങ്ങി. അതിരാവിലെയുള്ള ആ യാത്രകൾ ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
അതിജീവന തന്ത്രം
ചേട്ടൻ പോയിട്ട് ഏഴ് വർഷമാകുമ്പോഴെക്കും ക്ഷേത്രങ്ങളിൽ നിന്നും വിവാഹ മണ്ഡപങ്ങളിലേക്കും നാട്ടു വഴികളിൽ നിന്ന് ദൂരദേശങ്ങളിലേക്കും താമര കൃഷി എന്നതിൽ നിന്നും ജീവിതത്തിൻ്റെ തുടർച്ചയായത് മാറി കഴിഞ്ഞിരുന്നു.

അതിരാവിലെ അതും മഴയും മഞ്ഞും കാറ്റും മിന്നലുമൊക്കെയുള്ളപ്പോൾ ആദ്യമൊക്കെ പേടി തോന്നിയിരുന്നു. എന്നാലും പൂപറിക്കൽ നിർത്തിവയ്ക്കാൻ കഴിയില്ല. അതുപോലെ കാറ്റ് ശക്തമായാൽ വഞ്ചി പിടിച്ചു നിൽക്കുക തന്നെ പ്രയാസമാകും. അപ്പോൾ നമ്മളെ മുന്നോട്ട് നയിക്കുന്നത് ശരീരബലം മാത്രമല്ല; മനസ്സിൻ്റെ ധൈര്യമാണെന്ന് ഗീത പറയുന്നു.
വർഷക്കാലം ആകുമ്പോൾ മുഴുവൻ സമയവും വഞ്ചി വേണ്ടി വരും. ഇപ്പോൾ വെള്ളം കുറവായതിനാൽ ചില ഭാഗങ്ങളിൽ മാത്രം വഞ്ചി ഉപയോഗിച്ചാൽ മതി. മറ്റ് ഭാഗങ്ങളിൽ ആറാളോളം താഴ്ചയുണ്ട്.
സുരേഷേട്ടൻ അന്ന് ഇതിനൊക്കെ പോകുമ്പോൾ, എന്നേയും കൂടെ കൂട്ടുമായിരുന്നതുകൊണ്ടാണ് ഞാൻ വഞ്ചി തുഴയാനൊക്കെ പഠിച്ചത്.
ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം അവസാനിക്കും. അന്നൊന്നും അങ്ങനെയൊരു ആശങ്ക ഉണ്ടായിരുന്നില്ല.
മൂന്നേക്കറിലേക്ക്…..


അന്ന് താമരക്കുളത്തേക്ക് ചാലിനും റോഡിനും വേണ്ടി കുറച്ച് അധികം സ്ഥലം വിട്ടുകൊടുത്തു. താമരക്ക് ആവശ്യക്കാർ കൂടിയപ്പോഴാണ് ഒരു ഏക്കർ സ്ഥലം കൂടി വാങ്ങി മൂന്നേക്കർ ആക്കിയത്.അമ്പലത്തിലേക്ക് മാല കെട്ടാനായി പൂവുകളാണ് ആവശ്യം. താമരയുടെ ഇതളുകൾ പൂജാകടകളിൽ മാല കെട്ടാൻ ഉപയോഗിക്കും. അത് തൂക്കത്തിനും വിൽക്കാം. കടകളിലേക്ക് മുട്ടുകളാണ് പോവുക. മുട്ട് പൊട്ടിച്ചു കഴിഞ്ഞാൽ വിരിയില്ല. പിറ്റേ ദിവസവും അവർക്കത് വിൽപ്പന നടത്താവുന്നതാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് പൂവിന് ചിലവുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിലേക്കൊന്നും പൂക്കൾ വേണ്ടായിരുന്നു. എന്നാൽ ആവണങ്ങാട്ടു ക്ഷേത്രം നടത്തിപ്പുകാർ നാടിൻ്റെ നന്മക്കായി വലിയ തിരുമേനിയുടെ സാന്നിധ്യത്തിൽ പൂജകൾ നടത്തിയിരുന്നതുകൊണ്ട് ഗീതയിൽ നിന്നും ആയിരം പൂക്കൾ ദിവസവും അവരെടുത്തിരുന്നു. അത് അവർക്ക് വലിയൊരാശ്വാസമായിരുന്നു.
പൂർണ്ണമായും ഉപയോഗിക്കപ്പെടുന്ന ഒരു പൂവ്


താമരയുടെ ഓരോ ഭാഗവും ഉപയോഗപ്രദമാണ്. ഇല, തണ്ട്, വിത്ത്, കിഴങ്ങ് വരെ. താമരയുടെ അടിയിലുണ്ടാകുന്ന കിഴങ്ങ് കറി വെച്ച് കഴിക്കാൻ പറ്റും.താമരയുടെ ഇല കുട്ടികളുടെ പിറന്നാളിന് ഊണ് കഴിക്കാൻ കൊണ്ടുപോകാറുണ്ട്. കൂടാതെ അമ്പലത്തിലേക്കും കൊണ്ടു പോകും. “താമരവളയം” അടിത്തൊട്ട് മുടി വരെയുള്ള ഭാഗങ്ങളാണ് ഇതിനായി ഉപയോഗിക്കുക. പ്രധാനമായും ക്ഷേത്രങ്ങളില്ലേക്കാണ് കൊണ്ടുപോവുക.വീട്ടിലേക്കും വാങ്ങിച്ചു പോകുന്നവരുണ്ട്. ഞങ്ങളിൽ നിന്ന് ചെറിയ തെളിയിക്കാൻ കച്ചവടക്കാർ വാങ്ങിക്കൊണ്ടുപോകുന്നത് . താമര വിരിഞ്ഞു കഴിഞ്ഞാൽ ബാക്കി വരുന്ന ഷവറിൻ്റെ ആകൃതിയിലുള്ള ഭാഗത്ത് അഞ്ചോ ആറോ വിത്തുകളുണ്ടാകും
താമരയുടെ വിത്ത് മുളപ്പിക്കാം.സ്വാമികൾ ധരിക്കുന്ന സ്വർണ്ണത്തിൻ്റെ ഇലഞ്ഞിപ്പൂമാലയുടെ രണ്ടരികുകളിലും താമര വിത്ത് കോർത്തിടാറുണ്ട്.
താമര പൂവിനുള്ളിലെ മഞ്ഞയരിപോലുള്ള ഭാഗങ്ങളുണ്ട്. അത് കഷായത്തിൽ വിശേഷപ്പെട്ടതാണ്. ഒരു കിലോക്ക് 2000 രൂ വരെ ലഭിക്കും. താമരയുടെ ഇല മുറിച്ചെടുത്ത് അതിൽ ചോറ് ഊറ്റിയിട്ട്, താളിച്ച് കെട്ടിപ്പൊതിഞ്ഞു വയ്ക്കും അങ്ങനെ കുറച്ചു നാൾ അടുപ്പിച്ചു ചെയ്താൽ മുഖത്തിന് നല്ല സൗന്ദര്യം ഉണ്ടാകുമെന്നാണ് ആയൂർവേദം പറയുന്നത്.
അതിജീവനത്തിൻ്റെ മധുരം


എന്നാൽ താമര കൃഷി എല്ലായ്പ്പോഴും ഒരു പോലെ ആയിരിക്കില്ലെന്ന് ഗീത പറയുന്നു.
പൂവിൻ്റെ സീസണല്ലാത്ത സമയങ്ങളിൽ നഷ്ടം ഉറപ്പാണ്. വെള്ളം അധികമായാൽ എല്ലാം നശിക്കും. ജൂൺ,ജൂലൈ,ആഗസ്റ്റ് സെപ്തംബർ മാസങ്ങൾ പൂക്കളൊന്നും ഉണ്ടായിരിക്കില്ല. പിന്നെ ഒക്ടോബറും നവംബറും തുടങ്ങുമ്പോഴാണ് വെള്ളത്തിനുമേൽ ആദ്യത്തെ മുട്ടുകൾ കാണുന്നത്. കാത്തിരിപ്പിന് അതിജീവനത്തിൻ്റെ മധുരമുണ്ടെന്ന് ഗീത പറയുന്നു. ആ സമയം തന്നെ വെള്ളത്തിൽ ചണ്ടിയും കുളവാഴയും അധികമായി പടർന്നാൽ കൃഷി നിലനിർത്താൻ വലിയ തുക തന്നെ ചെലവഴിക്കേണ്ടിവരും. ചില വർഷങ്ങളിൽ ഒരു ലക്ഷം രൂപ വരെ ചിലവാകുന്ന സാഹചര്യം വരും. കുളവാഴ നീക്കം ചെയ്യുന്നത് വെള്ളത്തിനുള്ളിലെ അപകടകരമായ ജോലിയാണ്. വെള്ളത്തിൽ ഇറങ്ങി ജോലി ചെയ്യുന്നവർ പറയുന്ന വില കൊടുക്കാതെ വഴിയില്ല. അവർക്കത് ജീവനും സുരക്ഷയും ചേർന്ന ജോലി തന്നെയല്ലേ എന്നാണ് ഗീതയുടെ അഭിപ്രായം.


ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്
താമര കൃഷിക്ക് വഞ്ചിയും ഒരു അവിഭാജ്യ ഘടകമാണ്. വഞ്ചി ഒരിക്കൽ വാങ്ങിയാൽ എന്നും ഉപയോഗിക്കേണ്ടി വരാറില്ല. വെള്ളപൊക്കത്തിൻ്റെ കാലത്ത് വഞ്ചി നാട്ടുക്കാരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി വിട്ടുകൊടുത്തിരുന്നു.വഞ്ചി കേടാകുന്നതൊന്നും കാര്യമാക്കിയില്ല. അതിനേക്കാൾ വില മനുഷ്യജീവനുതന്നെയല്ലേ എന്നാണോർത്തത്.


പ്രളയത്തിൻ്റെ സമയത്തൊക്കെ താമര കൃഷി മുഴുവനും നശിച്ചുപോയിരുന്നു. താമരക്കട പോലുമില്ലാതെ രണ്ടാമത് വിത്ത് നട്ട്, വളമിട്ട് നട്ടുപിടിപ്പിക്കേണ്ടിവന്നു.താമരവിത്ത്, താമര മുട്ട് എലികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് താമരക്കുളത്തിനുചുറ്റും എലിശല്യം രൂക്ഷമാണ്. മൂന്നേക്കർ വരുന്ന കുളത്തിനു ചുറ്റും എലിപ്പെട്ടി വെയ്ക്കും. അതിന് 38 പെട്ടി ആവശ്യമുണ്ട്. താമര മുട്ട് കൊത്തിയിടുന്ന നീലി കോഴികളുമുണ്ട്. അവിടെ അടുത്ത് തന്നെ മുട്ടയിട്ട് വിരിഞ്ഞ് പെരുകി കൂട്ടത്തോടെ താമരകുളത്തിലേക്കെത്തുന്ന നീലി കോഴികൾ വലിയ ഉപദ്രവമാണ്.

ഇത്രയൊക്കെ നഷ്ടങ്ങളുണ്ടായിട്ടും
താമര കൃഷി കർഷകനു ലഭിക്കുന്ന വില വളരെ കുറവാണെന്നു തന്നെയാണ് ഗീത പറയുന്നത്. ഒരു പൂവ് കടയിലേക്ക് കൊടുക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് വെറും തുച്ഛമായ വിലയാണ്. കഷ്ടപ്പെടുന്നവർക്ക് കാശില്ല. പൈസ ഉണ്ടാക്കുന്നത് ഇടനിലക്കാരാണ് എന്നാണ് ഗീതയുടെ പരാതി.
എന്നാലും പോകും….


പൂപറിച്ചു കഴിഞ്ഞാൽ തീരുന്നതല്ല താമരകുളത്തിലെ ജോലി. അതിനു ശേഷമാണ് യഥാർത്ഥ പണിയെന്നാണ് ഗീത പറയുന്നത്. പൂപറിച്ചു കഴിഞ്ഞാൽ ഇലയും തണ്ടുമെല്ലാം വെട്ടി മാറ്റണം. എന്നാലേ പുതിയ തളിരില ഉണ്ടാകൂ.പൂവ് പൊട്ടിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന പശ ദേഹത്ത് സ്ഥിരമായി പറ്റുമ്പോൾ അത് അലർജി, ചെറിച്ചിൽ ഉണ്ടാക്കും. അതുകൊണ്ട് കയ്യുറയും സോക്സും ഇടേണ്ടി വരും.

കാര്യം ഭംഗിയുണ്ടെങ്കിലും ഒരു പൂ വിരിഞ്ഞു കഴിഞ്ഞാൽ അതിൻ്റെ അടിയിൽ നിന്ന് പൂവിനു തൊട്ടു താഴെ വരെ നിറയെ മൂത്തുകൂർത്ത മുള്ളുകളാണെന്ന് ഗീത. എൻ്റെ കൈകളിലും ശരീരത്തും എല്ലായിടത്തും മുള്ളു കുത്തി ചോരപൊടിയും. നടന്നു പൊട്ടിക്കുമ്പോൾ പാമ്പുകളും ഉണ്ടാകും ജീവൻ പണയം വെച്ചുള്ള കളിയാണ്.
മഴയായാലും മിന്നലായാലും, എത്ര അസുഖം വന്നാലും കോട്ട് ധരിച്ച് ഗീത പൂപറിക്കാൻ പോകും. അത് ഒരിക്കലും ബുദ്ധി മുട്ടായി തോന്നിയിട്ടില്ല. കാരണം, ചെളിയിൽ കാലിറക്കി നിൽക്കുന്ന ആ പൂക്കൾ അവളുടെ ജീവിതമാണ്.

You may also like