ജ്യോതിരാജ് തെക്കൂട്ട്
ഇരു ചക്രങ്ങളിലേറി പുറപ്പെടുന്ന സൈക്കിൾ യാത്രകൾ, ഈ പയ്യന്നൂർക്കാരന് വെറും ഫിറ്റ്‌നസ് ചലഞ്ച് മാത്രല്ല; അത് ഡിജിറ്റൽ ശബ്ദത്തിൽ നിന്ന് അൺപ്ലഗ് ചെയ്യുന്ന ഒരു കലാപമാണ്. വേഗത്തെ ആരാധിക്കുന്ന ലോകത്ത് പതുക്കെ സഞ്ചരിക്കാനുള്ള ധൈര്യം, കാറുകളുടെ ഹോൺ മറികടന്ന് സ്വന്തം ഹൃദയമിടിപ്പ് കേൾക്കാനുള്ള അവസരം,ഇതെല്ലാം തന്നെയാണ് സൈക്കിൾ നൽകുന്ന പുതിയ സ്വാതന്ത്ര്യം.
പയ്യന്നൂർക്കാരുടെ ജനകീയ ശബ്ദവും, ജനനി ഹാർഡ് വെയർസ് കടയുടമയുമായ വി.വി ശിവരാമനെ , പയ്യന്നൂർക്കാരുടെ ശിവേട്ടനെ റോഡുകൾ പഠിപ്പിച്ച ഈ സത്യം, ഇന്നത്തെ യുവതലമുറയോട് പറയാനുള്ളതാണ്.
വയസ്സല്ല, മനസ്സാണ് യാത്രയെ നിശ്ചയിക്കുന്നതെന്നു ചിരിയോടെ പറയുന്ന ശിവേട്ടന് പ്രായം അറുപത്തേഴായി. കാലം മാറി, വാഹനങ്ങളുടെ ഘടനയും,വേഗതയും, സൗകര്യങ്ങളും മാറി. എന്നീട്ടും, പയ്യന്നൂരിൻ്റെ ഗ്രാമീണതയുടെ ഇടുങ്ങിയ വഴികളിലും നഗരങ്ങളുടെ തിരക്കുകൾക്കിടയിലും അന്നും ഇന്നും ഒരേ ആർജ്ജവത്തോടെ സൈക്കിൾ ചവിട്ടി യാത്ര ചെയ്യുന്ന ശിവേട്ടൻ 1974-ൽ കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് സൈക്കിൾ ചവിട്ടി തുടങ്ങുന്നത്. പിന്നീടങ്ങോട്ട് പയ്യന്നൂർ കോളേജിലേക്കും തിരിച്ച് ചന്തപുരയിലേക്കും “ഹെർക്കുലിസ് ” സൈക്കിളിലുള്ള യാത്ര പതിവാക്കി. ഇപ്പോൾ ശിവേട്ടൻ്റെ സൈക്കിൾ സവാരിക്ക് അമ്പത്തിരണ്ട് വയസ്സായിരിക്കുന്നു.
ചെറുതാകും എന്ന തോന്നൽ…
സൈക്കിൾ യാത്ര ചെയ്യുമ്പോൾ “ആൾക്കാർ എന്ത് വിചാരിക്കും…സമൂഹത്തിൽ നമ്മൾ ചെറുതായി പോകില്ലേ?” ഇന്നും പലരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു ധാരണയാണെന്ന് ശിവേട്ടൻ പറയുന്നു. എന്നാൽ സൈക്കിൾ ചവിട്ടുന്നത് ശരീരത്തിനും മനസ്സിനും നൽകുന്ന ഗുണങ്ങൾ അതിനേക്കാൾ വലുതാണ്.
നിയമിതമായ സൈക്കിൾ സവാരി ഹൃദയാരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ പേശികൾ ശക്തമാകുന്നു, ഭാരം നിയന്ത്രണത്തിൽ നിൽക്കുന്നു, ശ്വാസകോശ ശേഷി വർധിക്കുന്നു. സന്ധികൾക്ക് സൗമ്യമായ വ്യായാമവും ലഭിക്കുന്നു. അതോടൊപ്പം വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറയുന്നു; ഇന്ധന സംരക്ഷണവും ഗതാഗതക്കുരുക്ക് കുറയാനും സഹായിക്കുന്നു.
ഇന്നത്തെ കാലത്ത് വ്യായാമത്തിനായി വിലകൂടിയ ആധുനിക ഉപകരണങ്ങൾ വാങ്ങി കുറച്ചു നാൾ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നവരേറെയാണ്. എന്നാൽ പൈസ മുടക്കാതെ, വ്യായാമത്തിനായി പ്രത്യേക സമയം കണ്ടെത്താതെ, ദിവസത്തിൽ അല്പസമയം സൈക്കിൾ ഓടിച്ചാൽ മതി നാമറിയാതെ തന്നെ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ തടയാനും സാമ്പത്തിക ലാഭം നേടാനും, പ്രകൃതിയെ സംരക്ഷിക്കാനും കഴിയും എന്നാണ് ശിവേട്ടന്റെ വാക്കുകൾ.
മരങ്ങൾ വെറും തൈകളല്ല…
“ജനനി ഹരിതകേരളം” പദ്ധതിയിലൂടെ പാതയോരങ്ങളിൽ ശിവേട്ടൻ നട്ട ഫലവൃക്ഷങ്ങൾ നിരവധിയാണ് .ഇന്നത് വെറും പച്ചപ്പായി മാത്രം നിൽക്കുന്നതല്ല. വഴിയാത്രക്കാരുടെ ക്ഷീണമകറ്റുന്ന തണലായി, വിശപ്പകറ്റുന്ന ഫലമായി ഭൂമിക്ക് ആശ്വാസമാകുന്ന ശ്വാസമായി വളർന്നു നിൽക്കുന്നു.വെയിലേറ്റ് ഒരാൾ ആ മരത്തണലിൽ നിന്നു വിശ്രമിക്കുമ്പോൾ, ഒരു കുഞ്ഞ് അതിൻ്റെ പഴത്തിനു വേണ്ടി സന്തോഷത്തോടെ നോക്കുമ്പോൾ.. ഇതൊന്നും എനിക്ക് വേണ്ടിയല്ല ശിവേട്ടൻ പറയുന്നു. കുഞ്ഞിമംഗലം മുതൽ എടാട്ട് പയ്യന്നൂർ വരെ ഇദ്ദേഹം നട്ടുവളർത്തിയ ഫലവൃക്ഷങ്ങൾ നിരവധിയാണ്. വേപ്പ്,മെയ് ഫ്ലവർ പേരമരം, പകിസ്ഥാൻ മാവ് തുടങ്ങി വിവിധയിനം വൃക്ഷ തൈകളാണ് ഇദ്ദേഹം കൂടുതലും നട്ടുപിടിപ്പിക്കുക. നിർഭാഗ്യവശാൽ റോഡുവികസനത്തിനായി ഇവയിൽ പലതും മുറിക്കപ്പെട്ടതായി ശിവേട്ടൻ പറഞ്ഞു.
മരങ്ങൾ നട്ടുപിടിപ്പിക്കുമ്പോഴും വികസനത്തിന് അത്യാവശ്യമെങ്കിൽ മരങ്ങൾ മാറ്റുന്നതിലും, സമീപ കെട്ടിടങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ശിഖരങ്ങൾ വെട്ടിമാറ്റുന്നതിലും എതിരല്ലെന്ന ഉത്തമനയത്തോടെ തന്നെയാണ് ജനനി ഹരിതകേരളം പദ്ധതി നടപ്പാക്കിയത്.
കർമ്മപാതയിലെ വേറിട്ട വഴികൾ
സാമൂഹ്യ സേവന–ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരു സാധാരണക്കാരന് എത്രമാത്രം സജീവമായി പങ്കാളിയാകാമെന്നതിന് പയ്യന്നൂരിൻ്റെ ശബ്ദമായി വിശേഷിപ്പിക്കപ്പെട്ട ശിവേട്ടനെ അറിയുന്നതു മാത്രം മതി.
നീലേശ്വരം കാവിൽ ഭവൻ യോഗ & നേച്ച്വർ ക്യൂർ സെൻ്ററിൽ യോഗാചാര്യ എം.കെ രാമൻ മാസ്റ്ററുടെ കീഴിൽ 1977 മുതൽ യോഗ അഭ്യസിച്ച ശിവേട്ടൻ പയ്യന്നൂർ, കണ്ണൂർ, കാസർഗോഡ്, മാഹി തുടങ്ങി സ്ഥലങ്ങളിലെ നിരവധി സ്കൂളുകളിൽ യോഗ ട്രെയിനറായും, പി.ടി ടീച്ചറായും ജോലി ചെയ്തു. അദ്ദേഹം ഇന്ത്യൻ യോഗ ഫെഡറേഷന്റെ നാഷണൽ ജഡ്ജായും ശ്രദ്ധേയ സാന്നിധ്യമാണിന്ന്. യോഗയും, പ്രകൃതി ചികിത്സയും, ജൈവകൃഷിയുമെല്ലാം രോഗങ്ങൾ വരാതിരിക്കാൻ, വന്ന രോഗത്തെ ഇല്ലായ്മ ചെയ്യാനുമുള്ള പ്രതിവിധിയാണെന്നാണ് ശിവേട്ടൻ്റെ അഭിപ്രായവും അനുഭവവും. കേരള അഡ്വഞ്ചർ സ്പോർട്സ് പ്രമോട്ടിംഗ് അക്കാദമിയുടെ നീന്തൽ പരിശീലന രംഗത്ത് വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരുന്നു. നാൽപത് വർഷത്തിലേറെയായി വ്യാപാര രംഗത്ത് സജീവമായ ശിവേട്ടൻ ഏകോപന സമിതി ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിക്കുന്നു. വ്യാപാരികളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമായി നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
ഇതൊക്കെ നമുക്കും ചെയ്യാം…
നാം നിത്യവും നടന്നും വാഹനമോടിച്ചും കടന്നുപോകുന്ന വഴികളിൽ എവിടെയെങ്കിലും ഒരു കുഴി കണ്ണിൽപ്പെട്ടാൽ… മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ… അല്ലെങ്കിൽ രാവും പകലും ഒരുപോലെ കത്തിക്കൊണ്ടിരിക്കുന്ന വഴിവക്കിലെ സ്ട്രീറ്റ് ലൈറ്റുകൾ കണ്ടാൽ… ശിവേട്ടൻ വെറുതെയിരിക്കില്ല. തൂമ്പയും കൈക്കോട്ടുമായി അദ്ദേഹം നേരെ തെരുവിലിറങ്ങും.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ അനീതിയെന്ന് തോന്നുന്ന എന്തിനെതിരേയും നിർഭയമായി പ്രതികരിക്കുന്ന ശിവേട്ടൻ ഇന്ന് പയ്യന്നൂരിന്റെ ജനകീയ ശബ്ദമായി മാറിയതിൽ അതിശയോക്തിയില്ല. “ഭൂമിയിൽ ആരോഗ്യകരമായ ജീവിതം നിലനിൽക്കണമെങ്കിൽ വരും തലമുറയ്ക്കായി നമ്മളിതൊക്കെ ചെയ്യണം” എന്നതാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
വി.വി. ശിവരാമന്റെ ഭാര്യ ഷീന ഒരു നൃത്താധ്യാപികയും, മത്സര കമ്മിറ്റി ജഡ്ജുമാണ്. ആതിര വി.വി., ഹർഷിത വി.വി. (ഇരുവരും വിദേശത്ത്) എന്നിവരാണ് മക്കൾ.

