ജ്യോതിരാജ് തെക്കൂട്ട്.
ഇരുവഞ്ഞിപ്പുഴയുടെ തീരങ്ങൾ ഇന്നും കാറ്റിനോട് കഥ പറയുന്നുണ്ട്…
ആ കഥയിൽ പ്രകൃതിയുടെ സ്വരമുണ്ട് ,പ്രണയത്തിൻ്റെ നിശ്വാസമുണ്ട്, ഒരാളുടെ ആത്മസമർപ്പണത്തിൻ്റെ പച്ചപ്പുണ്ട്…
ഒരു ജീവിതക്കാലം മുഴുവൻ ചെലവഴിച്ച് ഒരു നദീതീരത്തെ വീണ്ടും ജീവിപ്പിക്കാൻ ഇറങ്ങിയ മനുഷ്യൻ, ദാമോദരൻ കോഴഞ്ചേരി.
“എന്നു നിൻ്റെ മൊയ്തീൻ” എന്ന സിനിമയിലെ കാഞ്ചനമാലയും മൊയ്തീനും പ്രണയം കുറിച്ച മുക്കത്തിൻ്റെ മണ്ണ്. എസ്.കെ പൊറ്റക്കാട് “നാടൻ പ്രേമം “എഴുതിയ നാട്. ഇവിടെ ദാമോദരൻ നട്ടത് പ്രകൃതിയോടുള്ള പ്രണയമാണ്.
ദാമോദരൻ പതിനേഴ് വർഷം കൊണ്ട് നട്ടു പിടിപ്പിച്ച മുളഞ്ചോല വെറുമൊരു തോട്ടമല്ല….
മനുഷ്യൻ പ്രകൃതിയോട് മാപ്പ് ചോദിക്കുന്ന ഒരു പ്രാർത്ഥന പോലെയാണ്.
മുളകൾ കാറ്റിൽ കുനിയുമ്പോൾ, അത് വെറും ഇലകളുടെ ശബ്ദമല്ല , ഒരു മനുഷ്യൻ്റെ പ്രണയ പ്രയത്നത്തിന് പ്രകൃതി നൽകുന്ന നന്ദിനാദമാണ്.
ഇരുവഞ്ഞിപ്പുഴയോരം ഇന്നൊരു നദീതീരം മാത്രമല്ല. ദാമോദരൻ എഴുതിയ പച്ചപ്പിൻ്റെ ജീവനുള്ള കവിതയാണ്…
പ്രവാസജീവിതം
കോഴഞ്ചേരി വിഷവൈദ്യ കുടുംബത്തിൽ ജനിച്ച ദാമോദരന് കുട്ടിയായിരുന്നപ്പോൾ തന്നെ കൃഷിയും പ്രകൃതിയുമായി നല്ല സൗഹൃദമായിരുന്നു. വീടിനു മുന്നിലൂടെ കളകളാരവത്തോടെ ഒഴുകുന്ന ഇരുവഞ്ഞിപ്പുഴ ദാമോദരന് ബാല്യസ്മൃതികളുടെ ഹൃദയസ്പന്ദനമായിരുന്നു. ഇരുപത്തിമൂന്നാം വയസ്സിൽ പ്രവാസജീവിതത്തിലേക്ക് ചേക്കേറിയ അദ്ദേഹത്തിന് പൂന്തോട്ട നിർമ്മാണ രംഗത്തായിരുന്നു ജോലി. മണലാരണ്യങ്ങളെ ഹരിതാരണ്യങ്ങളാക്കുന്ന ദൗത്യത്തിൽ വർഷങ്ങളോളം പങ്കാളിയായപ്പോൾ, പ്രകൃതിയെ സൃഷ്ടിക്കാനും സംരക്ഷിക്കാനുമുള്ള ദാഹം അദ്ദേഹത്തിനുള്ളിൽ കൂടുതൽ ആഴത്തിലായി.
സ്വപ്നങ്ങൾ വഴി മാറുന്നു
ഇരുപതു വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയ ആ ചെറുപ്പക്കാരന് എല്ലാവരേയും പോലെ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. വീട് വെയ്ക്കണം, കല്യാണം കഴിക്കണം അങ്ങനെയങ്ങനെ….
ദാമോദരനെ സംബന്ധിച്ച് വിധി മറ്റൊന്നായിരുന്നു.
മാറിപ്പോയ നാട് …. മാറിയ മനുഷ്യർ…തകർന്ന പ്രകൃതി…
ഏറ്റവും വേദനിപ്പിച്ചത് തനിക്ക് പ്രിയപ്പെട്ട ഇരുവഞ്ഞിപ്പുഴയുടെ ദയനീയാവസ്ഥ.
കരയിടിഞ്ഞ്, മാലിന്യങ്ങളിൽ മുങ്ങി, കിതച്ചൊഴുകുന്ന പുഴയെ കണ്ടപ്പോൾ അത് അദ്ദേഹത്തിന് സഹിക്കാനാവാത്ത മുറിവായി.
അവിടെ നിന്നാണ് ഒരു മനുഷ്യനും,ഒരു നദിയും , പ്രകൃതിയും തമ്മിലുള്ള പുതുജന്മബന്ധം ആരംഭിക്കുന്നത്.
പ്രണയം പ്രകൃതിയിലേക്ക്….
ആദ്യം അദ്ദേഹം പുഴയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. പിന്നീട് ആറു മുതൽ ഏഴ് മീറ്റർ വരെ ഉയരത്തിൽ തീരം നിർമ്മിച്ചു.അതിനായി അയ്യായിരത്തോളം മണൽച്ചാക്കുകൾ ഉപയോഗിച്ചു. അതിനു ശേഷം പുഴയുടെ തീരത്തെല്ലാം മഞ്ഞ മുളകൾ( യെല്ലോ ബാംബു) നട്ടുപിടിപ്പിച്ചു. തൻ്റെ നാൽപത് സെൻ്റ് വരുന്ന പുരയിടത്തിൻ്റെയും ഇരുവഞ്ഞിപ്പുഴയുടെ ഇടയിലുള്ള പുഴയുടെ ഓരം ചേർന്നുള്ള പുറമ്പോക്കു ഭൂമിയിലാണ് ദാമോദരൻ ഇങ്ങനെ മുളഞ്ചോല നിർമ്മിച്ചത്. വയനാട്ടിൽ നിന്നാണ് വലിയ വില കൊടുത്ത് അദ്ദേഹം മുള തൈകൾ എത്തിച്ചത്. പുരയോട് ചേർന്നുള്ള സ്വന്തം ഭൂമിയിൽ അഞ്ഞൂറിലധികം ചെടികളും നിരവധി മരങ്ങളും നട്ടു വളർത്തി. ഒരു ജീവിതകാല സമ്പാദ്യം മുഴുവൻ പച്ചപ്പാക്കി മാറ്റി.
പുഴയും തീരവും.
ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച് മുളഞ്ചോലയിലെത്തിയാൽ നട്ടുച്ച നേരത്തും നല്ല തണുപ്പാണ്.
മുളയാണ് പുഴയുടെ വക്കത്ത് വെയ്ക്കാൻ പറ്റിയതെന്നാണ് ദാമോദരൻ പറയുന്നത്. ഒരെണ്ണം വെച്ചാൽ പോലും ധാരളമായി പടു മുളച്ചു വരും. അതുകൊണ്ട് തന്നെ മണ്ണിന് നല്ല ഉറപ്പുണ്ടാകും ഒലിച്ചു പോവുകയുമില്ല. കാർപെറ്റ് വിരിച്ചതുപോലെയാണ് മുളയുടെ വേരുകൾ മണ്ണിലെന്ന് ഇദ്ദേഹം പറയുന്നു. മണൽ ചാക്കുകൾ ഇട്ട് ഉയർത്തിയതിനു ശേഷം എല്ലാ വർഷവും മഴക്കാലം വരുമ്പോൾ പുഴയിലൂടെ ഒലിച്ചുവരുന്ന മണ്ണും മണലുമെല്ലാം അടിഞ്ഞുകൂടി ഇവിടം ഭൂമിയായി മാറുന്നുണ്ട്. പുഴയിലേക്ക് ഇറങ്ങാനായി ‘ടയറു’കൾ ചവിട്ടുകളാക്കി ദാമോദരൻ മനോഹരമായ പടവുകളും ഉണ്ടാക്കി.
കഴിഞ്ഞ പ്രളയത്തിൽ ഇരുവഞ്ഞിപ്പുഴയുടെ തീരം ഇടിഞ്ഞ് കൃഷിയിടങ്ങൾ പുഴയിൽ പതിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ദാമോദരൻ്റെ വീട് വെള്ളത്തിൽ മുങ്ങിയെങ്കിലും മുളങ്കാട് നട്ടുപിടിപ്പിച്ച സ്ഥലം പുഴയെടുത്തിരുന്നില്ല.
ഓട്ടോ റിക്ഷ ഡ്രൈവറായ ദാമോദരൻ ഒരൊറ്റ തൊഴിലാളിയേയും പണിക്ക് വിളിക്കാതെയാണ് മുളഞ്ചോല ഒരുക്കിയത്.
പ്രകൃതി സംരക്ഷണാർത്ഥം അദ്ദേഹത്തിന് 2016-ൽ” പ്രകൃതിമിത്ര” അവാർഡ്, 2020-ൽ
“വനമിത്ര”അവാർഡും ലഭിച്ചു. മറ്റനവധി പുരസ്കാരങ്ങളും, ആദരവുകളും ലഭിച്ചിട്ടുണ്ട്.
ഇരുവഞ്ഞിപ്പുഴയോരത്ത് അദ്ദേഹമൊരുക്കിയ മനോഹരമായ മുളഞ്ചോല മിനി ഓഡിറ്റോറിയമായും ഉപയോഗിക്കുന്നു. ചെറിയ യോഗങ്ങളും, സമ്മേളനങ്ങളുമൊക്കെ ഇവിടെ നടത്താറുണ്ട്. പ്രകൃതിപഠനാർഥം വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളും ഇവിടെ ഒത്തുകൂടാറുണ്ട്.
ദാമോദരൻ പറയുന്നത് ലളിതമാണ്…
“എൻ്റെ ജീവിതവും, എൻ്റെ സ്വപ്നവും, എൻ്റെ ഭാര്യയും എല്ലാം പ്രകൃതിയാണ്. ” മറ്റുള്ളവർക്ക് വേണ്ടി, പ്രകൃതിക്കു വേണ്ടി ഒരു മനുഷ്യന് ജീവിതത്തിൽ എന്തെല്ലാം ചെയ്യാം, ഞാനതെല്ലാം ചെയ്യും. പ്രകൃതിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. ആ പാഠങ്ങൾ തന്നെ ഞാനെൻ്റെ ജീവിതമായി പ്രകൃതിക്ക് തിരിച്ചു നൽകും. എൻ്റെ ജീവനും ജീവിതവും അതിനു വേണ്ടിയുള്ളതാണ്. വിവിധയിനം പ്രാവുകളും, പൂച്ചകളും, നായകളുമുള്ള
കോഴിക്കോട് മുക്കത്ത് ഇരുവഞ്ഞിപ്പുഴയോരത്തുള്ള വീട്ടിൽ ദാമോദരൻ പച്ചപ്പണിഞ്ഞ പ്രകൃതിയെ സ്നേഹിച്ച്… പ്രണയിച്ച്..

