രാജൻ എലവത്തൂർ
നാട്ടിലെ ബസ് സ്റ്റോപ്പുകൾ പലപ്പോഴും പ്രണയ വല്ലരികൾ പൂത്തു കൊഴിയുന്ന ഇടങ്ങളാണ്. ആദ്യം കാണലും, മിണ്ടലും, പിന്നീട് ഓർമ്മകളാൽ നിറഞ്ഞ പ്രണയകുടീരങ്ങളായും മാറിയിരുന്നത് ഇത്തരം കാത്തിരിപ്പ് കേന്ദ്രങ്ങളായിരുന്നു. കത്തുകൾ, ചെറിയ സമ്മാനങ്ങൾ, ചുവരിൽ പേരുകൾ കോറിയിടൽ, മിഠായി കൈമാറൽ, നുള്ളി നോവിക്കൽ, കാത്തിരിപ്പ്കേന്ദ്രത്തിൻ്റെ ചുവരിൽ ഐ ലൗ എഴുതൽ…എല്ലാം ഇന്നൊരു മധുരനൊമ്പര ഓർമകളാണ്.
കാലം 2015. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന രശ്മിയും വിനുവും ജോലി കഴിഞ്ഞ് പതിവായി കണ്ടുമുട്ടിയത് ഈ ബസ് സ്റ്റോപ്പിൽ. കണ്ടുമുട്ടൽ പരിചയമായി, പരിചയം പ്രണയമായി, ബസ് സ്റ്റോപ്പ് അവരുടെ സ്വന്തം ലോകമായി. എന്നാൽ വീട്ടുകാർ വിവരം അറിയുകയും യുവതി വീട്ടുതടങ്കലിലാകുകയും ചെയ്തു. ഫോൺ ഉൾപ്പെടെ എല്ലാ ബന്ധവും വിച്ഛേദമായി. ഇരുവരും രണ്ട് ദ്രുവങ്ങളിൽ വേദനിച്ചു.
യുവാവ് പതിവുപോലെ ബസ് സ്റ്റോപ്പിലെത്തി അവളെ കാത്തിരുന്നു. കാലക്രമേണ സ്റ്റോപ്പ് ഉപേക്ഷിതമായി, മാലിന്യക്കൂമ്പാരമായി. ഒരുനാൾ അവിടെ തീപ്പിടിത്തം ഉണ്ടായി. വാർത്തകളിൽ അത് കണ്ടപ്പോൾ അവരുടെ പ്രണയമാണ് കത്തി ചാമ്പലായതെന്നു അവർ വിചാരിച്ചു.
ഒരു വർഷത്തിന് ശേഷം യുവതിക്ക് ജോലിക്ക് പോകാൻ അനുമതി ലഭിച്ചു. ആദ്യ ദിവസം തന്നെ ടെലഫോൺ ബൂത്തിൽ നിന്ന് യുവാവിനെ വിളിച്ചു. വൈകിട്ട് പഴയ ബസ് സ്റ്റോപ്പിൽ കാണാമെന്ന് തീരുമാനിച്ചു. രണ്ടുപേരും അനുഭവിച്ച നൊമ്പരം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അന്ന് നിമിഷങ്ങൾ പെട്ടെന്ന് കടന്നു പോയി. വൈകിട്ട് അവർ പഴയ ബസ്റ്റോപ്പിൽ സന്ധിച്ചു. ശ്മശാനസമമായിരുന്നു അവിടം. അവർ സ്റ്റോപ്പിനു സമീപം ആലിംഗന ബന്ധരായി നിന്നു. ദുഃഖങ്ങൾ അലിഞ്ഞു പോയി.
തുടർന്ന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ അവർ വിവാഹിതരായി. ഇന്ന് അവരുടെ സന്തോഷജീവിതത്തിൽ ഒരു മകനുമുണ്ട്. പ്രണയദിനങ്ങളിൽ അവർ ഇന്നും പഴയ “പ്രണയകുടീരം” നിന്നിരുന്ന സ്ഥലത്തെത്തി ഓർമ്മകൾ പങ്കിടുന്നു.

