രാജൻ എലവത്തൂർ
തലമുറകളിലൂടെ കൈമാറിയ ഒരു സംസ്കാര പൈതൃകത്തെയും പാരമ്പര്യത്തെയും കരുത്താക്കി മുന്നേറുകയാണ് കിള്ളിമംഗലത്തിലെ വനിതാ കൂട്ടങ്ങൾ. പുല്ലിന്റെ സുന്ദരമായ നാരുകൾ കൈകളിൽ ചേർത്ത് പായ നെയ്യുമ്പോൾ, അതിന്റെ ഓരോ വരിയിലും സ്ത്രീകളുടെ ആത്മവിശ്വാസവും ജീവിതപോരാട്ടവും പതിഞ്ഞിരിക്കുന്നു. സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിൽ നിരവധി സ്ത്രീകൾക്ക് തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും ലഭിച്ചിരിക്കുകയാണ്. പ്രകൃതിസൗഹൃദവും പാരമ്പര്യസൗന്ദര്യവും നിറഞ്ഞ കിള്ളിമംഗലം പുൽപ്പായകൾ ഇന്ന് കേരളത്തിന്റെ ഗ്രാമീണ കരകൗശലത്തിന്റെ അടയാളമായി മാറിയിരിക്കുന്നു. സ്ത്രീകളുടെ കൂട്ടായ്മയും അവരുടെ പരിശ്രമവും ചേർന്ന് ഈ പാരമ്പര്യം പുതുജീവനോടെ നിലനിൽക്കുന്നു.
പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ഗ്രാമം….. വാദ്യം, കഥകളി, ഓട്ടൻതുള്ളൽ, നാടൻ കലകൾ, വാസ്തു നിർമ്മിതി പഴമ…. ഇങ്ങനെ മലയാളത്തിന്റെ സാംസ്കാരിക പൈതൃക സമൃദ്ധി മാത്രമല്ല, ചരിത്രം രേഖപ്പെടുത്തിയ പെൺകരുത്തിന്റെ പേര് കൂടിയാണ്. പാരമ്പര്യത്തിന്റെ നെയ്ത്തും സ്ത്രീകളുടെ ആത്മവിശ്വാസവും ചേർന്നൊരു മനോഹര കഥയാണ് കിള്ളിമംഗലം പുൽപ്പായ വനിതാ സഹകരണ സംഘം. നൂറ്റാണ്ടുകളായി കേരളത്തിന്റെ ഗ്രാമീണ സംസ്കാരത്തിൽ ഇടംപിടിച്ചിരിക്കുന്ന പുൽപ്പായ നെയ്ത്ത്, ഇന്നും ഇവിടെ സ്ത്രീകളുടെ കൈകളിൽ പുതുജീവൻ നേടുകയാണ്. കേരള കലാമണ്ഡലത്തിലെ ലാസ്യഭാവങ്ങൾ…. നിലാവ് പൊഴിയും നിള, കളകളാരവം മുഴങ്ങും തോടുകൾ, പച്ച നിറഞ്ഞ വയൽ പരപ്പ്…. വിവരണാതീതമാണ് കിള്ളിമംഗലത്തിന്റെ സൗന്ദര്യത്തികവ്.
ആ സൗഭാഗ്യങ്ങൾക്കിടയിലാണ് കിള്ളിമംഗലം വനിതാ കൂട്ടം സഹകരണ സംഘവും. പ്രകൃതിയുടെ സുഗന്ധം നിറഞ്ഞ പുൽപ്പായകൾ നെയ്യുമ്പോൾ, അവയുടെ നൂലിഴകളിൽ ജീവിതത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടിയാണ് ഇവർ പകരുന്നത്. ഒരുകാലത്ത് വീടുകളുടെ പറമ്പുകളിൽ ഒതുങ്ങിയിരുന്ന ഈ കരകൗശലം, ഇന്ന് സഹകരണസംഘത്തിന്റെ ശക്തിയിൽ വിപണികളിലേക്ക് എത്തുന്നുണ്ട്. ഇതിലൂടെ നിരവധി സ്ത്രീകൾക്ക് സ്വയംപര്യാപ്തതയും സാമ്പത്തിക സ്വാതന്ത്ര്യവും കൈവരിക്കാനായി. കോരപ്പുല്ലിനാൽ നിർമ്മിതമായ പേരുകേട്ട പുൽപ്പായകളും കിടക്കപ്പായ, പന്തിപ്പായ, അലങ്കാരപ്പായ, യോഗ മാറ്റ്, പ്രയർമാറ്റ്, ടേബിൾ മാറ്റ്, സ്വീകരണമുറികളിൽ തൂക്കിയിടുന്ന ആലങ്കാരപ്പായകൾ, രാജപായ / പല്ലക്ക് പായ, പല്ലാം കുടി പായ, പകിട പായ, അഗ്നി പായ, എന്നി രാജകീയ വിശേഷണങ്ങളോടെയുള്ള പായകളും ഇവിടെ നിർമ്മിക്കുന്നു.
പണ്ടത്തെ ഗ്രാമങ്ങളിൽ സാധാരണക്കാരുടെ ഇരിപ്പിട – കിടപ്പ് വസ്തുക്കളായിരുന്നു പായ പുൽപ്പായ, തടുക്ക്, എന്നിവ. പിന്നീടാണ് കസേര, സോഫ, തുടങ്ങിയവ ഉണ്ടായത്. കൈതോലപ്പായ, തഴപ്പായ, പുൽപ്പായ, രാമച്ചപ്പായ ഇതൊക്കെ സുപരിചിതമാണ്. മുമ്പൊക്കെ പ്രകൃതിജന്യ കൈതോല, പുല്ല്, എന്നിവയാലാണ് പായകൾ നിർമ്മിച്ചിരുന്നത്. അതൊക്കെ കുടിൽ വ്യവസായ രീതികളിലും ആയിരുന്നു. കാലം മാറിയപ്പോൾ പായകളുടെ അവസ്ഥ പിന്നോക്കമായി. പ്രകൃതിജന്യ ഓല നാരുകൾ കൊണ്ടുള്ള പായ നെയ്ത്ത് നിർമ്മാണം വഴിമാറി. അതിലപ്പുറം വിപണന സൗകര്യങ്ങളും പിന്നോക്കമായി. ഒപ്പം തന്നെ കൃത്രിമ നാരുകൾ, നൈലോൺ നാരുകൾ എന്നിവയാലുള്ള പായ, പുൽപായ, തടുക്ക്, തുടങ്ങിയവ നൂതന രീതിയിൽ യന്ത്ര സഹായനിർമ്മിതിയായി. വിപണനവും അത്തരത്തിലായി. കൂടിൽ വ്യവസായം എന്നത് സമൂലം മാറിമറഞ്ഞു.
പൊതുവെ പരമ്പരാഗത ഉല്പന്നങ്ങളുടെ സ്വയം തൊഴിൽ സാദ്ധ്യതകളും മങ്ങി. പദ്ധതികൾ ഉണ്ടെങ്കിലും കാര്യമായ പുരോഗതി ആ രംഗത്തുണ്ട് എന്ന് പറയാൻ പറ്റാത്തതായി. ചെറുകിട കൈത്തൊഴിൽ ഉല്പന്നങ്ങളൊക്കെ കുറഞ്ഞ ഉല്പന്നമായതോടെ അവയൊക്കെ പ്രദർശന വസ്തുക്കളായി. പായ ഉല്പന്നങ്ങളൊക്കെ കരകൗശല അലങ്കാര വസ്തുക്കൾക്കിടയിൽ പൊടി പിടിച്ച സ്ഥിതിയിലുമായി. അതിനാൽആ രംഗത്തുള്ളവർ പഴമ മറന്ന് ജീവിക്കാനായി മറ്റ് പല തലങ്ങളിലേക്കും വഴി മാറി. കിള്ളിമംഗലം പുൽപ്പായ വനിതാ സഹകരണ സംഘം ഒരു തൊഴിൽമേഖലയെന്നതിലുപരി, പാരമ്പര്യത്തെ സംരക്ഷിക്കുന്ന ഒരു സാംസ്കാരിക ചലനവുമാണ്. പ്രകൃതിസൗഹൃദമായ ഉൽപ്പന്നങ്ങൾക്കുള്ള ആഗോള ശ്രദ്ധ വർധിക്കുന്ന ഈ കാലത്ത്, ഇത്തരം സംരംഭങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥക്ക് പുതുജീവൻ നൽകുന്നു.
പൈതൃക സംരക്ഷണത്തിന് യുനെസ്കോയുടെ ആദരം
ഈ ദു:സ്ഥിതിയിലും പ്രകാശഗോപുരമായി നിലനിൽക്കുന്ന ഒന്നാണ് കിള്ളിമംഗലം പുൽപ്പായ എന്നത് നാമഭിമാനത്തോടെ അറിയണം. പൂർണ്ണമായും കോരപ്പുല്ല് കൊണ്ടാണ് പായകൾ നിർമ്മിക്കുന്നത്. അതിന് നേതൃത്വം നൽകുന്നത് എട്ടംഗ വനിതാ കൂട്ടമാണ്. നാല് സാധാരണ നെയ്ത്ത് തറികളും ഉണ്ട്. പല വർണ്ണത്തിലും രൂപത്തിലും പുൽപ്പായകൾ നിർമ്മിക്കുന്നു. കോര പുല്ല് പൂർണ്ണമായും ഉപയോഗിക്കുന്നതിനാൽ പായകൾക്ക് ഏതവസ്ഥയിലും നല്ല തണുപ്പ് അനുഭവപ്പെടുന്നു. പ്രത്യേകിച്ച് ചൂട് കാലത്ത് വിശ്രമം സുഖകരമായിരിക്കും. ഈ പായ നിർമ്മാണത്തിൽ വനിതകളുടെ വലിയൊരു സഹനതയാണുള്ളതെന്ന് നാമറിയണം.
അതിന്റെ ഗുണഫലമാണ് കിള്ളിമംഗലം പുൽപ്പായ സൊസൈറ്റിക്ക് 2005ൽ യുനെസ്കോയുടെ സ്കിൽ ഓഫ് എക്സലൻസ് പുരസ്ക്കാരം ലഭിച്ചത്. തുടർന്ന് ഭൗമസൂചികാ ഭൂപടത്തിൽ ഇടം നേടാനുള്ള ശ്രമവും നടക്കുന്നു. ന്യൂഡൽഹിയിൽ നടന്ന രാജ്യാന്തര വിപണനമേളയിലും കിള്ളിമംഗലം പുൽപ്പായ പ്രദർശിപ്പിക്കുകയും നല്ല വിപണനം നേടുകയും ചെയ്തിരുന്നു. സന്ധ്യയും , ദിവ്യയുമാണ് മേളയിൽ പങ്കെടുത്തത്. അവരുടെ ആദ്യ വിമാന യാത്രയും അതായിരുന്നു. ഈ സംരംഭം വനിതാ പ്രവർത്തകർക്കും നാടിനും അഭിമാനമാണ്. പരമ്പരാഗത പുൽപ്പായ യൂണിറ്റായി 1954 ൽ പ്രവർത്തനം തുടങ്ങി. 1977 ലാണ് വ്യവസായ വകുപ്പ് രജിസ്ട്രേഷൻ ലഭിക്കുന്നത്.
കുറവ സമുദായത്തിൽപ്പെട്ടവരാണ് ആദ്യം നിർമാണം തുടങ്ങിയത്. അതിനാലാണ് അവരുടെ പേരിൽ കോരപ്പുല്ല് എന്ന പേര് തന്നെ ഉണ്ടായതത്രെ. ആദ്യ കാലത്ത് നടരാ ജാക്കന്മാർക്കായാണ് പുൽപ്പായ നിർമ്മാണം തുടങ്ങിയത്. എട്ട് വനിതകൾ അടങ്ങുന്നതാണ് സംഘം. എം.എസ്.സിന്ധുവാണ് സെക്രട്ടറി ചുമതല. കെ.ബീന, വി.കെ ഷീജ, ടി.കെ ബിന്ദു, ഇ.എൻ. ദിവ്യ, കെ.എസ്. സന്ധ്യ, വി.പി പ്രബിത, കെ. ഷീബ എന്നിവരാണ് മറ്റ് പ്രവർത്തകർ. പുൽപായസഹകരണ സംഘത്തിന്റെ പ്രസിഡണ്ടായി പ്രവർത്തിക്കുന്നത് എൻ.സി സുധാകരനാണ്.
ഒരു ജീവിതമാർഗം, ഒരു സംസ്കാരപാരമ്പര്യം
കേരളത്തിന്റെ ഗ്രാമീണ സംസ്കാരത്തിൽ പാരമ്പര്യത്തിന്റെ മണം പകരുന്ന ഒരു കരകൗശലമാണ് പുൽപ്പായ നെയ്ത്ത്. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കിള്ളിമംഗലം പുൽപ്പായ വനിതാ സഹകരണ സംഘം. വർഷങ്ങളായി സ്ത്രീകളുടെ കൈകളിൽ നെയ്ത്തുപിടിച്ച ഈ പാരമ്പര്യം ഒരു തൊഴിൽമേഖലയെക്കാൾ കൂടുതലാണ്.
നാടൻ കോര്പ്പുല്ല് അഥവാ മുത്തങ്ങ പുല്ല് നിരവധി സംസ്കരണം നടത്തിയാണ് പായയാക്കി നാടൻ തറികളിൽ നെയ്തെടുക്കുന്നത്. 25 വർഷം മുതൽ 30 വർഷം വരെ പായകൾക്ക് കേട് വരുന്നില്ലെന്നത് ഗ്യാരന്റി.
നിർമാണ വഴികൾ സങ്കീർണ്ണമാണ്. പുല്ലിലെ കറ കഴുകി കളഞ്ഞ ശേഷം പുല്ല് ചീന്തിവൃത്തിയാക്കും. ആവശ്യമായ നിറം കലർത്തി വലിയ പാത്രത്തിൽ വിറക് കത്തിച്ച് വലിയ ചൂടിൽ വേവിച്ചെടുക്കും. പിന്നിട്ട് വെയിലത്ത് ഉണക്കും. തുടർന്ന് തറികളിൽ പായയായി നെയ്തെടുക്കുന്നു. സാധാരണ പായ നെയ്തെടുക്കാൻ മൂന്ന്ദിവസവും അലങ്കാര പണിയോടെ നെയ്തെടുക്കാൻ പത്ത് ദിവസവും വേണ്ടി വരും. ഇവിടെ നിർമ്മിക്കുന്ന പുൽപായകൾക്ക് തരാതരം അനുസരിച്ച് 2400 രൂപമുതൽ 4500 രൂപവരെയാണ് വില. ധാരാളം ഉല്പാദിപ്പിക്കാൻ കഴിയാത്തതിനാൽ കുറച്ച് മാത്രമെ നിർമ്മിക്കാനും, വിപണനം ചെയ്യാനും സാധിക്കുന്നുള്ളൂ.
നൂലിഴകളിൽ പ്രതിസന്ധിയുടെ ചായം
എന്നാൽ ഈ നൂലിഴകളിൽ ഇന്ന് പ്രതിസന്ധിയുടെ ചായം പതിയുകയാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, വിപണന സൗകര്യങ്ങളുടെ കുറവ്, പുതുതലമുറയുടെ ഒഴുക്ക് മറ്റു തൊഴിൽമേഖലകളിലേക്കുള്ളത്- ഇവയൊക്കെ ചേർന്ന് പുൽപ്പായ നെയ്ത്തിനെ തളർത്തുന്ന ഘടകങ്ങളായി മാറിയിരിക്കുന്നു. ഇതിന് കൂട്ടായി വർഷങ്ങളായി തുടരുന്ന സർക്കാർ അവഗണനയും ഈ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പാരമ്പര്യ വ്യവസായങ്ങളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപനങ്ങളിൽ കേൾക്കാമെങ്കിലും, പ്രായോഗിക പിന്തുണ പലപ്പോഴും കുറവാണ് എന്നത് ഈ മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന യാഥാർഥ്യമാണ്. സർക്കാർ തലത്തിൽ നിന്നും യന്ത്രത്തറി ലഭിച്ചാൽ നെയ്ത്തിലെ മനുഷ്യാധ്വാനം കുറക്കാൻ കഴിയും. അതിനുള്ള ശ്രമം നടത്തി വരുന്നുണ്ട്. യന്ത്രത്തറി ലഭിച്ചാൽ പരമ്പരാഗത നെയ്ത്തിനൊപ്പം നൂതന നെയ്ത്ത് നിർമ്മാണം നടത്താനാകും. ഒപ്പം തന്നെ കൂടുതൽ സ്ത്രീകൾക്ക് തൊഴിലവസരം കൂടുതലായി ഉണ്ടാവുകയും ചെയ്യും.
ക്ഷമയും അധ്വാന ശീലവും കൈമുതലായുണ്ടെങ്കിൽ നിരവധി സ്ത്രീകൾക്ക് പുൽപ്പായ നെയ്ത്ത് പരിശീലിക്കാം. നല്ലൊരു തൊഴിലും സാമ്പത്തിക സ്വാശ്രയതയുള്ള നല്ലൊര വസരവും കൂടിയായിരിക്കും. ചിറ്റൂർ ഭാഗത്ത് കോര അഥവ കുറവ സമൂദായത്തിൽപ്പെട്ടവർ പുഴയോരത്ത് വളർത്തുന്നതാണ് കോര പുല്ല്. ഇതാണ് കിളളി മംഗലത്തേക്കായി വാങ്ങുന്നത്. ഒരു കിലോവിന് 350 രൂപ വില വരും. പുല്ല് ആ വശ്യത്തിന് കിട്ടാനില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. പുല്ലു പായ വിവരം നവമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ഓർഡർ ലഭിക്കുന്നത്. നിശ്ചിത സമയത്ത് നിർമ്മിച്ച കൊടുക്കാൻ പറ്റാത്തതാണ് വനിതകൾ നേരിടുന്ന വലിയ പ്രതിസന്ധി. വിദേശികളും പുൽപ്പായ കൾക്ക് ഓർഡർ നൽകുന്നുണ്ട്. തിരുവനന്തപുരത്തെ ഊരാളുങ്കൽ സൊസൈറ്റിക്ക് നിശ്ചിത തോതിൽ പായകൾ നൽകുന്നതും വിപണന സാധ്യതകൾ വർധിപ്പിക്കുന്നു.
ഇത്രയൊക്കെ ആയിട്ടും സർക്കാർ ശ്രദ്ധ ക്ഷണിച്ചിട്ടും ആവശ്യമായ സഹായങ്ങൾ ലഭ്യമാകാത്ത സ്ഥിതിയാണുളളത്. ഈ നാർമ്മാ ണത്തെ പരമ്പരാഗത സംവിധാനമായാണ് സർക്കാരിപ്പോഴും കാണുന്നതെന്നാണ് വിവരം. നാട്ടിലെ ഗ്രാമ പഞ്ചായത്തും ഇതര ജനപ്രതിനിധികളും മറ്റും ഈ പുൽപായ നിർമാണ യൂണിറ്റിനെ അവഗണിക്കുന്നുവെന്ന ചോദ്യവും മാറ്റി നിറുത്താവുന്നതല്ല. പാരമ്പര്യത്തിന്റെ നൂലിഴകൾ പൊട്ടാതിരിക്കണമെങ്കിൽ, പ്രഖ്യാപനങ്ങളെക്കാൾ ശക്തമായ പ്രവർത്തനങ്ങളാണ് സർക്കാരുകളിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. ഇല്ലെങ്കിൽ കിള്ളിമംഗലത്തിന്റെ പുൽപ്പായകൾ മ്യൂസിയങ്ങളിലെ ഓർമ്മകളായി മാത്രം അവശേഷിക്കാനുള്ള ഭീഷണിയും നിസ്സാരമല്ല.
അതിജീവനത്തിന്റെ പ്രതീകം
കിള്ളിമംഗലത്തിലെ സ്ത്രീകൾ കൈവിടാൻ തയ്യാറല്ല. അവരുടെ കൈകളിൽ നെയ്യുന്ന ഓരോ പുൽപ്പായയും പാരമ്പര്യത്തിന്റെ നിലവിളിയും അതിജീവനത്തിന്റെ പ്രതീകവുമാണ്. പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾക്കുള്ള ആഗോള ആവശ്യം വർധിക്കുന്ന ഈ കാലത്ത്, ശരിയായ പിന്തുണയും വിപണന സംവിധാനവും ലഭിച്ചാൽ ഈ മേഖലക്ക് വീണ്ടും പുതുജീവൻ ലഭിക്കാമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.

