കുരീപ്പുഴ ശ്രീകുമാറിന്റെ ‘ജെസ്സി’ എന്ന കവിതയുടെ ഇരുപതിയഞ്ച് വർഷങ്ങൾ തൃശ്ശൂരിൽ ഒരാഘോഷമായി കൊണ്ടാടിയ ദിവസം, പരിപാടി കഴിഞ്ഞ് രാത്രി പിരിയും മുൻപ് കുരീപ്പുഴ പറഞ്ഞു ഇനി നമ്മൾ കവിതയുടെ പേരിൽ ഒത്തു കൂടുന്നെങ്കിൽ അത് മുല്ലനേഴി കവിതകളെ കുറിച്ചുള്ള ഒരു പകലിനാവണം. മലയാള
കവിതയിൽ വേണ്ടത്ര വായിയ്ക്കപ്പെട്ടിട്ടില്ലാത്ത കവിയാണ് മുല്ലനേഴി. പുതു തലമുറകളിലേക്ക് കവിയേയും കവിതയേയും ആഴത്തിൽ അടയാളപ്പെടുത്തുന്ന കവിതയുടെ ഒരു പകൽ നമുക്ക് നടത്തണം. ശ്രീയേട്ടന്റെ വാക്കുകൾ കേൾവിക്കാരായ ഞങ്ങളിൽ വലിയ ആനന്ദമുണ്ടാക്കി. ആവേശത്തോടെ മുല്ലനേഴി കവിതയുടെ പകലിന് അവിടെ വെച്ചുതന്നെ ഞങ്ങൾ പേരിട്ടു ‘മുല്ലനേഴി മുറ്റത്തെ മുല്ല’. തൊട്ടടുത്ത ദിവസം മുല്ലൻ മാഷിന്റെ വീട്ടിൽ പോയി ഇക്കാര്യം പറഞ്ഞു. ഉത്സാഹത്തോടെ ഞങ്ങൾ പറയുന്നതത്രയും കേട്ടിരുന്നു കവി.
പക്ഷേ എന്തോ അങ്ങനെയൊന്ന് നടത്താനായില്ലായെന്ന സങ്കടം മനസ്സിലിന്നും തളം കെട്ടികിടക്കുന്നു. കവിത മനസ്സിനേയും ശരീരത്തേയും വരിഞ്ഞു മുറുക്കിയ കൗമാരക്കാലത്ത് വീടിനു തൊട്ടടുത്തുള്ള കവിയെ കണ്ടും കേട്ടും വായിച്ചും ഹൃദയത്തിൽ ഗുരുനാഥനായി പ്രതിഷ്ഠിച്ചതാണ്. ഇച്ചിരി കൂടി മുതിർന്നപ്പോൾ മുല്ലനേഴി എന്ന വലിയ മനുഷ്യസ്നേഹിയുടെ വാത്സല്യവും ശിഷ്യത്വവും വേണ്ടുവേളം അനുഭവിയ്ക്കാനുള്ള ഭാഗ്യമുണ്ടായി. മാഷുമൊത്ത് എത്രയെത്ര യാത്രകൾ, കവിസദസ്സുകൾ പൊതുസമ്മേളനങ്ങൾ സ്വകാര്യമായ മറ്റെത്രയോ ആഴവും പരപ്പുമുള്ള അനുഭവങ്ങൾ. ഓരോ യാത്രയിലും വഴിവിളക്കുകൾ പോലെ സൗഹൃദത്തിന്റെ വള്ളിക്കുടിലുകൾ. അവിടെയൊക്കെ മിനക്കെട്ടിരുന്ന് ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങളുടെ സ്വർണ്ണ നൂലിഴകൾ. കയറിച്ചെല്ലുന്നിടങ്ങളെല്ലാം മാഷിന് സ്വന്തം വീടുപോലെയായിരുന്നു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ഉൾബോധമുള്ള കവിയായിരുന്നു മുല്ലനേഴി. മാനുഷിക ശക്തിബോധത്തിന്റെ അടയാളങ്ങളാണാ കവിതകൾ. നാടോടി ജീവിതത്തെയും ഗ്രാമീണതയെയും കവിതയിലും ചലച്ചിത്ര- ലളിതഗാനങ്ങളിലും ലാളിത്യത്തോടെ പറഞ്ഞു വയ്ക്കുന്നു കവി. അധ്വാനിക്കുന്നവരോടു ചേർന്നു നിൽക്കാനും അവന്റെ ആവശ്യങ്ങൾക്കു വേണ്ടി പോരാടുന്ന യഥാർത്ഥ സഖാവാകാനും മാഷിന് കഴിഞ്ഞു.
ആ കാലങ്ങളിൽ ഞങ്ങൾ കവി സുഹൃത്തുക്കൾക്കിടയിൽ പുതിയ കവിതയെഴുതിയാൽ ഒരുമിച്ചിരുന്നു വായിക്കുന്ന പതിവുണ്ടായിരുന്നു. എഴുതിയ പുതിയ കവിതകളുമായി ഏതെങ്കിലുമൊരു കവിയുടെ വീട്ടിൽ ഒരു ദിവസം മുഴുവൻ കൂടിയിരുന്ന് കവിതാ വായനയും ചർച്ചയുമാണ് പരിപാടി. രാവുണ്ണി, സെബാസ്റ്റ്യൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, രോഷ്നി സ്വപ്ന, റോജൻ അരിമ്പൂർ, ജയപ്രകാശ് എറവ്, മണി ചാവക്കാട് തുടങ്ങിയുള്ള കവികളുടെയെല്ലാം വീടുകളിൽ ഞങ്ങൾ കവിതയും വർത്തമാനവുമായി കൂടും. സെബാസ്റ്റ്യന്റെ വീട്ടിലെ ഒത്തു കൂടലുകളിൽ പലപ്പോഴും എ. അയ്യപ്പൻ കൂടി ഉണ്ടാവും. കവിതയ്ക്കു വേണ്ടി മാത്രം മാറ്റിവയ്ക്കപ്പെട്ട അത്തരം സ്വകാര്യ ഇടങ്ങളിലേക്ക് മുല്ലൻ മാഷ് യാതൊരു ആർഭാടങ്ങളുമില്ലാതെ കയറി വരും. ഞങ്ങളെല്ലാം വായിക്കുന്ന കവിതകൾ ശ്രദ്ധാപൂർവ്വം കേട്ടിരിക്കും. ഒടുവിൽ ഓരോ കവിതയെയും കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തും. വലുപ്പചെറുപ്പമില്ലാതെ തനിയ്ക്ക് മുന്നിൽ വന്നു നിൽക്കുന്നവരെയെല്ലാം ഈ കവി ഹൃദയത്തോടു ചേർത്തു പിടിച്ചു.
നടനും ഗാന രചയിതാവും നാടകകാരനും കവിയും ബാലസാഹിത്യകാരനും അധ്യാപകനും മികച്ച സംഘാടകനുമായി മാഷ് ഒരുപോലെ തിളങ്ങി. എന്നാൽ ഒരിടത്തും ഒരുപാട് കാലം തുടരാൻ മാഷിന് കഴിഞ്ഞില്ല. അരാജക പ്രൗഡിയുള്ളൊരാളിലെ പ്രതിഭയെ വേണ്ടത്രയാഘോഷിക്കാൻ എന്തോ പലയിടങ്ങളിലും മലയാളിക്കുമായില്ല. സിനിമയുൾപ്പടെയുള്ള ഒന്നിന്റെയും ഗ്ലാമറിൽ നിറഞ്ഞാടാൻ മാഷൊട്ടു ശ്രമിച്ചുമില്ല. എന്നാൽ വേഷമിട്ടവയിലെല്ലാം മഹാനായ ഒരു നടനിലെ ഉൾക്കനം പ്രകടമായിരുന്നു. പാട്ടെഴുത്തിലും കവിതയിലെന്ന പോലെ സൂക്ഷ്മത പുലർത്തി. കറുപ്പിനെ കടഞ്ഞെടുത്ത് കാലത്തിനു മുന്നിൽ പ്രതീക്ഷയുടെ വെളുപ്പിനെ പ്രതിഷ്ഠിച്ചു. സാധ്യമല്ലെന്നു തോന്നുന്ന എന്തിലും മാഷെന്നൊരാളിലെ കൈതാങ്ങുണ്ടാവും.തോൽക്കുമെന്നുറപ്പുള്ള യുദ്ധങ്ങളിലും മാനുഷികതയ്ക്കു വേണ്ടി വാദിക്കുന്നൊരാളിലെ തീർച്ചകളുണ്ടാവും. ഇടതുപക്ഷത്തോടു ചേർന്നിരിക്കുമ്പോഴും അതിന്റെ ജീർണ്ണതകളെ ചോദ്യം ചെയ്യും. തലയിൽ കെട്ടിയ തോർത്തും വളച്ചു കുത്തിയ മുണ്ടും ചുണ്ടിൽ പാതി കത്തുന്ന ബീഡിയുമായി ‘ഗുണ്ടേ’ യെന്ന വിളിയോടെ മാഷേതു സമയത്തും മുന്നിൽ വന്നു നിൽക്കാം. ആരോടും പ്രവാചകനെ പോലെ എന്തും വിളിച്ചു പറയാം. മറിച്ചൊരക്ഷരം ഇന്നോളം തിരിച്ചു പറയുന്നൊരാളെ കണ്ടിട്ടില്ല. മുല്ലൻ മാഷിനനുവദനീയമായൊരു ലോകവും അതിന്റെ താളക്രമങ്ങളും പണ്ടേ നിർമ്മിക്കപ്പെട്ടതാണെന്ന് തോന്നിപ്പോകും ആ കാഴ്ചകൾ കണ്ടാൽ.
ഒരിക്കൽ
വി.കെ.കെ രമേഷിന്റെ ക്ഷണപ്രകാരം വി.കെ.എൻ അനുസ്മരണത്തിൽ പങ്കെടുക്കാൻ മാഷിനൊപ്പം അവിണിശ്ശേരിയിലെ വീട്ടിൽ നിന്നും രാവിലെ പുറപ്പെട്ടു.
വി.കെ.യെന്റെ വീട്ടിൽ വച്ചു തന്നെയാണ് ഒന്നാം ചരമവാർഷിക പരിപാടികൾ. വി.കെ.കെ രമേഷിന്റെ പ്രത്യേക
താൽപ്പര്യത്തിൽ ഒരു കവി സമ്മേളനം ഒരുക്കിയിട്ടുണ്ട്, അതിൽ പങ്കെടുക്കാനാണ് യാത്ര. ഞാനാണ് മാഷിന്റെ സാരഥി, കാറോടിച്ചു പഠിച്ചു വരുന്നതേയുളളൂ. ചില സമയങ്ങളിൽ മാഷിനൊളം ക്ഷമയുള്ളൊരാൾ ഭൂമിയിൽ ഇല്ലായെന്ന് തോന്നിപ്പോകും. രാവിലെ
നേരത്തെയെത്തിയ ഞങ്ങൾക്ക് വയറു നിറച്ച് ഇഡ്ഢലിയും ചായയും തന്നു കഥാകാരന്റെ പ്രിയപത്നി. അപ്പോഴതാ കയറി വരുന്നു ശൈലൻ. അന്നവൻ മഹാശൈലനായിട്ടില്ല. വിജയകുമാർ കുനിശ്ശേരി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയുള്ള കവി സുഹൃത്തുക്കളും അപ്പോൾ അവിടെ ഉണ്ടായിരുന്നു. ഉച്ചയോടെ എനിക്കും ശൈലനും ഒന്നുമിനുങ്ങിയാലോ എന്ന ചിന്ത വന്നു. നേരെ മുല്ലൻ മാഷിനോടു ചെന്നു കാര്യം പറഞ്ഞു. മാഷ് ആവേശത്തോടെ ഒപ്പം കൂടി, ഞങ്ങൾ കാറേടുത്ത് പുറത്തു പോയി സംഗതി ഒപ്പിച്ചു. കാറിൽ തന്നെയിരുന്ന് കാര്യസാധ്യത നടത്താൻ തീരുമാനിച്ചു. ആദ്യ പെഗ്ഗൊഴിച്ച് മാഷിനു നേരെ നീട്ടിയപ്പോഴാണ് ചിരിച്ചു കൊണ്ടുള്ള മാഷിന്റെ മറുപടി ഞാൻ നിർത്തിയിരിക്കുവാ, നിങ്ങൾ കഴിക്കൂ, കുറച്ചു കാലം കഴിഞ്ഞേ ഇനിയീ പണിക്കുള്ളൂ. അതോടെ ഞങ്ങൾ നിരാശരായി. ഒപ്പം കുറ്റബോധവും, വേണ്ടിയിരുന്നില്ലായെന്ന് ഒരു നിമിഷം തോന്നിപ്പോയി. പരിഭവങ്ങളില്ലാതെ കാറിന്റെ മുൻ സീറ്റിലിരുന്ന് നാട്ടുകാരണവരുടെ ചിരിച്ച മുഖത്തോടെ ഞങ്ങളുടെ ആ കുട്ടിക്കുറുമ്പിന് കൂട്ടിരുന്നു മാഷ്.
മുല്ലൻ മാഷിന്റെ മരണത്തിനു തലേനാൾ
കവി എ.അയ്യപ്പന്റെ ഒന്നാം ചരമവാർഷികമായിരുന്നു. അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം ഏർപ്പെടുത്തിയ പ്രഥമ കവിതാ പുരസ്കാരം വിജയലക്ഷ്മിക്കു സമ്മാനിക്കുന്ന ചടങ്ങ്. 2011 ഒക്ടോബർ 21 ന് കേരള സാഹിത്യ അക്കാദമിയിൽ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന അയ്യപ്പൻ സ്മൃതി ദിനം നടക്കുന്നു. ആ ഓർമകളിലേക്ക് മുല്ലൻ മാഷ് എത്തുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. ഓട്ടോയിൽ വന്നിറങ്ങിയ മാഷിന്റെ കയ്യിൽ ഒരു തുണി സഞ്ചി നിറയെ എന്തെല്ലാമോ ഉണ്ടായിരുന്നു. എന്റെ കയ്യും പിടിച്ച് അക്കാദമി ഹാളിന്റെ മുന്നിലേക്ക് മാഷ് വന്നു. അവിടെ കൂടിയിരുന്നവരോടെല്ലാം പരിചയം പുതുക്കി. മലയാളത്തിലെ ഒട്ടുമിക്ക കവി സുഹൃത്തുക്കളും അയ്യപ്പന് ശ്രാദ്ധമൂട്ടാൻ അവിടെയുണ്ടായിരുന്നു. ഡോ.സുകുമാർ അഴീക്കോട്, പുനത്തിൽ കുഞ്ഞബ്ദുള്ള, ബാലചന്ദ്രൻ ചുള്ളിക്കാട്, സിവിക് ചന്ദ്രൻ, എസ്.ശാരദക്കുട്ടി, വിജയലക്ഷ്മി, കെ.എം.വേണുഗോപാൽ, പ്രിയനന്ദനൻ, സാവിത്രി ലക്ഷ്മണൻ, കെ.വി.ബേബി, ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ, പി.ബാലചന്ദ്രൻ, ടി.പി. ബെന്നി, ടി.ആർ.ഹാരി, സെബാസ്റ്റ്യൻ തുടങ്ങി നിരവധി സാഹിത്യ സാംസ്കാരിക പ്രമുഖർ അയ്യപ്പൻ ഓർമയിൽ പങ്കുചേരാൻ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന കവി സമ്മേളനത്തിന്റെ അധ്യക്ഷൻ മുല്ലൻ മാഷായിരുന്നു. എ.അയ്യപ്പനെ കുറിച്ച് സച്ചിദാനന്ദൻ മുതൽ സംപ്രീത വരെയുള്ള അമ്പത്തി മൂന്ന് കവികൾ എഴുതിയ കവിതകൾ ഹരിതം ബുക്സിനു വേണ്ടി ‘പൂവിലൂടെ തിരിച്ചുപോയവൻ’ എന്ന പേരിൽ ഞാൻ എഡിറ്റു ചെയ്തിരുന്നു. മുല്ലൻ മാഷ് കൽപറ്റ മാഷിന് നിൽകിയാണ് ആ പുസ്തകം പ്രകാശനം ചെയ്തത്. അതൊരു അസാധാരണ ദിവസമായിരുന്നു. വല്ലാതൊരു തെളിച്ചവും ഉത്സാഹവും മാഷിൽ നിറഞ്ഞു നിന്നിരുന്നു.
അയ്യപ്പനും മുല്ലനേഴി മാഷും ഏറേ കുറേ സമാനമായ ജീവിതം നയിച്ചവരാണ്. എല്ലാ മലയാളിയിലും ഒരയ്യപ്പനും മുല്ലനേഴിയുമുണ്ട്. പുണ്യവാളനോ, പ്രവാചകനോ, തീർത്ഥാടകനോ, പാപിയോ അനാഥനോ ആയൊരാൾ ഇവരിൽ രണ്ടുപേരിലും ഒളിഞ്ഞിരിപ്പുണ്ട്. എഴുത്തിൽ മാത്രമല്ല അത്. അനാഥനാകുന്നവന്റെയും, പുറത്താക്കപ്പെടുന്നവന്റെയും, പുറന്തള്ളപ്പെടുന്നവന്റെയും യാതനകൾ ഏറെ കുറേ ഈ കവികൾ ഒരേ പോലെ അനുഭവിച്ചവരാണ്.
അയ്യപ്പനേയും മുല്ലനേഴിയെയും കണ്ട് ഒളിച്ചോടിയവരാണ് നമ്മളിൽ പലരും. കവിതയിൽ ആ തണൽ
മരങ്ങൾക്കു കീഴിൽ അവരുടെ സ്നേഹത്തിനും കരുതലിനും പാത്രീഭവിയ്ക്കുമ്പോൾ തന്നെ ഒരുൾഭയത്തോടെയാണ് മലയാളി വായനാസമൂഹം ഇരു കവികളെയും കണ്ടത്. അയ്യപ്പനാലും മുല്ലൻ മാഷിനാലും അലങ്കോലമാക്കപ്പെട്ട സാംസ്കാരിക സദസ്സുകൾ എത്രയെത്രയാണെന്ന് പറയുക വയ്യ. അയ്യപ്പൻ എല്ലാ കാലവും അരാജകവാദിയായി തന്നെ തുടർന്നൊരാളാണ് എന്നാൽ മുല്ലനേഴി മാഷ് എപ്പോഴും അങ്ങനെയായിരുന്നില്ല. വ്യക്തി ജീവിതത്തിൽ സ്നേഹസമ്പന്നനായ ഭർത്താവും അച്ഛനും മുത്തച്ഛനും ഗുരുനാഥനും സുഹൃത്തുമായി ഏറേ കരുതലോടെ ജീവിച്ചോരാളെ മാഷിൽ നിറഞ്ഞു കാണാം.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് എന്റെ കൈ പിടിച്ചാണ് മുല്ലൻ മാഷ് അക്കാദമിയിൽ നിന്ന് പുറത്തിറങ്ങുന്നത്. അതും എന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച്. അടുത്ത ദിവസം രാവിലെ കണ്ണൂരിൽ പോകണമെന്നും പറഞ്ഞ് ഓട്ടോയിൽ കയറി യാത്ര പറഞ്ഞു മറയുന്ന മാഷിന്റെ മുഖം മനസ്സിലിപ്പോഴും പച്ചപിടിച്ച് കിടപ്പുണ്ട്. ആ യാത്ര പറച്ചിൽ എന്നെന്നേയ്ക്കുമായുള്ള പിരിഞ്ഞു പോകലാണെന്ന് വെറും മനുഷ്യരായ നമുക്ക് അറിയില്ലല്ലോ! അയനം – എ.അയ്യപ്പൻ കവിതാ
പുരസ്കാര ചടങ്ങിനു ശേഷം കുഞ്ഞിക്ക (പുനത്തിൽ) ക്കൊപ്പം രാത്രി PWD റെസ്റ്റ് ഹൗസ്സിലാണ് കിടന്നത്. പുലർച്ചേ അഞ്ചു മണിയോടെ ബാലു (പി.ബാലചന്ദ്രൻ) വിന്റെ ഫോൺ എടാ, നമ്മുടെ മുല്ലൻ മാഷ് പോയി. നീ എവിടെയാണ് വേഗം അശ്വനിയിലേക്ക് വരൂ. കുഞ്ഞിക്കയെ തട്ടി വിളിച്ച് മുല്ലൻ മാഷ് മരിച്ച വിവരം പറഞ്ഞു. ഒന്നും പറയാനും ചെയ്യാനുമില്ലാതെ ഞങ്ങൾ കുറച്ചു നേരം കിടക്കയിൽ തന്നെയിരുന്നു. പുലർച്ചേ നെഞ്ചുവേദനയെ തുടർന്ന് വീട്ടിൽ നിന്നും തൃശൂരിലെ ആശുപത്രിയിൽ എത്തിക്കും
മുൻപേ മുല്ലൻ മാഷിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഞാൻ ആശുപത്രിയിലെത്തിയപ്പോൾ തലേന്ന് അയ്യപ്പൻ സ്മൃതിയിൽ വരുമ്പോൾ ധരിച്ചിരുന്ന ഷർട്ടും മുണ്ടുമിട്ട് മാഷ് ശാന്തമായി ഉറങ്ങുന്നു. മുഖത്ത് യാതൊരു ഭാവമാറ്റങ്ങളുമില്ല. അരികിലായി മകൻ പ്രദീപനുമുണ്ട്. മണിക്കൂറുകൾക്ക് മുൻപ് ആ കൈപിടിച്ചു നടന്നതിന്റെ ഓർമ്മ മനസ്സിൽ വിങ്ങലായി വന്നു നിറഞ്ഞു. ഒന്നോർത്താൽ ഇത്രയേ ഉള്ളൂ നമ്മളീ മനുഷ്യരുടെ കാര്യം. തൃശ്ശൂരിന്റെ സാംസ്കാരിക കൂട്ടായ്മകളിൽ മാഷിന്റെ മരണമുണ്ടാക്കിയ ശൂന്യത വലുതാണ്. മാഷെന്നൊരു വലിയ കുടയ്ക്കു കീഴിൽ തണൽ കൊണ്ടവർ ചെറുതല്ല. സമാന്തര സിനിമ -നാടക പ്രവർത്തകരാണതിൽ അധികവും.
എ.അയ്യപ്പനെ കുറിച്ച് പെരുമഴ പോലെ ആർത്തലച്ച് പറഞ്ഞു കൊണ്ടാണ് മുല്ലൻ മാഷ് മരണത്തിലേക്ക് നടന്നു പോയതെന്ന് ഇപ്പോൾ ഓർക്കുമ്പോൾ തോന്നിപ്പോകുന്നു. ഏറെ കുറെ സമാന ജീവിതം നയിച്ചവർ ഒരു വർഷത്തെ വ്യത്യാസത്തിലാണെങ്കിലും അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെടുന്നു. ശാന്തമായൊഴുകാത്ത രണ്ടു നദികളായി നമുക്കു മുന്നിൽ അയ്യപ്പനും മുല്ലൻ മാഷും മുറിപ്പെടുന്നു. വരാനിരിക്കുന്ന ദുരന്തങ്ങളെ കവിതയിൽ കാലേക്കൂട്ടി പ്രവചിച്ചവർ.
വ്യവസ്ഥകളെ തകിടം മറിച്ചു കൊണ്ടുള്ള ആ കാവ്യ ജീവിതങ്ങൾക്ക് ഇനിയൊരു പിൻതുടർച്ചയുണ്ടാവില്ലെന്ന് കാലം സാക്ഷ്യം വയ്ക്കുന്നു.
നാട്ടു ശീലിന്റെ തുടിതാള തെളിമയുള്ള കാവ്യ ജീവിതമായിരുന്നു മുല്ലൻ മാഷിന്റേത്. വൈലോപ്പിള്ളിയുടെ അരുമ
ശിഷ്യനാവാൻ മഹാഭാഗ്യം ലഭിച്ച മാഷിന് ആ കാവ്യപാരമ്പര്യത്തിന്റെ തുടർച്ചയിലെ ഇങ്ങേയറ്റത്തെ കണ്ണിയാവാൻ കഴിഞ്ഞു.
ചില മനുഷ്യർ അങ്ങനെയാണ്. അവർ നമ്മുടെ ആരല്ലാമോ ആണെന്ന് നിരന്തരം തോന്നിപ്പിച്ചു കൊണ്ടിരിക്കും. അവരില്ലാതൊരു ലോകവും കാലവും ഇനിയില്ലെന്ന് ഭ്രമിപ്പിക്കും. യാതൊന്നും പറയാതെ ഒരു ദിവസം ഇറങ്ങി പോകും, നമ്മൾ അനാഥരാവും. മറവിയിൽ, നാട്ടിടവഴികളിലൂടവരെ തേടി നാം അലയും. മഴയിൽ കുടയെടുക്കാൻ മറന്നൊരുസ്കൂൾ കുട്ടിയെ പോലെ തെരുവിൽ നിന്നു നനയും. അവരാ വഴി വരുമെന്ന് വെറുതെ കിനാവു കാണും. സ്വപ്നത്തിലെന്ന പോലെ പുറത്ത് നിർത്താതെ പെയ്യുന്ന മഴയിൽ അപ്പോൾ ഞാനെന്റെ നാടിന്റെ കവിത പെയ്തിറങ്ങുന്ന കാഴ്ച കാണും.
ആളൊഴിഞ്ഞൊരു
നാൽകവലയിൽ മുല്ലൻ മാഷ് നിർത്താതെ കവിത ചൊല്ലുന്നു. സ്കൂൾ കുട്ടിയെപ്പോലെ ഒറ്റയ്ക്ക് തെരുവിലെ ബെഞ്ചിലിരുന്ന് ഞാനീ കവിതയുടെ മഴ നനയുന്നു.
ഇടക്കുന്നി വിളക്ക്
വിളക്കിനു തിളക്കം
തിളങ്ങണ പൊന്ന്
പൊന്നണിഞ്ഞഞ്ചാന
ആനയ്ക്കു കോലം
കോലം കേറുമ്പോ
കാലം മാറുമ്പോ
കതിന മുഴക്കം
മുഴങ്ങണ മാനം
മാനത്തു കറുപ്പ്
ഇടയ്ക്ക് മത്താപ്പ്
മതില്ക്കകം തിരക്ക്
തിരക്കില് കിലുക്ക്
കിലുങ്ങണ കിലുക്കം
ത്ഡിലും ത്ഡിലും ത്ഡിഞ്ചിം
ത്ഡിഞ്ചിലും ത്ഡിഞ്ചിലും
