Home Nirakkoottu“ലോക കാൻസർ ദിനം” “വൈരുദ്ധ്യത്തിൽ ഐക്യം”.

“ലോക കാൻസർ ദിനം” “വൈരുദ്ധ്യത്തിൽ ഐക്യം”.

by news_desk
0 comments

ലെഫ്. കേണൽ .ബി.കെ. ലളിത (ഓങ്കോളജി കെയർ സ്പെഷ്യലിസ്റ്റ്) അസ്സി. പ്രൊ. സെൻ്റ് തെരേസാസ് കോളേജ്, എറണാകുളം.

അർബുദത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അവയുടെ പ്രതിരോധം , ചികിത്സ എന്നിവയെകുറിച്ചുള്ള പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുമായി ഫെബ്രുവരി നാല് അന്താരാഷ്ട്രീയ കാൻസർ ദിനമായി ആചരിക്കുന്നു.

ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കാൻസർ രോഗികൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് കണക്കുകൾ തെളിയിക്കുന്നു . ഇന്ത്യയിൽ കാണുന്ന മൂന്ന് പ്രധാന കാൻസറുകളാണ് സ്തനാർബുദം, വായിലെ കാൻസർ, ഗർഭാശയ ഗള കാൻസർ എന്നിവ. 2040 ആകുമ്പോഴേക്കും കാൻസർ കേസുകളും മരണനിരക്കും ഉയരുമെന്നാണ് കണക്ക്. ആധുനിക ലോകത്തെ ജീവിത സമ്മർദ്ദങ്ങൾ, വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യങ്ങൾ, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ജനസംഖ്യാ വർദ്ധന (വാർദ്ധക്യം) നിഷ്ക്രിയവും അനാരോഗ്യകരവുമായ ജീവിതശൈലി, ഇൻഡോർ, ഔട്ട്ഡോർ വായു മലിനീകരണം മുതലായവ, ലോകമെമ്പാടും ഉയർന്നുവരുന്ന കാൻസർ വർദ്ധനവിന് കാരണമാകുന്നു.പക്ഷെ
മൂന്നിലൊന്ന് ഭാഗം കാൻസറുകളും തടയാൻ പറ്റുന്നവയാണെന്നതാണ് സത്യം.

കാൻസറിന്റെ ആദ്യ ഘട്ടത്തിൽ കണ്ട് പിടിച്ചാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്നതാണെങ്കിലും നിർഭാഗ്യവശാൽ ആദ്യ ഘട്ടം കഴിഞ്ഞാണ് പലരും ചികിത്സ തേടുന്നത്. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ ട്യൂമറുകളെ സർജറി മാത്രമായി ചെയ്ത് നീക്കാം. കീമൊതെറാപ്പി, റേഡിയൊതെറാപ്പിപോലുള്ള ചികിത്സകൾ ഒഴിവാക്കാം, സർജറിയുടെ സങ്കീർണ്ണത കുറക്കാം.,ആശുപത്രി വാസം കുറക്കാം, വൈകല്യങ്ങൾ കുറക്കാം, മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കാം,കാൻസർ ആവർത്തിച്ച് വരുന്നത് ഒഴിവാക്കാം,കാൻസർ മരണങ്ങൾ ഒഴിവാക്കാം.

നേരത്തെ അറിയാം – കാൻസർ സ്ക്രീനിംഗ്

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് കാൻസർ തിരിച്ചറിയാൻ ആരോഗ്യമുള്ള വ്യക്തികളെ പരിശോധിക്കുന്നതാണ് സ്ക്രീനിംഗ് എന്ന് പറയുന്നത്. കുടുംബത്തിൽ കാൻസർ ചരിത്രമുള്ളവർ നേരത്തെ തന്നെ സ്ക്രീനിങ്ങിന് വിധേയമാകണം.

ഗർഭാശയഗള കാൻസർ സ്ക്രീനിഗ്

ഗർഭാശയ ഗള കാൻസറിന്റെ (സെർവിക്കൽ കാൻസർ) കാരണങ്ങിൽ 98 ശതമാനവും ഹ്യൂമൻ പാപ്പിലോമ എന്ന വൈറസ്സ് ആണ്. ഇവ ലൈംഗിക സമ്പർക്കത്തിലൂടെ പടരുന്നു ഈ വൈറസിൻ്റെ സാന്നിധ്യം അറിയാനുള്ള ടെസ്റ്റ് ആണ് HPV ടെസ്റ്റ്. മറ്റൊരു ടെസ്റ്റ് ആണ് പാപ്പ് സ്മിയർ ടെസ്റ്റ് (PAP Smear test) കോശങ്ങളുടെ മാറ്റം കണ്ടെത്താൻ ഈ ടെസ്റ്റ് സഹായിക്കുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന എല്ലാ സ്ത്രീകളും ഈ ടെസ്റ്റിന് വർഷത്തിലൊരിക്കൽ വിധേയമാകണം.

സ്തനാർബുദ സ്ക്രീനിംഗ്

സ്തനാർബുദം നേരത്തെ അറിയാനുള്ള ഏറ്റവും സുവർണ്ണ അവസരമാണ് സ്‌ക്രീനിംഗ് മാമൊഗ്രാഫി എന്ന് പറയുന്നത്. കൂടാതെ സ്വയം സ്തന പരിശോധന (BSE ) 20 വയസ്സിന് മുകളിലുള്ള എല്ലാ പെൺക്കുട്ടികളും മാസത്തിൽ ഒരിക്കൽ ചെയ്യേണ്ടതാണ്.

വൻകുടൽ കാൻസർ സ്ക്രീനിംഗ്.

കൊളോണൊസ്കോപ്പി ,
സിഗ്മോയിഡോസ്കോപ്പി, നിഗൂഢ രക്ത മല പരിശോധന (Stool for Occult blood) എന്നീ പരിശോധനകളിലൂടെ വൻകുടൽ കാൻസർ നേരത്തെ തിരിച്ചറിയാം.

തലയിലെയും കഴുത്തിലെയും കാൻസറുകൾക്കുള്ള സ്ക്രീനിംഗ് ഒരു പൊതു പരിശോധനയുടെ ഭാഗമാണ്. മൂക്കിലും വായയിലും തൊണ്ടയിലും എന്തെങ്കിലും അസാധാരണത്വമൊ മുഴകളൊ, തടിപ്പുകളൊ ഉണ്ടൊ എന്ന് നോക്കുകയും പ്രത്യേകിച്ച് കഴുത്തിലെ ലിംഫ് നോഡുകളുടെ വീക്കവും പരിശോധിക്കുന്നു.

ശ്വാസകോശ അർബുദത്തിന്റെ സ്ക്രീനിംഗ് ടെസ്റ്റ്
പരിശോധിക്കുന്നതിന് ലോ-ഡോസ് ഹെലിക്കൽ അല്ലെങ്കിൽ സ്‌പൈറൽ കംപ്യൂട്ടഡ് ടോമോഗ്രഫി (CT അല്ലെങ്കിൽ CAT) സ്‌കാൻ ഉപയോഗിക്കുന്നു.

പ്രോസ്റ്റേറ്റ് കാൻസർ പരിശോധിക്കുന്നതിന് രണ്ട് ടെസ്റ്റുകളുണ്ട്:ഡിജിറ്റൽ മലാശയ പരിശോധനയും പ്രോസ്റ്റേറ്റ്-നിർദ്ദിഷ്ട ആന്റിജൻ ടെസ്റ്റും(PSA).

ചർമ്മ കാൻസറിൻ്റെ ലക്ഷണങ്ങൾക്കായി ശരീരം മുഴുവനും കണ്ണാടിയിൽ പരിശോധിക്കാം. തലയോട്ടി, പുറം, കഴുത്തിന്റെ പിൻഭാഗം എന്നിങ്ങനെ ശരീരത്തിൽ എളുപ്പത്തിൽ കാണാൻ കഴിയാത്ത സ്ഥലങ്ങൾ മറ്റൊരാളുടെ സഹായത്തോടെ പരിശോധിക്കാൻ കഴിയും.
കാൻസർ വരാനുള്ള നിങ്ങളുടെ വ്യക്തിപരമായ അപകടസാധ്യതയെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക.

കാൻസർ പ്രതിരോധ വാക്സിൻ

ഇന്ത്യയിൽ ഗർഭാശയഗള കാൻസറിനെതിരായ വാക്സിൻ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

  1. HPV – വാക്സിൻ

HPV വാക്സിനുകൾ, ഹ്യൂമൻ പാപ്പിലോമ വൈറസ് എന്ന ലൈംഗികമായി പകരുന്ന ഈ വൈറസിനെതിരെ സംരക്ഷണം നൽകുന്നു.
സെർവിക്കൽ കാൻസറിന് ഏറ്റവും ഫലപ്രദമായ പ്രതിരോധ വാക്സിനാണ് ഇത്.

ഈ വാക്സിൻ ആർക്കെല്ലാം കൊടുക്കാം?

9 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള പെൺകുട്ടികളിൽ രണ്ട് ഡോസ് വാക്സിൻ കൊടുക്കാം. പതിനഞ്ച് വയസ്സിന് ശേഷമാണെങ്കിൽ മൂന്ന് ഡോസ് എടുക്കണം. ആദ്യ ഡോസിന് ശേഷം രണ്ടാമത്തെ ഡോസ് 6 മുതൽ 12 മാസത്തിനകമാണ്. (0,6-12)
വാക്സിൻ കൊടുക്കേണ്ട പ്രായം 25 വയസ്സ് വരെയാണ്.

2.ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ (Hepatitis B Vaccine)

ഇത് കരളിൽ അണുബാധകൾ ഉണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസ്സുകൾക്കെതിരെ പ്രവർത്തിച്ച് അണുബാധ തടയുകയും ഇതുമൂലം വരുന്ന കരൾ കാൻസറുകളെ തടുക്കാനും കഴിയും. 80% കരൾ കാൻസറുകളും ഹെപ്പറ്റൈറ്റിസ് ‘ബി’ അല്ലെങ്കിൽ ‘സി’ വൈറസ് ആണ് കാരണക്കാർ.

ജീവിത ശൈലി മാറ്റാം

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് കാൻസർ പ്രതിരോധത്തിൽ പരമപ്രധാനമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം, ചിട്ടയായ വ്യായാമം , പുകയിലയും അമിതമായ മദ്യപാനവും ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യും.
പൊതുജന ബോധവത്കരണം
അർബുദത്തിൻ്റെ അപകടസാധ്യതകളെയും ലക്ഷണങ്ങളെയും കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും കുട്ടികളെ സ്കൂൾ തലങ്ങൾ മുതൽ ജീവിതശൈലികളെ കുറിച്ച് ബോധവാമ്ന്മാരാക്കുകയും വേണം. ഇതും പ്രതിരോധത്തിൻ്റെ നിർണായക വശമാണ്.

“ആഹാരം മരുന്നുപോലെ കണക്കാക്കി കഴിക്കണം. അല്ലെങ്കിൽ മരുന്ന് ആഹാരമായി കഴിക്കേണ്ടി വരും.” (ഹിപ്പൊക്രേറ്റ്സ്)

ഇമ്മ്യൂണൊ തെറാപ്പി കാൻസർ ചികിത്സയിൽ വലിയ പുരോഗതിയാണ് കൈവരിക്കുന്നത്. ഇനി ചികിത്സകളൊന്നും ഇല്ലെങ്കിൽ തന്നെയും രോഗിയെ മരണത്തിനായി വിട്ട് കൊടുക്കുന്നില്ല. പാലിയേറ്റീവ് ടീം ഇത്തരം രോഗികൾക്ക് വേദനമുക്തമായ ഒരു ജീവിതവും അന്തസ്സുറ്റ ജീവിത നിലവാരവും ലഭ്യമാക്കുന്നു. ഇന്ന് ഒരു കാൻസർ രോഗിക്കും വേദന കടിച്ചമർത്തേണ്ടതായി വരുന്നില്ല. മോർഫിൻ പോലുള്ള വേദന സംഹാരി കൊണ്ട് രോഗിയെ 24 മണിക്കൂറും വേദന വിമുക്തമാക്കുന്നു.

ഇപ്പോൾ മിക്കവാറും എല്ലാ ആശുപത്രികളിലും ഗവൺമെന്റ് കാൻസർ ചെക്കപ്പ് സെന്ററുകളിലും സൗജന്യമായി കാൻസർ ചെക്കപ്പുകൾ ചെയ്യുന്നുണ്ട്. നിരവധി സംഘടനകളും കാൻസർ ടീമുകളും ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങൾ ഇവയുടെ സേവനം ലഭ്യമാക്കുക

NB: ഒറ്റ മൂലികളും പച്ചില മരുന്നുകളും കാൻസർ സുഖപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

You may also like