ശബരിമലപോലുള്ള സർവ്വമതസ്തരും കയറിയിറങ്ങുന്ന ഒരു തീർത്ഥാടനകേന്ദ്രത്തിന്റെ സംരക്ഷകരിൽനിന്നുണ്ടായ വിഷമകരമായ പാളിച്ചകൾ ലോകത്തെ വിസ്മരിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഭക്തിയും ആധ്യാത്മികതയും അതിന്റെ സൗഭഗങ്ങളും നിറഞ്ഞുതുളുമ്പുന്ന തൃശ്ശൂരിലെ ആവണങ്ങാട് കളരി കുടുംബത്തിലെ വിഷ്ണുമായ ഉപാസകനും,സാമൂഹ്യപ്രവർത്തകനും, അനവധി കാരുണ്യപ്രവർത്തനങ്ങളുടെ അമരക്കാരനുമായ
അഡ്വ. രഘുരാമൻ പണിക്കരുടെ സവിശേഷമാർന്ന കർമ്മസരണികളിലൂടെ കണ്ണും കാതുമായി ചില മുഹൂർത്തങ്ങൾ.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ വിഖ്യാതമായ ഐതിഹ്യമാലയിൽ പ്രതിപാദ്യമുള്ള, 1400ലേറെ വർഷത്തെ ഐതിഹ്യകഥനങ്ങൾ കെട്ടഴിഞ്ഞുകിടക്കുന്ന ഈ തീർത്ഥാടനകേന്ദ്രം കേവലം പൂജാദികർമ്മങ്ങൾക്കുള്ള ഒരിടം മാത്രമല്ല, ജീവിതഭംഗങ്ങളുടെ താപമേറ്റ മനസ്സിന്റെ കെട്ടഴിച്ചുവെക്കാൻ
എത്തുന്നവരെ സാന്ത്വന വാക്കുകൾ ചൊരിഞ്ഞും ആത്മീയപാതകളുടെ അനന്തസാധ്യതകളിലേക്കുള്ള വാതിലുകൾ തുറന്ന് അനുഗ്രഹിച്ചും ഊർജ്ജസ്വലരാക്കി വിടുന്ന ഒരു പ്രതീക്ഷാനികേതൻ കൂടിയാണ്.
അദ്ധ്യാത്മചൈതന്യം നിറഞ്ഞൊഴുകുന്ന ഈ ക്ഷേത്രപരിസരം ഒരുകാലത്ത് ആവണക്കിൻ മരങ്ങളാൽ തിങ്ങിനിറഞ്ഞ ഭൂതലമായിരുന്നെന്നാണ് പറയപ്പെടുന്നത്.
അക്കാദമിക് മികവുള്ള വ്യക്തികളാൽ ‘കാരണവസ്ഥാനം’ വഹിച്ചുവരുന്ന ഒരു സാംസ്‌കാരിക സ്ഥാപനം കൂടിയായ ഇതിന്റെ അമരക്കാരനാകാനുള്ള
നിയോഗം ഇപ്പോൾ നിക്ഷിപ്തമായിരിക്കുന്നത് അഡ്വ. രഘുരാമൻ പണിക്കരിലാണ്.
ഉന്മേഷ വഴികൾ തുറക്കുന്ന ഇളയ കാരണവർ
കാവിചുറ്റിയ സന്യാസിഗണങ്ങൾ കൊട്ടിഘോഷിക്കുന്ന ആത്മീയ പൊള്ളത്തരങ്ങൾക്കും, ഭൗതികജീവിതഗോപുരവാതിലിന്റെ കാവലാളെന്ന് മുഷ്ടിചുരുട്ടുന്നവരുടെ കള്ളത്തരങ്ങൾക്കും കാതോർക്കാതെ പാരമ്പര്യമായി ശീലിച്ചുവരുന്ന സാധനകളുടെ ഉൾവെളിച്ചം പിന്തുടരുന്ന രഘുരാമപണിക്കർ കർമ്മത്തിലും സമീപനത്തിലും തികച്ചും വ്യത്യസ്തനാണ്.
താൻ ശ്വസിച്ചുവളർന്ന കളരിയിലെ പാരമ്പര്യമായി വികാസം പ്രാപിച്ച സംസ്കൃതിയുടെ നിറവാലും, ഉപാസനയിൽ അധിഷ്ഠിതമായ ജീവനശൈലിയുടെ കൃപാകടാക്ഷത്താലും വന്നുചേർന്നിട്ടുള്ള കാഴ്ചപ്പാടിന്റെ മേന്മയിൽ അപരരെ മനസ്സിലാക്കുവാനും, ഉചിതമായ ദിശാബോധം നൽകി ജീവിതവഴികൾ സുഗമമാക്കുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ഇദ്ദേഹം നാട്ടുകാരുടെ ഉറ്റവനും മാർഗ്ഗദർശിയുമാണ്.
“നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം വക്രീകരിക്കപ്പെട്ട വാക്കാണ് ആത്മീയത എന്നും, ആത്മീയതയും പുരോഗമന ചിന്തയും വേർതിരിച്ചതാണ് കേരളത്തിന്റെ ഏറ്റവും വലിയ പാളിച്ചയെന്നും, ആത്മീയതയെ ഭക്തിയിലൂടെ പരിഭാഷപ്പെടുത്തുമ്പോൾ അത് സ്വാർത്ഥതയായി മാറുന്നുവെന്നും, മറിച്ച് കരുണയിലൂടെയാകുമ്പോൾ അത് ജ്വലിച്ചുയരുന്നു”വെന്നും മുൻ ചീഫ് സെക്രട്ടറിയും ഇപ്പോൾ ശബരിമല ഉൾപ്പെടെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡണ്ട് കൂടിയായ ശ്രീ. കെ. ജയകുമാർ ഐ. എ. എസ് പറയുകയുണ്ടായി. ഭക്തിയും, കരുണയും ജനസേവനത്തിനുവേണ്ടി ഒരുപോലെ ഉപയോഗിക്കുന്ന ആവണങ്ങാട്ടെ ഈ ഇളയ പണിക്കർക്ക് പറയാനുള്ളത് മിതമായ വാക്കുകൾ മാത്രമാണ്.
“വ്യക്തികളിലായാലും, കുടുംബങ്ങളിലായാലും, സാമൂഹ്യ ഇടങ്ങളിലായാലും, രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപാടുകളിലായാലും ലോകമാകമാനം ഇപ്പോഴും സംഘർഷങ്ങൾ നിലനിൽക്കുകയാണ്. ‘ഭാരത’വും ‘ഭാഗവതവു’മൊക്കെ ചർച്ചചെയ്ത സന്ദേശങ്ങളിലൂടെ സഞ്ചരിച്ചുകഴിഞ്ഞാൽ ഈ ആവർത്തനങ്ങളുടെ സത്യരേഖകളും, തത്വചിന്താപരമായ ഉള്ളറിവുകളും നമുക്ക് തൊട്ടറിയാനാകും. അതുകൊണ്ട് താൽക്കാലിക കാര്യസാധ്യത്തിനുവേണ്ടി അധാർമികമായ പ്രവൃത്തികളിൽ വ്യാപൃതരാകാതെ സത്യത്തിനും ധർമ്മത്തിനുംവേണ്ടി നിലനിൽക്കണം” എന്നുകൂടി രഘുരാമപണിക്കർ ഓർമിപ്പിച്ചു.
“പരസ്പരം ബഹുമാനിച്ചുകൊണ്ടല്ലാതെ മനുഷ്യകുലത്തിന് നേരാംവണ്ണം നിലനിൽക്കാനാവില്ല. ഈ തിരിച്ചറിവിൽ നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആവണങ്ങാട് കളരിയിൽ പാരമ്പര്യമായി തുടർന്നുപോരുന്നത്. ഇത് മനസ്സിലാക്കിയിട്ടുള്ള അനേകരുടെ അകമഴിഞ്ഞ സഹകരണമുള്ളതുകൊണ്ട് ഞാനും ഈ മാലികയിലെ ഒരു കണ്ണിയായി കർമ്മം ചെയ്തുകൊണ്ടിരിക്കുന്നു എന്നുമാത്രം”.
ആവർത്തനങ്ങളാണ് ജീവിതമുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, അടുത്തനിമിഷത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരാൾക്കും പ്രവചിക്കാനാകില്ലയെന്നും കരുതുന്ന ഇദ്ദേഹം,
നൂറ്റാണ്ടുകൾ മുൻപ് രചിക്കപ്പെട്ട ഭാരതീയ പുരാണങ്ങളിൽ
വ്യവഹരിക്കപ്പെടുന്ന ജീവിതാവസ്ഥകളുടെ ഉണ്മയിൽ അഭിരമിക്കുന്ന ഒരു കർമ്മയോഗിയാണെന്ന് സമ്പർക്കത്തിലൂടെ എനിക്ക് തിരിച്ചറിയാനായി
ക്ലാസ്സിക്കൽ കലകളുടെ സംരക്ഷണവും മുഖ്യ സേവതന്നെ
മറ്റേതൊരു സേവനമേഖലകളെക്കാൾ മികച്ചുനിൽക്കുന്നത് ഇദ്ദേഹത്തിന്റെ കലാ-സാംസ്‌കാരിക മേഖലയിലുള്ള പ്രോത്സാഹനങ്ങളുടെ അഴകുതന്നെ.
ക്ലാസ്സിക്കൽ കലകളുടെ സംരക്ഷണത്തിനും, വികാസത്തിനുമായി ‘സർവതോഭദ്രം’ എന്ന ഒരു കലാവിദ്യാലയം ഇവിടെ സജീവമായി സംരക്ഷിക്കപ്പെടുന്നുണ്ട്. കലാവിഷയങ്ങളിൽ തൽപ്പരരായവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും, സമീപ ഗ്രാമവാസികളായ സർഗ്ഗവാസന തെളിഞ്ഞ വിദ്യാർത്ഥികൾക്കും വലിയൊരു അനുഗ്രഹമായി നിലകൊള്ളുന്നു. കഥകളിയും, ചുട്ടി മുതൽ അനുബന്ധ വിഷയങ്ങളൊക്കെയും ഇവിടെ പഠിപ്പിക്കുന്നുണ്ട്.
മോഹിനിയാട്ടം, ഭാരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളും, മേളങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളായ വാദ്യകലകളും ഇവിടെ അഭ്യസിപ്പിച്ചുവരുന്നു. ഹോസ്റ്റൽ സൗകര്യത്തോടുകൂടിയ ഈ കലാഗൃഹത്തിൽ 800 ൽ പരം സർഗ്ഗമുകുളങ്ങളാണ് വിടർന്ന് വളർന്നുകൊണ്ടിരിക്കുന്നത്. എല്ലാം സൗജന്യമാണെന്ന അറിവ് എന്നിൽ വിസ്മയങ്ങൾ തീർത്തു .
ആവണങ്ങാട് കളരിയുടെ കീഴിൽ ഒരു സ്കൂൾ തൃശ്ശൂരിലെ പാമ്പൂരിൽ പ്രവൃത്തിക്കുന്നുണ്ട്.
പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണവുമായി കളരിവക വിവിധ ശാഖകളിലുള്ള ഡോക്ടർമാരുടെ സൗജന്യസേവനം നടത്തിവരുന്നു ഇതിനടുത്ത് പെരിങ്ങോട്ടുകരയിൽ. കുറഞ്ഞവിലയിൽ
മരുന്ന് ലഭ്യമായ സ്ഥാപനവും ഇതിനോട് ചേർന്ന് കരുണ ചൊരിയുന്നുണ്ട്. തീരെ ധനശേഷിയില്ലാത്തവർക്ക് സൗജന്യമായും ഇവിടെ മരുന്ന് നൽകിവരുന്നു.
ധാന്യകതിർ തലയാട്ടിയ കൊയ്ത്തുത്സവം
കഴിഞ്ഞ വർഷം 127 ഇനം നെൽവിത്തുകൾ വിതച്ച് കൊയ്തെടുത്ത അസാധാരണമായ ഒരു കൊയ്ത്തുത്സവവും ഇവിടെ അരങ്ങേറുകയുണ്ടായി. വൈറ്റ് ജാസ്മിൻ, റെഡ് ജാസ്മിൻ, ബർമ്മ ബ്ലാക്ക് തുടങ്ങിയ മൂന്നിനം വിദേശവിത്തുകളും ഇതിനിടയിൽ സാഹോദര്യത്തോടെ വളർന്നുവലുതായി. ഏറ്റവും കുറിയവനെന്ന് അറിയപ്പെടുന്ന”തുളസി ബോഗ്’ എന്ന നാമധാരിയും, ഒരു നെല്ലിൽ തന്നെ രണ്ട് അരി വിരിയുന്ന ‘ജഗൽ’ വിഭാഗവും, ചിറകുള്ള ‘നളീ പങ്ക’ യും, കവുങ്ങിൻ പൂക്കുലപോലെ ആകർഷകമായ കതിരുള്ള ‘കവുങ്ങിൻ പൂത്താല’യും മറ്റനേകം ധാന്യവിത്തുകളും ഈ ധർമ്മഭൂമിയിൽ വിളഞ്ഞ് തലയാട്ടി. കാർഷിക പരിചരണങ്ങളോട് വിമുഖത പുലർത്തുന്ന ഇന്നത്തെ വിമതർക്കൊക്ക മാതൃകയായിരുന്നു ആവണങ്ങാട് കളരിയുടെ ഇത്തരം കൃഷിപരിചരണങ്ങൾ.
തൊട്ടതിനെല്ലാം പരസ്യം നൽകി ജനങ്ങളെ വഴിതെറ്റിച്ച് പരസ്യകേന്ദ്രത്തിലേക്ക് വലിച്ചിഴയ്ക്കുന്ന ആത്മീയതയുൾപ്പെടെയുള്ള ആധുനിക വിപണനതന്ത്രങ്ങൾ ഉപയോഗിക്കാത്ത ഏക ഇടം കൂടിയാണ് പ്രശാന്തമായ ആവണങ്ങാട് കളരി. ഇതിന്റെ കാരണം തേടിയ എന്നോട് രഘുരാമപണികർക്ക് പറയാൻ ചിലതുണ്ടായിരുന്നു.
“പരസ്യം ചെയ്ത് പ്രവർത്തിപ്പിക്കേണ്ട ഒന്നല്ല ആത്മീയാലയങ്ങൾ. ആത്മീയാന്വേഷികൾ അന്വേഷിക്കുന്ന ഇടങ്ങളിൽ സമയമാകുമ്പോൾ അവർ താനേ എത്തിച്ചേരും. അവർക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുക മാത്രമാണ് പാരമ്പര്യമായി ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്”. അദ്ദേഹം വ്യക്തമാക്കി.
സംഘർഷ ഭരിതമായ ആനുകാലിക ലോകത്തിൽ സമാധാനം പുലരാനായി പരിഹാരമാർഗ്ഗങ്ങൾ എന്തെങ്കിലും നിർദ്ദേശിക്കാനാകുമോ എന്ന എന്റെ ആകാംഷയ്ക്ക്,
” സനാതന ധർമ്മത്തിന്റെ ഉദ്ഘോഷങ്ങളാണ് ഭാരതീയ തത്വചിന്തകളിൽ നിറഞ്ഞുനിൽക്കുന്നതെന്നും, ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന അനവധി ആശയങ്ങളുടെ അമൃതകുംഭമാണ് വേദങ്ങളും ഉപനിഷത്തുക്കളും” എന്നും വിശ്വസിക്കുന്ന പണിക്കർ ചിലതൊക്കെ പുതുതലമുറയോട് പറയാനുണ്ടെന്ന ബോധ്യത്തോടെ തുടർന്നു. “സമത്വഭാവത്തിന്റെ സാരാംശം മനസ്സിൽ ആവാഹിച്ചുകൊണ്ട് കർമംചെയ്യാൻ മനുഷ്യർ തയ്യാറായാൽ ഇന്നത്തെ ലോകത്തിന്റെ അപഭ്രംശങ്ങൾക്ക് ഒരു ശാശ്വത പരിഹാരം പ്രതീക്ഷിക്കാനാകുമെന്നാണ് എനിക്ക് തോന്നുന്നത്” എന്നും പ്രതീക്ഷ പങ്കുവെച്ചു.
ഹൃദയ നൈർമല്യവും, അപരസ്നേഹവും വരണ്ടുപോയ്കൊണ്ടിരിക്കുന്ന ആധുനികസമൂഹത്തിൽ ധർമ്മത്തിന്റെ പ്രകാശബിന്ദുക്കൾ കൈകളിലേന്തി തന്റെ ചുറ്റുപാടുള്ള സമൂഹമനസാക്ഷിയുടെ സാംസ്കാരിക ഉദ്ധാരണത്തിനായി ചുവടുകൾ വെക്കുന്ന ആവണങ്ങാട്ട് കളരിയിലെ ഈ സ്നേഹോപാസകൻ കേവലം ഒരു സാമൂഹ്യപ്രവർത്തകൻ മാത്രമല്ല, അനുകമ്പയുടെ വിലമതിക്കാനാകാത്ത പാഠപുസ്തകം കൂടിയാണ്.
