എം.ടി.യുടെ രണ്ടാംമൂഴം ആദ്യമൂഴമാക്കി ശിൽപനിർമ്മാണ രംഗത്തേക്ക് ചുവടുവെച്ചു. അതൊരു വെറും തുടക്കമായിരുന്നില്ല. മോഹൻലാലിന് പ്രണയസൗഗന്ധികം ശില്പം കൈമാറുന്ന അപൂർവ്വ നിമിഷത്തിലേക്കും, ക്ഷീരസാഗരത്തിലെ അനന്ത പത്മനാഭനിലേക്കുമത് മിഴിതുറന്നു. കൊത്തുപണികളുടെ ഈറ്റില്ലം കിഴക്കൂട്ട് തറവാട്. അവിടെ നിന്നുമൊരാൾ സ്വദേശത്തും വിദേശത്തും കുലതൊഴിലായ ശിൽപകലയുടെ സൗന്ദര്യം പകരുകയാണ്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച യുവ ശിൽപിയായ സതീഷ് കുമാർ ചേർപ്പിലെ പ്രഗത്ഭനായ ആന പണിക്കാരൻ കിഴക്കൂട്ട് രാമചന്ദ്രൻ്റെ മകനാണ്.
പരമ്പര്യ മൂല്യങ്ങളെ കൂടെ കൂട്ടി ശിൽപനിർമ്മാണത്തിൽ പുതിയൊരു ആകാശം പടുത്തുയർത്തുമ്പോൾ അവിടെ തൻ്റേതായ ശ്വാസവും ചലനവും ഭാവവും ഉണ്ടായിരിക്കണമെന്ന് ഒരു ശിൽപി ആഗ്രഹിച്ച് പ്രവർത്തിച്ചപ്പോൾ അതൊരു വിസ്മയമായി. സതീഷ് കുമാറിൻ്റെ ശിൽപങ്ങൾ സമൂഹവുമായി നിരന്തരം സംവാദത്തിലേർപ്പെടുന്നതാണ്.
മരവും ഉള്ളിയും തമ്മിൽ കൂട്ടി മുട്ടി ചിലമ്പുന്ന സംഗീതം കേട്ടുണരുന്ന കുട്ടിക്കാലം. പഠനത്തിൽ ഏറെ താൽപര്യമുണ്ടായിരുന്ന സതീഷ് കുമാറിന് അന്നത്തെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതുകൊണ്ടു മാത്രമാണ്. പത്താം ക്ലാസ്സിൽ പഠനം നിറുത്തി കൊത്തു പണിയിലേക്ക് ഇറങ്ങേണ്ടി വന്നത്. അതിനു ശേഷം തൃശൂർ ടിഎൻസി മേനോൻ്റെ മസ്ക്കറ്റിലിലുള്ള കമ്പനിയിൽ കൊത്തുപണി മേഖലയിൽ തന്നെ 10 പത്ത് വർഷത്തിനു ശേഷം 2000 ത്തിൽ നാട്ടിൽ തിരിച്ചെത്തിയ സതീഷ്കുമാർ പിന്നീടിങ്ങോട്ട് 36 വർഷമായി ഈ മേഖലയിൽ തൻ്റെ പ്രാഗൽഭ്യം തെളിയിച്ചു കൊണ്ട് തുടരുന്നുണ്ട്. കുമിഴ്, തേക്ക് ,വീട്ടി എന്നീ മരങ്ങളിലാണ് പ്രധാനമായും സതീഷ് കുമാർ ഇതിനായി ഉപയോഗിക്കുന്നത്.
രണ്ടാമൂഴം.
വായനയുടെ മാസ്മരികത എന്നു പറഞ്ഞാൽ ശരിക്കും ഇതാണ്. അതിലെ കഥാപാത്രങ്ങൾ താനും തനിക്കു ചുറ്റുമുള്ളവരുമായി പരിണമിക്കപ്പെടുക. അവരുടെ ചിന്തകളും ഭാവങ്ങളുമെല്ലാം സ്വയം അനുഭവിക്കുക. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതിയായി മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കുക. എം.ടി.യുടെ ‘രണ്ടാമൂഴ’ത്തിൻ്റെ വായന സതീഷ് കുമാറിൻ്റെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവായി. ഭീമൻ എന്ന കഥാപാത്രത്തിന് മോഹൻലാലിൻ്റെ രൂപഭാവങ്ങളുമായി എന്തോ എവിടെയോ ഒരു സാമ്യം. അങ്ങനെ ഏകദേശം എട്ടുവർഷം മുമ്പ് ഒരു ക്യാപ്ഷൻ പോലെ ഭീമനും, ദ്രൗപതിയും, ഹിഡുബിയും ചേർന്നുള്ള ശിൽപങ്ങൾ ഒറ്റ ബാക്ക് ഗ്രൗണ്ടിൽ ചെയ്യുകയും മോഹൻലാലിന് നൽകുകയും ചെയ്തു. പിന്നീട് ഏതാനും വർഷം കഴിഞ്ഞ് കല്യാണ സൗഗന്ധികം (പ്രണയാർദ്രനായ ഭീമൻ) പൂർണ്ണമായും മോഹൻലാലിലൂടെയാണ് ഭീമനെ അവതരിപ്പിക്കുന്നത്. ഭീമൻ കല്യാണ സൗഗന്ധികം പൂവ് മണപ്പിച്ച് അത് ദ്രൗപതിക്ക് കൊടുക്കുന്ന സമയത്ത് അദ്ദേഹത്തിലുണ്ടാകുന്ന പ്രണയഞ്ചാരത്തെ അപ്പാടെ പതിഫലിപ്പിക്കുന്ന വിധമാണ് ആ ശിൽപത്തിൻ്റെ രൂപ കൽപ്പന.
ശിൽപങ്ങൾ കഥ പറയുന്നു….
ഏതൊരു ശിൽപിയും ആഗ്രഹിക്കുന്നതാണ് എന്ത് ചെയ്യുമ്പോഴും സ്വന്തമായൊരു കയ്യൊപ്പ് ചാർത്തുക എന്നത്. സതീഷ് കുമാറിൻ്റെ ശിൽപങ്ങളും അതത് കാലഘട്ടങ്ങളിലെ കഥ പറയുന്നതും യാദൃശ്ചികമല്ല. അതൊരു വിരുതാണ്. കലാകാരന് മാത്രം ചെയ്യാൻ കഴിയുന്ന ഒന്ന്.കുമളി മരത്തിൽ എട്ട് മാസം കൊണ്ട് കൊത്തിയെടുത്ത “അനന്തശയനം.” ഭൂമിദേവി, ലക്ഷ്മിദേവി തുടങ്ങി പത്തവതാരങ്ങളും ചേർന്നിട്ടുള്ള ശിൽപം ഈ വർഷത്തെ നാഷണൽ അവാർഡിനായി പരിഗണിക്കപ്പെട്ടതാണ്.
ഫ്രാൻസീസ് മാർപ്പാപ്പക്ക് സമർപ്പിക്കാൻ വേണ്ടി നിർമ്മിച്ച രണ്ട് ഇഞ്ച് വീതിയും ,ഒരിഞ്ച് ഉയരവുമുള്ള ഏറ്റവും ചെറിയ ‘നാനോ ലാസ്റ്റ് സപ്പർ’ പന്ത്രണ്ട് ശിഷ്യന്മാരും ക്രിസ്തുവും). മൂന്നടി ഉയരത്തിൽ കൊത്തിയെടുത്ത പെരുന്തച്ഛൻ ഏറെ ശ്രദ്ധിക്കപ്പെട്ട ശിൽപമാണ്.നാലടി ഉയരമുളള നടരാജ വിഗ്രഹം. അമേരിക്കയിലെ ഹരേ കൃഷ്ണ ക്ഷേത്രത്തിലെ കൊത്തു പണികൾ. തുടങ്ങി നിരവധി ശിൽപങ്ങൾ സതീഷിൻ്റെ കരവിരുതിൻ്റെ മികവ് തെളിയിച്ചതാണ്.
ആശയശിൽപങ്ങളുടെ ശിൽപി.
വാർദ്ധക്യം തടവിലാക്കപ്പെടുന്നതിൻ്റെ യാഥാർത്ഥ്യത്തെ ആശയ സമ്പുഷ്ടമാക്കി സതീഷിൻ്റെ ‘ഇൻസൈഡ് ഔട്ട്സൈഡ്’ എന്ന ശിൽപം. അത് അനാദികാലത്തിൻ്റെ വാർദ്ധക്യത്തിൻ്റെ അവസാനിക്കാത്ത ആകുലതകളാണ്. ജീർണ്ണിച്ച ജനൽവാതിലുകൾക്കുള്ളിൽ നിന്നും പുറത്തേക്കു തെളിയുന്ന കണ്ണുകൾ, ഈന്നുവടി പിടിച്ച കൈകളും പുറത്താണ്. സംരക്ഷണം എന്നു പറയുന്നത് വെറുമൊരു കാഴ്ചയായി മാറുന്ന വലിയൊരു ആശയത്തെയാണ് സതീഷിൻ്റെ ‘ഇൻസൈഡ് ഔട്ട് സൈഡ്’ പറയുന്നത്. ഏറെ ജനശ്രദ്ധ നേടിയ സതീഷിൻ്റെ മറ്റൊരു ശിൽപമാണ് ‘ടീപ്പ്’ അത് നൽകുന്ന രാഷ്ട്രീയമാനം വളരെ വലുതാണ്. ഏറ്റവും ഉയരത്തിൽ നിന്നും അഗാതമായ താഴ്ച്ചയിലേക്കു നോക്കുന്ന ഒരാൾ. അയാൾക്ക് കഴുത്തിനു മുകളിൽ തലയില്ല.വിചിത്രമായി തോന്നാം. ഉയരം എപ്പോഴും അധികാരവർഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത്. തലയില്ലാത്ത, മനസ്സാക്ഷിയും, മസ്തിഷ്ക്കവും ഇല്ലാത്ത അധികാരപ്പെട്ടവർ താഴെത്തിട്ടിലുള്ള ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ പോകുന്നില്ല. അവർ സാധാരണ ജനങ്ങളോട് കാണിക്കുന്ന വലിയൊരു അനാസ്ഥയാണ് ഈ ശിൽപത്തിലൂടെ ശിൽപി വിഭാവനം ചെയ്യുന്നത്. ഇങ്ങനെ ആശയങ്ങളിൽ നിന്നും ആശയങ്ങളിലേക്ക് സഞ്ചരിക്കുന്നതാണ് സതീഷ് കുമാറിൻ്റെ ഒട്ടുമിക്ക ശിൽപങ്ങളും
വിസ്മയിപ്പിച്ച് വിസ്മയം.
മരത്തിൽ കൊത്തിയെടുത്ത രൂപങ്ങൾക്കപ്പുറം, കാലത്തെയും മനുഷ്യനെയും സമൂഹത്തെയും ഒരുപോലെ ചോദ്യം ചെയ്യുന്നവയാണ് സതീഷ് കുമാറിന്റെ ശിൽപങ്ങൾ. പാരമ്പര്യത്തിന്റെ വേരുകൾ മുറിക്കാതെ നവീനതയുടെ ആകാശം തേടുന്ന ഈ കരവിരുത്, ചേർപ്പിന്റെ മണ്ണിൽ നിന്നുയർന്ന് ലോകവേദിയിൽ സ്വന്തം ഭാഷ കണ്ടെത്തുന്നു. മാപ്രാണത്ത് വിസ്മയം വുഡൻ സ്റ്റോറീസ് എന്ന കൊത്തുപണി സ്ഥാപനം നടത്തുന്ന സതീഷ് കുമാറിൻ്റെ ഒട്ടുമിക്ക ശിൽപങ്ങളും ഇവിടെ ലഭ്യമാണ്. അനുജൻ സജീവ് കുമാറും പ്രഗത്ഭനായൊരു ശിൽപിയാണ്. ഭാര്യ – പ്രിയ, മക്കൾ – വിസ്മയ ,ഭരത് ചന്ദ്രൻ.
