വനം: ജൈവ വൈവിധ്യ കലവറ. ശശികുമാർ ചേളന്നൂർ
(പരിസ്ഥിതി പ്രവർത്തകൻ)
കാടില്ലാതെ നാടില്ല എന്നാണ് ഓരോ വനദിനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആദിമ ഗോത്ര സംസ്കൃതിയുടെ ആത്മാവ് ഈ കാടും ഇവിടുത്തെ ജീവനുകളുമാണ്. എന്നാല്‍ സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് ഒരോ ചെറുജീവികളും അഭിമുഖീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലുകളും അനുദിനം കാടിനെ ചെറുതാക്കുന്നു. കാടുനിറയെ അതീജിവനത്തിന്റെ അവസാന ശ്രമങ്ങളാണ്. ഒരോ ഇലയനക്കങ്ങളും ഒരോ മുന്നറിയിപ്പുകളാണ്.
ഇന്ന് വനനശീകരണം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആണെന്നു പറയാം. പല ആവശ്യങ്ങള്‍ക്കായി മരം അനുമതിയോടെയും അല്ലാതെയും മുറിച്ചു മാറ്റപ്പെടുന്നുണ്ട്. ഒരോ വര്‍ഷവും 13 മില്യണ്‍ ഹെക്ടര്‍ വനങ്ങളാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വന നശീകരണമാണ് 12 മുതല്‍ 20 ശതമാനം വരെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നത്.
1990 ന് ശേഷം മാത്രം 42 കോടി ഹെക്ടർ നിബിഡ വനം നശിച്ചുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഓരോ സെക്കൻഡിലും ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന് തുല്യമായ വിസ്തൃതിയിലുള്ള കാട് നശിക്കുന്നു ഗ്ലോബൽ ഫോറസ്റ്റ് വാച്ച് റിപ്പോർട്ട് പ്രകാരം 2022ൽ ലോകത്താകെ വനനശീകരണം 31% വർധിച്ചു തെക്കുകിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലാണ് വനനശീകരണം ആശങ്കാജനകമാം വിധം വർധിക്കുന്നത്.
ഭൂമിയിലെ ബഹുഭൂരിപക്ഷം ജൈവ വൈവിധ്യത്തിന്റെയും ഉറവിടമാണ് കാടുകൾ. ഏകദേശം 175 കോടി ജനങ്ങൾ അവരുടെ ഭക്ഷണം, താമസം, ഊർജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വന നശീകരണത്തിന്റെ തോത് വളരെയധികം ഭീതിയുണർത്തുന്നതാണ്.
ആഗോളതലത്തിൽ വനനശീകരണം വർധിക്കുമ്പോഴും രാജ്യത്തു വനവിസ്തൃതി വർധിക്കുകയാണെന്നു പഠനം തെളിയിക്കുന്നു. ലോകത്തിലെ ആകെ വനവിസ്തൃതിയുടെ ഏകദേശം 2% വരുന്ന ഇന്ത്യ മൊത്തം വനവിസ്തൃതിയിൽ 9-ാം സ്ഥാനത്താണ്. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ISFR) 2023 പ്രകാരം, ഇന്ത്യയുടെ മൊത്തം വനവിസ്തൃതി 7,15,343 ചതുരശ്ര കിലോമീറ്ററാണ്, ഇത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 21.76% ആണ്. ഉഷ്ണമേഖലയില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ രാജ്യത്തിന്‍റെ കരഭൂമിയുടെ 33 ശതമാനമെങ്കിലും വനപ്രദേശമായിരിക്കണമെന്നാണ് കണക്ക്. ഇന്ത്യയുടെ ആകെ വനവിസ്തൃതിയായ 6,77,088 ചതുരശ്ര കിലോ മീറ്ററില്‍ 54,569 ച.കി.മീ നിബിഡവനമാണ്.
ഇന്ത്യയുടെ കണ്ടൽക്കാടുകളുടെ വിസ്തൃതി ഏകദേശം 4,992 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചിരിക്കുന്നു, പ്രധാനമായും ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ്.
ഇന്ത്യയിൽ 106 ദേശീയ ഉദ്യാനങ്ങൾ, 573 വന്യജീവി സങ്കേതങ്ങൾ, 115 സംരക്ഷണ കേന്ദ്രങ്ങൾ, 220 കമ്മ്യൂണിറ്റി റിസർവുകൾ എന്നിവയുണ്ട്, ഇവ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നുണ്ട്.
ഇന്ത്യയുടെ വനമേഖലയിൽ കേരളം ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ ഏകദേശം 54% മുതൽ 55% വരെ വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു, ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഉയർന്ന സാന്ദ്രതയുള്ള വനമേഖലയാണ് സംസ്ഥാനം, കൂടാതെ വനമേഖലയിൽ സ്ഥിരമായി ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, രേഖപ്പെടുത്തിയ വനവിസ്തൃതി 11,500 ചതുരശ്ര കിലോമീറ്ററിൽ കൂടുതലാണ്.അയൽസംസ്ഥാനമായ തമിഴ്നാടിനെ അപേക്ഷിച്ച് പത്തിരട്ടിയോളമാണ് കേരളത്തിന്റെ വർധന.
രാജ്യത്ത് കണ്ടൽക്കാടുകളുടെ വിസ്ത്യതി നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് കണ്ടൽക്കാടുകൾ കൂടിയത്. കേരളത്തിൽ കണ്ടൽക്കാട് 9 ച കി മീറ്ററാണ്. കൂടുതൽ കണ്ണൂർ (6.24%), എറണാകുളം (1.82%) കാസർകോട് (0.84%) ജില്ലകളിലാണ്.
തോട്ടങ്ങളുടെ വ്യാപനവും
വനസംരക്ഷണ പ്രവർത്തനങ്ങളുമാണ് കേരളത്തിൽ വനസമ്പത്ത് വർധിക്കാൻ കാരണമെന്ന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ രേഖപ്പെടുത്തപ്പെട്ട വനവിസ്തൃതി 11,309 ചതുരശ്ര കിലോമീറ്റർ ആണ്. ഇതു മൊത്തം ഭൂവിസ്തൃതിയുടെ 29 10 ശതമാനമാണ്.
നിബിഡ വനമേഖലയിൽ കേരളത്തിൽ കാര്യമായ വർധന മുൻ റിപ്പോർട്ടിൽ 1663 ച.കി.മീ ആയിരുന്നു നിബിഡ വനമെങ്കിൽ ഇപ്പോഴത് 1935 ച.കി.മീ ആയി. 9508 ച.കി.മീ. പ്രദേശം മധ്യതല നിബിഡ വനവും 901 ച.കി.മീ. പ്രദേശം തുറസ്സായ വനപ്രദേശത്തിന്റെ ഭാഗവുമാണ്. കുറുങ്കാട് 13 ച.കി.മീ.
2012 നവംബർ 28നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനം വനദിനം എന്ന ആശയത്തിന് രൂപം നൽകിയത്. ഇത് പ്രകാരം എല്ലാ വർഷവും മാർച്ച് 21ന് വേൾഡ് ഫോറെസ്റ്ററി ഡേ എന്ന് ആചരിച്ചു വരുന്നു.
ഓരോ വർഷവും പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യം. 2026ലെ സന്ദേശം, വനങ്ങളും സമ്പദ് വ്യവസ്ഥയും എന്നാണ്.
സമഗ്രമായ സമീപനത്തോടു കൂടെ മാത്രമേ വനസംരക്ഷണവും വികസനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. ഇതിനായി നിലവിലുള്ള പല നയങ്ങളും നമുക്ക് പുനർവിചിന്തനം നടത്തേണ്ടതായും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതായി വരികയും ചെയ്യും. കൃത്യമായ ഭരണ നിർവ്വഹണത്തിലൂടെയും വിവിധ മേഖലകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും തനത് ജനതയുടെ അറിവുകളിലൂടെയും നൂതന ആശയങ്ങളിലൂടെയും നമുക്ക് പ്രകൃതിയുമായുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കാം. അതു വഴി നമുക്ക് വനത്തെയും ജൈവ വൈവിധ്യത്തെയും ഭാവിതലമുറകൾക്കു വേണ്ടിയും കൂടെ സംരക്ഷിക്കാം

