തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തിലേക്ക് നീങ്ങാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, മുന്നണികൾ നാളെ പരസ്യപ്രചാരണത്തിന് വിരാമമിടും. നാളെ വൈകിട്ട് നടക്കുന്ന ആവേശകരമായ കലാശക്കൊട്ടോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പ്രചാരണം കൊഴുപ്പിക്കാനായി പ്രമുഖ ദേശീയ നേതാക്കളെല്ലാം ഇന്ന് കേരളത്തിലുണ്ട്.
ബിജെപിയുടെ 47-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലിയാണ്ടർ പേസ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും എൻഡിഎക്കായി വോട്ടഭ്യർത്ഥിക്കാൻ തലസ്ഥാനത്തുണ്ട്. അതേസമയം, അവസാന മണിക്കൂറിൽ വമ്പൻ റോഡ് ഷോകളിലൂടെ കളം പിടിക്കാനാണ് യുഡിഎഫ് നീക്കം. വട്ടിയൂർക്കാവ് മണ്ഡലം സ്ഥാനാർത്ഥി കെ. മുരളീധരനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റോഡ് ഷോയിൽ പങ്കുചേരും.
മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. ‘ഡീൽ’ വിവാദങ്ങളിൽ തുടങ്ങി, കോൺഗ്രസ് പിരിച്ച വയനാട് ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങളും കണ്ണൂരിലെ വ്യാജ ആധാർ കാർഡ് നിർമ്മാണ പരാതികളും പ്രചാരണരംഗത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികൾ ഓരോ വോട്ടറെയും നേരിൽക്കണ്ട് പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിലാണ്. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ഒരുവശത്ത് ചർച്ചയാകുമ്പോഴും, കേരളത്തിലെ വികസനവും വിവാദങ്ങളും മുൻനിർത്തി വോട്ടുതേടാനാണ് മുന്നണികളുടെ ശ്രമം. നാളെ വൈകിട്ടോടെ നാടൊട്ടുക്കും കൊടിതോരണങ്ങളുമായി കലാശക്കൊട്ട് അരങ്ങേറുന്നതോടെ പ്രചാരണത്തിന്റെ ആവേശകരമായ ഒരു ഘട്ടം കൂടി പൂർത്തിയാകും.

