വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധ സാഹചര്യത്തിൽ ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നാരോപിച്ച് നാറ്റോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഇറാനെ നേരിടാൻ അമേരിക്കയ്ക്ക് സൈനിക സഹായം നൽകാൻ നാറ്റോയും സഖ്യകക്ഷികളും തയ്യാറായില്ലെന്നാണ് ട്രംപിന്റെ ആരോപണം.
വിഷയത്തിൽ ഇടപെടണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ലെന്ന് പറഞ്ഞ ട്രംപ്, നാറ്റോയ്ക്കായി അമേരിക്ക വർഷംതോറും നൂറുകണക്കിന് ബില്യൺ ഡോളർ ചെലവഴിക്കുന്നുവെന്നും എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കയ്ക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും വിമർശിച്ചു. ഇനി മുതൽ നാറ്റോയ്ക്ക് അമേരിക്ക നൽകുന്ന സാമ്പത്തിക സംഭാവനകൾ നിർത്തിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “നമ്മൾക്കായി ഒന്നും ചെയ്യുന്നില്ലെങ്കിൽ എന്തിന് നമ്മൾ അവർക്കായി ചെലവഴിക്കണം” എന്നും ട്രംപ് ചോദിച്ചു.
അതേസമയം, അമേരിക്ക പ്രഖ്യാപിച്ച പത്ത് ദിവസത്തെ താത്കാലിക വെടിനിർത്തൽ നിലനിൽക്കുന്നതിനിടെയും ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തി. ഇറാന്റെ ആണവ കേന്ദ്ര പ്രദേശമായ അർഡാക്കൻ യെല്ലോകേക്ക് പ്ലാന്റിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവത്തിൽ ആണവ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ അറിയിച്ചു.
ഇതിനിടെ, ഇറാന്റെ ഊർജവും ആണവ നിലയങ്ങളും ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും ആക്രമണം ശക്തിപ്പെടുത്തുന്നതായി ആരോപിച്ച് ഇറാൻ മുന്നറിയിപ്പ് നൽകി. “ഇത് തീക്കളിയാണ്; വലിയ വില നൽകേണ്ടിവരും” എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ യുഎസിനെയും ഇസ്രയേലിനെയുംതിരെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

