വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായി വ്യക്തമാക്കിയ ട്രംപ്, ഇറാൻ ഭരണകൂടവുമായി ചർച്ചകൾക്ക് തയ്യാറാണെന്നും തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഇറാനെതിരായ യുദ്ധത്തിൽ നിന്ന് അമേരിക്ക പിന്മാറുന്നതിന്റെ വ്യക്തമായ സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുപക്ഷത്തെ പൂർണ്ണമായും തകർക്കുന്ന ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ട്രംപിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടും ട്രംപ് നിർണ്ണായകമായ നിലപാട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ തന്നെ അതിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഈ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ അയക്കാൻ മടിക്കുന്ന നാറ്റോ (NATO) സഖ്യകക്ഷികളുടെ നിലപാടിനെ ‘ഭീരുത്വം’ എന്നാണ് ട്രംപ് വിമർശിച്ചത്. ചരക്കുനീക്കം നടത്തുന്ന രാജ്യങ്ങൾ തന്നെ കടലിടുക്കിന്റെ സുരക്ഷാ ഉത്തരവാദിത്തം പങ്കിടണമെന്നും അമേരിക്കയുടെ മാത്രം ബാധ്യതയല്ല ഇതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ട്രംപിന്റെ പുതിയ നിലപാട് പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ നിർണ്ണായകമായ അയവു വരുത്തുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.

