Home Keralaക്ഷേമ പെൻഷൻ 3,000 രൂപ, സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വിപുലമായ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക

ക്ഷേമ പെൻഷൻ 3,000 രൂപ, സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വിപുലമായ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക

by news_desk
0 comments

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനത്തിനൊപ്പം സാധാരണക്കാരെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യമിട്ടുള്ള ഒട്ടനവധി ക്ഷേമപദ്ധതികളാണ് പത്രിക മുന്നോട്ടുവെക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരന്റി’ പദ്ധതികൾക്ക് പുറമെ കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് യുഡിഎഫ് നേതൃത്വം അവതരിപ്പിച്ചത്.

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നതാണ് പത്രികയിലെ ശ്രദ്ധേയമായ ഒരു വാഗ്ദാനം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ പഠനസഹായം നൽകും. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായം ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും. കാരുണ്യ ബെനവലന്റ് ഫണ്ട് ഉൾപ്പെടെ മുൻപ് യുഡിഎഫ് സർക്കാർ കാര്യക്ഷമമായി നടപ്പിലാക്കിയ ചികിത്സാ സഹായ പദ്ധതികൾ പുനരാരംഭിക്കുമെന്നും ഇവ സംയോജിപ്പിച്ച് ‘ഉമ്മൻചാണ്ടി കാരുണ്യ പദ്ധതി’ എന്ന പേരിൽ നടപ്പിലാക്കുമെന്നും പത്രികയിൽ പറയുന്നു.

യുവാക്കൾക്കായി കുടുംബശ്രീ മാതൃകയിൽ ‘യുവശ്രീ’ സംഘങ്ങൾ രൂപീകരിക്കും. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി മുൻപ് നടപ്പിലാക്കിയ ‘ആശ്രയ’ പദ്ധതി പരിഷ്കരിച്ച് ‘നവ ആശ്രയ’ എന്ന പേരിൽ നടപ്പിലാക്കും. സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകൾ ആരംഭിക്കുമെന്നും അർഹരായവർക്ക് സൗജന്യ റേഷൻ ഉറപ്പാക്കുമെന്നും വാഗ്ദാനമുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും തൊഴിൽ ദിനങ്ങളും വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും.

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കും. വയോജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ അംഗീകൃത പഞ്ചായത്ത് വോളണ്ടിയർമാരെ നിയമിക്കും. ഭിന്നശേഷിക്കാർക്ക് നിലവിലെ പെൻഷനേക്കാൾ 25 ശതമാനം തുക അധികം നൽകും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി പിഎസ് സി സംവരണവും പാർപ്പിട പദ്ധതിയും ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് നടപ്പിലാക്കും. സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് പത്രിക വ്യക്തമാക്കുന്നു.

ആശ വർക്കർമാരുടെ ദിവസവേതനം 700 രൂപയായി ഉയർത്തും. ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ, വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, മാരിടൈം വികസനത്തിനായുള്ള മിഷൻ സമുദ്ര എന്നിവയാണ് പത്രികയിലെ മറ്റ് പ്രധാന സ്വപ്ന പദ്ധതികൾ. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഈ പ്രകടനപത്രികയിലൂടെ ഭരണത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന എൽഡിഎഫിന് ശക്തമായ ബദൽ ഉയർത്താൻ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

You may also like