Home Top Storiesപശ്ചിമേഷ്യയിൽ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിർത്തൽ കരാറിലെത്തിയെന്ന് ഡോണൾഡ് ട്രംപ്

പശ്ചിമേഷ്യയിൽ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിർത്തൽ കരാറിലെത്തിയെന്ന് ഡോണൾഡ് ട്രംപ്

by news_desk
0 comments

വാഷിംഗ്ടൺ: മാസങ്ങളായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് താല്ക്കാലിക വിരാമം. ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കരാറിന്റെ തുടർച്ചയായി വരുന്ന വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമാബാദിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കും.

പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട പത്ത് നിർദ്ദേശങ്ങൾ സമാധാന ചർച്ചകൾക്ക് പ്രായോഗികമായ അടിത്തറയാണെന്ന് ട്രംപ് വിലയിരുത്തി. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി വെടിനിർത്തൽ കരാറിന് ഔദ്യോഗികമായി അംഗീകാരം നൽകി. കരാർ പ്രകാരം അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. മിക്ക തർക്കവിഷയങ്ങളിലും ധാരണയായതായും രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ അന്തിമമാക്കാൻ കഴിയുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ഇസ്രായേലും വെടിനിർത്തലിന് വഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇറാന്റെ സൈനിക താവളങ്ങൾ ഇപ്പോഴും തങ്ങളുടെ ലക്ഷ്യത്തിലാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇസ്രായേൽ, തികഞ്ഞ അതൃപ്തിയോടെയാണ് ഈ നീക്കങ്ങളെ വീക്ഷിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 92 ഡോളറായി താഴ്ന്നു. അതേസമയം, സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും സൗദി, കുവൈത്ത്, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ ഇന്നലെയും ആക്രമണശ്രമങ്ങൾ ഉണ്ടായതായാണ് വിവരം.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുന്നതിനിടെ പുറത്തുവന്ന ഈ ആഗോള സമാധാന വാർത്ത പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പശ്ചിമേഷ്യൻ സംഘർഷം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുന്ന സാഹചര്യത്തിൽ, ഈ പുതിയ നീക്കം ഗൾഫ് മേഖലയിലെ മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷകൾക്ക് വഴിവെച്ചിട്ടുണ്ട്.

You may also like