Home Internationalഇറാനെതിരെ സമ്പൂർണ്ണ വിജയം; അവരെ ശിലായുഗത്തിലേക്ക് തള്ളിയിട്ട ശേഷം യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഇറാനെതിരെ സമ്പൂർണ്ണ വിജയം; അവരെ ശിലായുഗത്തിലേക്ക് തള്ളിയിട്ട ശേഷം യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

by news_desk
0 comments

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്ക വൻ വിജയം കൈവരിച്ചതായും ഇറാന്റെ സൈനിക ശേഷി തകർത്തെതായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാവിലെ രാജ്യാന്തര സമയം ഒൻപത് മണിക്ക് (ഇന്ത്യൻ സമയം 6.40) രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്. ഇറാന്റെ നാവികസേനയെ പൂർണ്ണമായും തകർത്തു കഴിഞ്ഞു. ലോകരാജ്യങ്ങൾക്ക് ഭീഷണിയായിരുന്ന ഇറാന്റെ വെല്ലുവിളികൾ അമേരിക്കൻ ഇടപെടലിലൂടെ ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.

അടുത്ത രണ്ട് മൂന്ന് ആഴ്ചകൾ ദൗത്യത്തിൽ അതിനിർണ്ണായകമാണെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെ ശിലായുഗത്തിലേക്ക് മടക്കിയ ശേഷം മാത്രമേ സൈനിക നടപടി അവസാനിപ്പിക്കൂ. നിലവിൽ ഇറാൻ സമാധാന കരാറുകൾക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ അവരുടെ ഊർജ്ജനിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജനതയുടെയും കുട്ടികളുടെയും സുരക്ഷിതമായ ഭാവി ഉറപ്പാക്കാനാണ് ഈ യുദ്ധമെന്നും ഇറാനെ ആണവായുധം നിർമ്മിക്കുന്നതിൽ നിന്ന് തടയുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഹോർമൂസ് കടലിടുക്കിലെ ഉപരോധം തകർക്കാൻ മറ്റ് രാജ്യങ്ങൾ ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, അമേരിക്കൻ ജനതയ്ക്കായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുറന്ന കത്തെഴുതി. തങ്ങൾക്ക് അമേരിക്കൻ ജനതയോട് ശത്രുതയില്ലെന്നും തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ചെയ്യുന്ന പാരമ്പര്യം ഇറാന് ഇല്ലെന്നും അമേരിക്കയുടെ സൈനിക നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്നും മസൂദ് പെസഷ്കിയാൻ കത്തിൽ ചൂണ്ടിക്കാട്ടി. ഇറാന്റെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടായിട്ടാണ് അമേരിക്ക ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

You may also like