Home Internationalപശ്ചിമേഷ്യയിലേക്ക് 7,000 സൈനികരെ കൂടി അയക്കാൻ അമേരിക്ക; സമാധാന ചർച്ചകൾക്കിടയിലും പടയൊരുക്കം

പശ്ചിമേഷ്യയിലേക്ക് 7,000 സൈനികരെ കൂടി അയക്കാൻ അമേരിക്ക; സമാധാന ചർച്ചകൾക്കിടയിലും പടയൊരുക്കം

by news_desk
0 comments

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ മേഖലയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ഉത്തരവിട്ടു. ലോകത്തെവിടെയും 18 മണിക്കൂറിനുള്ളിൽ വിന്യസിക്കാൻ ശേഷിയുള്ള ‘ഇമ്മീഡിയറ്റ് റെസ്‌പോൺസ് ഫോഴ്സി’ലെ 2000 സൈനികരെയാണ് അടിയന്തരമായി അയക്കുന്നത്. ഇതിനു പുറമെ, യുഎസ്എസ് ട്രിപ്പോളി ഉൾപ്പെടെയുള്ള പടക്കപ്പലുകളിലായി 4500 സൈനികർ കൂടി വെള്ളിയാഴ്ചയോടെ പശ്ചിമേഷ്യയിലെത്തും. നിലവിൽ മേഖലയിലുള്ള 50,000 സൈനികർക്ക് പുറമെയാണ് പുതിയ വിന്യാസം. ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കാനോ ഹോർമൂസ് കടലിടുക്കിലെ ഉപരോധം ബലം പ്രയോഗിച്ച് നീക്കാനോ ആണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം, സൈനിക നീക്കങ്ങൾക്കിടയിലും നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ 15 ഇന സമാധാന പദ്ധതിയാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് തനിക്ക് ഉറപ്പുനൽകിയതായും എണ്ണ-പ്രകൃതിവാതക മേഖലയുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഒരു ‘സമ്മാനം’ തനിക്ക് ലഭിച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാൽ ട്രംപിന്റെ ഈ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫാഗരി രംഗത്തെത്തി. അമേരിക്കയുമായി നിലവിൽ ചർച്ചകൾ നടത്തുന്നില്ലെന്നും സമാധാന കരാറിൽ ഒപ്പിടുന്നത് വരെ ഹോർമൂസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം തുടരുമെന്നുമാണ് ഇറാന്റെ നിലപാട്. ഒരു വശത്ത് സമാധാന ചർച്ചകൾ നടക്കുമ്പോഴും മറുവശത്ത് സൈനിക ബലം വർദ്ധിപ്പിക്കുന്നത് മേഖലയെ കൂടുതൽ സ്ഫോടനാത്മകമായ സാഹചര്യത്തിലേക്ക് നയിക്കുകയാണ്.

You may also like