ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തു. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് പിന്നാലെ നടത്തിയ പ്രചാരണത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിനും അനുവദിച്ചതിലധികം ഉച്ചഭാഷിണികൾ ഉപയോഗിച്ചതിനുമാണ് വിജയ് ഉൾപ്പെടെ 500 പേർക്കെതിരെ പെരവല്ലൂർ പോലീസ് കേസെടുത്തത്. പെരമ്പൂർ മണ്ഡലത്തിൽ പത്രിക സമർപ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെയാണ് നിയമലംഘനം നടന്നതെന്ന് പോലീസ് അറിയിച്ചു. ഇത്തവണ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്.
തന്റെ സമ്പന്നമായ ജീവിതം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ജനങ്ങളെ ഒരിക്കലും വഞ്ചിക്കില്ലെന്നും പ്രഖ്യാപിച്ചാണ് വിജയ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ലഹരിമുക്തവും സ്വയംപര്യാപ്തവുമായ തമിഴ്‌നാട് കെട്ടിപ്പടുക്കുമെന്നും സർക്കാർ പരീക്ഷകൾ കൃത്യസമയത്ത് നടത്തുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. യുവജനക്ഷേമത്തിന്റെ ഭാഗമായി ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപയും ഡിപ്ലോമയുള്ളവർക്ക് 2000 രൂപയും ധനസഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് ഫലപ്രഖ്യാപനം ഉണ്ടാകും.
നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ ആസ്തി വിവരങ്ങളും വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 183.53 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ മൂല്യമുള്ള സ്ഥിര ആസ്തിയും ഉൾപ്പെടെ 500 കോടി രൂപയ്ക്ക് മുകളിലാണ് വിജയ്‌യുടെ ആകെ ആസ്തി. ഭാര്യ സംഗീതയുടെ പേരിൽ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്. ഇതിൽ രണ്ട് കോടിയിലധികം രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളും രണ്ട് കിലോയിലധികം വെള്ളി ആഭരണങ്ങളും ഉൾപ്പെടുന്നു. ‘വിസിൽ’ ചിഹ്നത്തിലാണ് വിജയ് ഇത്തവണ മത്സരിക്കുന്നത്.

