തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ആരുടേയും വോട്ടുകൾ വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണങ്ങൾക്കിടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ ഇന്ന ആളുകൾ മാത്രം വോട്ട് ചെയ്താൽ മതി എന്ന് പറയാൻ സ്ഥാനാർത്ഥിക്കാവില്ലെന്നും അത് തീരുമാനിക്കേണ്ടത് വോട്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ കക്ഷികളെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ് പ്രധാനമെന്നും ചിലരുടെ വോട്ട് വേണ്ട എന്ന് പറയാൻ കഴിയില്ലെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
നേമത്ത് ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഡിഎഫ് ഡീൽ ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പ് നിലപാട് അവരോട് തന്നെ ചോദിക്കണമെന്നും വോട്ടിന് വേണ്ടി എൽഡിഎഫിന് അവസരവാദ നിലപാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നാടിന് ആപത്തായതിനാൽ എല്ലാക്കാലത്തും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിനെപ്പോലെ വർഗീയ പ്രസ്ഥാനങ്ങളോട് കൂട്ടുകൂടാൻ സിപിഐഎമ്മിനെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മാധ്യമങ്ങൾ പ്രത്യേക അജണ്ടയുമായാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നും കോൺഗ്രസിനെ പവിത്രമാക്കാനുള്ള നീക്കം നാട്ടുകാർ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തത്വാധിഷ്ഠിതമായ നിലപാടാണ് എൽഡിഎഫിന്റേതെന്നും എല്ലാ തരത്തിലുള്ള വർഗീയതയെയും പാർട്ടി എതിർക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വോട്ട് രാഷ്ട്രീയത്തെച്ചൊല്ലിയുള്ള വാക്പോര് തിരുവനന്തപുരത്ത് ശക്തമാകുകയാണ്.

