തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ലെന്നും മറിച്ച് ഇരട്ടത്താപ്പുള്ള ആളാണെന്നും സതീശൻ പരിഹസിച്ചു. ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം നിരന്തരം ഒളിച്ചോടുകയാണ്. ചോദ്യങ്ങൾ ചോദിക്കാൻ തങ്ങൾ മുഖ്യമന്ത്രിയുടെ വീട്ടിലല്ല പോകേണ്ടതെന്നും ജനാധിപത്യപരമായ വേദികളിൽ മറുപടി നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നിലവിൽ ഭരണമില്ലാത്ത അവസ്ഥയാണെന്നും നികുതിപ്പണം ഉപയോഗിച്ച് പി.ആർ. വർക്കിനായി കോടികൾ സർക്കാർ ധൂർത്തടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മൻചാണ്ടിയുടെ കാലത്ത് പെൻഷൻ മുടങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. പിണറായി വിജയൻ അധികാരത്തിൽ വന്നതോടെ റേഷൻ വിതരണം പോലും താളംതെറ്റി. ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയിരിക്കുകയാണ്. 50 വർഷം കൂടെ നടന്ന ജി. സുധാകരനെപ്പോലെയുള്ള മുതിർന്ന നേതാക്കളെപ്പോലും അധിക്ഷേപിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്. പാർട്ടിയിലെ വിധേയത്വം മടുത്തിട്ടാണ് പി.കെ. ശശിയെപ്പോലെയുള്ളവർ എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ‘അവൾക്കൊപ്പം’ എന്ന് എഴുതിയ ചായക്കപ്പും പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി യഥാർത്ഥത്തിൽ വേട്ടക്കാർക്കൊപ്പമാണെന്നും അദ്ദേഹം ആരോപിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിലെത്തിയ പി.കെ. ശശി വരും സഭയിലുണ്ടാകുമെന്നും അദ്ദേഹം മുന്നണിയുടെ അഭിമാനമാണെന്നും സതീശൻ പറഞ്ഞു. ശശിയുടെ ചിഹ്നത്തെ കൈപ്പത്തിയായി തന്നെ ജനങ്ങൾ കാണണം. കൊള്ളക്കാരുടെ സർക്കാരിനെതിരെ ജനങ്ങൾ ബാലറ്റിലൂടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

