Home Top Stories‘ആർഎസ്എസ് പിന്തുണയോടെ വിജയിച്ചത് പിണറായി; ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കൻ’: ആഞ്ഞടിച്ച് വി.ഡി. സതീശൻ

‘ആർഎസ്എസ് പിന്തുണയോടെ വിജയിച്ചത് പിണറായി; ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കൻ’: ആഞ്ഞടിച്ച് വി.ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിലുള്ള അമർഷമാണ് തനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആക്രോശങ്ങൾക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് രഹസ്യ ധാരണയുണ്ടെന്നും തൃശ്ശൂരിൽ ബിജെപിക്ക് വിജയസാധ്യതയൊരുക്കാൻ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് പിന്തുണയോടെ വിജയിച്ചത് താനല്ല, മറിച്ച് പിണറായി വിജയനാണെന്നും മസ്കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ആർഎസ്എസ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയ കാര്യങ്ങൾ പകൽപോലെ വ്യക്തമാണെന്നും സതീശൻ പരിഹസിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണക്കൊള്ളയുടെ ഉത്തരവാദിത്തം ധാർമ്മികമായി ഏറ്റെടുത്താൽ മാത്രം പോരെന്നും ഇതിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്നും സതീശൻ ആരോപിച്ചു. സ്വർണ്ണം മോഷ്ടിച്ചവർ ഇപ്പോഴും സി.പി.എം പാർട്ടി അംഗങ്ങളായി തുടരുകയാണ്. അവർക്കെതിരെ നടപടിയെടുത്താൽ മുൻ മന്ത്രിയുടെ പേര് പുറത്തുവരുമെന്ന ഭയമാണ് പാർട്ടി നേതൃത്വത്തിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസിന് യാതൊരു പങ്കുമില്ലെന്ന് സതീശൻ വ്യക്തമാക്കി. യുഡിഎഫ് നേതാക്കളെ കേസിൽ പ്രതിയാക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ വിജിലൻസ് തന്നെ തള്ളിക്കളഞ്ഞതാണ്. മോഷ്ടിച്ചവരെല്ലാം സി.പി.എമ്മുകാരാണെന്ന് തെളിഞ്ഞിട്ടും അവർക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അഴിമതിയും വർഗ്ഗീയ പ്രീണനവുമാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്നും ഇതിനെതിരെ ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

You may also like